വെള്ളാനകളുടെ സാമ്പത്തിക രാഷ്ട്രീയം

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ ആത്മഹത്യ വര്‍ധിച്ചതോടെ ഒടുവില്‍ പെന്‍ഷന്‍ വിതരണത്തിന് മുഖ്യമന്ത്രി തന്നെ നേരിട്ടിറങ്ങി. കോടികള്‍ ചെലവഴിച്ച് നിര്‍മിച്ചിട്ടും വര്‍ഷങ്ങളായി ശാപമോക്ഷം കിട്ടാതെ കിടക്കുന്ന തമ്പാനൂരിലെ ബസ് ടെര്‍മിനലില്‍ വച്ച് അത്യാഘോഷപൂര്‍വ്വം തന്നെ അദ്ദേഹം അതങ്ങ് നിര്‍വഹിച്ചു- പെന്‍ഷന്‍ കുടിശിക വിതരണത്തിന്റെ ഉദ്ഘാടന മഹോത്സവം! മാസം തോറുമുള്ള പെന്‍ഷന്‍ നല്‍കാന്‍ പോലും സര്‍ക്കാരിന്റെ കൈയില്‍ കാശില്ലെങ്കിലും കുടിശിക വിതരണം കെങ്കേമമായി തന്നെ ആഘോഷിച്ചതിന്റെ സംതൃപ്തിയിലാണ് മുഖ്യമന്ത്രിയും സഹകരണ വകുപ്പ് മന്ത്രിയായ കടകംപള്ളി സുരേന്ദ്രനും.
കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പെന്‍ഷന്‍ വിതരണം സംസ്ഥാനത്തെ സഹകരണ മേഖല സധൈര്യം ഏറ്റെടുത്തുകഴിഞ്ഞു. കേരള ബാങ്ക്് രൂപീകരിക്കപ്പെടുന്നതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ബാങ്കാകുകയെന്ന നവയുഗ ബാങ്കിംഗ് സങ്കല്‍പ്പങ്ങളുമായി മുന്നേറാനൊരുങ്ങുകയാണ് ഈ മേഖല. അത് കേരളത്തിലെ സഹകരണ മേഖലയെ ഒന്നടങ്കം തകിടം മറിക്കുമെന്ന വിമര്‍ശനം സാമ്പത്തിക വിദഗ്ധര്‍ പല കോണുകളില്‍ നിന്നും ഉയര്‍ത്തിക്കഴിഞ്ഞു. അപ്പോഴാണ് പൊതുമേഖലയിലെ ഏറ്റവും വലിയ വെള്ളാനയായ കെ.എസ്.ആര്‍.ടി.സിയുടെ പെന്‍ഷന്‍ വിതരണം സഹകരണ മേഖല ഏറ്റെടുത്തിരിക്കുന്നത്. പൊതുമേഖലാ ബാങ്കുകളില്‍ പണയം വക്കാന്‍ ഇനി ഡിപ്പോകള്‍ ഇല്ലാത്തതിനാലാകാം സഹകരണ മേഖലയെ കയറിപ്പിടിച്ചതെന്നും പരിഹാസമുയര്‍ന്നിട്ടുണ്ട്്.
അഴിച്ചുപണി എന്നും എപ്പോഴും
പൊതുമേഖലയോടുള്ള പ്രേമം ഇടതുപക്ഷത്തിന് ഒരിക്കലും ഒഴിവാക്കാനാകില്ല. കാരണം തൊഴിലാളികളാണ് അതിന്റെ അടിത്തറ. ഇടതുപക്ഷം അധികാരത്തിലെത്തിയാല്‍ കുറഞ്ഞപക്ഷം വ്യവസായ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെയെങ്കിലും അഴിച്ചുപണിഞ്ഞ് നന്നാക്കാന്‍ ശ്രമിക്കും. പിന്നീട് വലതുപക്ഷം അധികാരത്തിലെത്തുന്നതോടെ അവരും വീണ്ടും എല്ലാത്തിനെയും അഴിച്ചുപണിയും. ഈ അഴിച്ചുപണിയും പൊളിച്ചടുക്കലും പതിറ്റാണ്ടുകളായി സംസ്ഥാനത്ത് തുടരുന്നൊരു പ്രക്രിയയാണ്. നയങ്ങളിലെ വ്യത്യാസമാണ് അതിന് കാരണമെന്ന് പറയാമെങ്കിലും വലതും ഇടതും ഉള്‍പ്പെടെ എല്ലാവരും ഒരുപോലെ മേഞ്ഞ് നടക്കാനിഷ്ടപ്പെടുന്നൊരു പുല്‍മേടാണത്. കാരണം പൊതുമേഖലയുടെ സാമ്പത്തിക രാഷ്ട്രീയ വശങ്ങളും വിനിമയങ്ങളുമൊക്കെ അത്രത്തോളം ശക്തമാണ്. പര്‍ച്ചേസ്, മെയ്ന്റനന്‍സ്, സപ്ലൈ, കോണ്‍ട്രാക്ടുകള്‍ തുടങ്ങിയ വിവിധ ഇടപാടുകളിലൂടെ ലക്ഷങ്ങളും കോടികളുമാണ് രാഷ്ട്രീയക്കാരുടെയും ബ്യൂറോക്രസിയുടെയും ട്രേഡ് യൂണിയന്‍ നേതാക്കന്മാരുടെയും കൈകളിലേക്ക്് മറിയുന്നത്.
ജീവനക്കാരുടെ പെന്‍ഷന്‍ ബാധ്യത വഹിക്കാനാകാതെ വൈദ്യുതി ബോര്‍ഡ് പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് അതിന്റെ ചെയര്‍മാന്‍ തന്നെ ഈയിടെ വ്യക്തമാക്കിയിരുന്നു. കേരള വാട്ടര്‍ അഥോറിറ്റിയും വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങിക്കഴിഞ്ഞു.
അതേസമയം നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ 34 കോടി രൂപയുടെ ലാഭമുണ്ടാക്കിയിട്ടുണ്ടെന്ന് മാത്രമല്ല കെ.എം.എം.എല്‍ റെക്കോഡ് ലാഭം നേടുകയും ചെയ്തു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇവ 113 കോടിയുടെ നഷ്ടമാണുണ്ടാക്കിയത്. വ്യവസായ വകുപ്പിന് കീഴിലുള്ള കെല്‍, ടെല്‍ക്്, ഓട്ടോകാസ്റ്റ്് തുടങ്ങി അനേകം സ്ഥാപനങ്ങള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയിലാണെന്നതും നേട്ടമാണ്. എന്നാല്‍ എന്തുകൊണ്ടാണ് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സുസ്ഥിരമായൊരു വളര്‍ച്ചയുണ്ടാകാത്തത്? ഏത് സര്‍ക്കാര്‍ വന്നാലും തുടര്‍ച്ചയായി പ്രകടനം മെച്ചപ്പെടുത്താന്‍ അവയ്ക്ക് കഴിയാത്തതെന്താണ്? വമ്പന്‍ വെള്ളാനകള്‍ക്ക് വര്‍ഷംതോറും ബജറ്റിലൂടെ പണമൊഴുക്കുന്നത് കടുത്ത ധനപ്രതിസന്ധി നേരിടുന്ന കേരളത്തിന് ആശാസ്യകരമാണോ?
തീവെട്ടി കൊള്ളകള്‍ അവസാനിപ്പിക്കുക
രാജ്യത്തെ ചില പൊതുമേഖലാ ബാങ്കുകളിലും വന്‍ അഴിമതി നടക്കുന്നുവെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നു. സാമ്പത്തിക ഇടപാടുകളായതിനാല്‍ ബാങ്കിംഗ് മേഖലയിലെ തട്ടിപ്പ് ആയിരവും പതിനായിരവും കോടികളുടേതാണ്. നിര്‍ജീവമായ സര്‍ക്കാരുകള്‍, അഴിമതിക്കാരായ രാഷ്ട്രീയക്കാരും ബ്യൂറോക്രസിയും, കെടുകാര്യസ്ഥത നിറഞ്ഞ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍... ഇവയെല്ലാം വരുത്തിയ നഷ്ടം നികത്താന്‍ സാധാരണക്കാര്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം നല്‍കണമെന്ന വിചിത്രമായ സ്ഥിതിവിശേഷമാണ്് ഇന്നുള്ളത്്. കാട്ടിലെ തടി, തേവരുടെ ആന വലിയെടാ, വലിയെന്ന് ചിന്തിക്കുന്ന അഴിമതിക്കാരുടെ വംശനാശത്തിന് ഇനി അതികഠിനമായ, കാടന്‍ ശിക്ഷാനിയമങ്ങളിലേക്ക് പോയേ മതിയാകൂ. രാജ്യത്തിനും ജനങ്ങള്‍ക്കും അതുതന്നെയായിരിക്കും ഏറ്റവും അഭികാമ്യം.
രാഷ്ട്രീയ പ്രശ്‌നങ്ങളൊഴികെ പൊതുമേഖലയുടെ തകര്‍ച്ചയോ, ബാങ്കിംഗ് സംവിധാനത്തിലെ പോരായ്മകളോ ഒന്നുംതന്നെ സംസ്ഥാനത്തെയോ ഭരണപക്ഷത്തെയോ പ്രതിപക്ഷത്തെയോ അല്‍പ്പംപോലും അലോരസപ്പെടുത്തുന്നില്ല.
പകരം രാഷ്ട്രീയ ചരടുവലികളുടെ അലയൊലികളാണ് ഇപ്പോള്‍ തലസ്ഥാനത്ത് മുഴങ്ങുന്നത്. ഭരണത്തിന്റെ ശീതളഛായയിലേക്ക് കെ.എം.മാണി വിഭാഗത്തെ എത്തിക്കാനാണ് ശ്രമം. അതിനെ പൊളിക്കാന്‍ പ്രതിപക്ഷവും കച്ചകെട്ടുന്നു. കെ.എം.മാണി മന്ത്രിയായാല്‍ രണ്ട് സാമ്പത്തിക വിദഗ്ധരുള്ള ഒരു അപൂര്‍വ്വ സര്‍ക്കാരാകും ഇപ്പോഴത്തേത്. തികച്ചും വ്യത്യസ്ത നിലപാടുകളുള്ള ഇവര്‍ ഒരു വള്ളത്തിന്റെ തന്നെ രണ്ട് അമരത്തിരുന്ന് എതിര്‍ദിശകളിലേക്ക് തുഴയുമോ എന്നത് മാത്രമേ ഇനി കണ്ടറിയാനുള്ളൂ.
നഷ്ടത്തില്‍ മുങ്ങിയ പൊതുമേഖലാ സംരംഭങ്ങള്‍
ബ്യൂറോ ഓഫ് പബ്ലിക് എന്റര്‍പ്രൈസസിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആകെയുള്ള 97 പൊതുമേഖലാ സംരംഭങ്ങളില്‍ 49 എണ്ണവും നഷ്ടത്തിലാണെന്നാണ് കണക്ക്. 44 സ്ഥാപനങ്ങള്‍ ലാഭത്തിലായിരുന്നെങ്കിലും പൊതുമേഖല വരുത്തിയ മൊത്തം നഷ്ടം 3855 കോടി രൂപയുടേതാണ്. കെ.എസ്.ആര്‍.ടി.സി (1770 കോടി), കെ.എസ്.ഇ.ബി (1652 കോടി), വാട്ടര്‍ അഥോറിറ്റി (589 കോടി), സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ (125 കോടി) എന്നിവയാണ് ഏറ്റവും കൂടുതല്‍ നഷ്ടം വരുത്തിവച്ച സംരംഭങ്ങള്‍. കെ.എസ്.എഫ്.ഇ (262 കോടി), ബിവറേജസ് കോര്‍പ്പറേഷന്‍ (107 കോടി), കെ.എസ്.ഐ.ഡി.സി (34 കോടി) എന്നിവയാണ് ലാഭമുണ്ടാക്കിയവയില്‍ മുന്‍പന്തിയിലുള്ള സ്ഥാപനങ്ങള്‍.