ബ്രെക്‌സിറ്റ്: പുതിയ കരാറായി

ബ്രെക്‌സിറ്റില്‍ യുറോപ്യന്‍ യൂണിയനുമായി പുതിയ കരാറിലെത്തിയതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചു. ബ്രിട്ടനുമായി കരാറുണ്ടാക്കിയ വിവരം യൂറോപ്യന്‍ കമീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജന്‍ങ്കറും സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ബ്രിട്ടന് പ്രതീക്ഷയേകിക്കൊണ്ട് പൗണ്ടിനു വില ഉയര്‍ന്നു.
ബ്രസല്‍സില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് പുതിയ കരാറിന് രൂപം നല്‍കിയതെന്ന് ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. ശനിയാഴ്ച നടക്കുന്ന ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ സമ്മേളനം കരാറിന് അംഗീകാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. യുറോപ്യന്‍ യൂണിയനും ബ്രിട്ടനും ഒരു പോലെ ഗുണം ലഭിക്കുന്ന കരാറിനാണ് രൂപം നല്‍കിയിരിക്കുന്നതെന്നു ജീന്‍ ക്ലോഡ് ജന്‍ങ്കര്‍ അറിയിച്ചു.പുതിയ കരാര്‍ യുറോപ്യന്‍ യൂണിയനിലെ മറ്റ് അംഗരാജ്യങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും.
കരാറിലെത്തിയെങ്കിലും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സ്ഥിതിയില്‍ ബ്രെക്‌സിറ്റില്‍ ഏറെനാളായി നിലനില്‍ക്കുന്ന അനിശ്ചിതത്വം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ തുടരാനുള്ള സാധ്യതകള്‍ ഏറെയാണ്. അങ്ങനെ വന്നാല്‍ രാജിവച്ചൊഴിയുകയോ, ബ്രെക്‌സിറ്റിനായി യൂറോപ്യന്‍ യൂണിയനോട് വീണ്ടും കൂടുതല്‍ സമയം നീട്ടി ചോദിക്കുകയോ മാത്രമാകും ബോറിസ് ജോണ്‍സന്റെ മുന്നിലുള്ള വഴികള്‍. ഈ മാസം 31ന് തന്നെ ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ക്ക് തുടക്കമിടുന്നതിനാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രഥമപരിഗണന നല്‍കുന്നതെന്ന് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിനിടെ രാജ്ഞി പറഞ്ഞിരുന്നു.