രോഷാഗ്നിയില്‍ അസം; ഇന്ധന ഉല്‍പ്പാദനവും വിതരണവും നിലച്ചു
പൗരത്വ (ഭേദഗതി) നിയമത്തിനെതിരായ പ്രക്ഷോഭം രൂക്ഷമായതോടെ അസമില്‍ എണ്ണ, പ്രകൃതി വാതക ഉല്‍പാദനം നാമമാത്രമായി കുറഞ്ഞു.റീഫില്‍ ചെയ്ത ലക്ഷക്കണക്കിന് എല്‍പിജി സിലിണ്ടറുകളും ടാങ്കറുകളും ഓയില്‍ ടെര്‍മിനലുകളില്‍ കെട്ടിക്കിടക്കുന്നതു മൂലമുള്ള അപകട സാധ്യത വലുതാണെന്ന ഭയവും ഉദ്യോഗസ്ഥര്‍ പങ്കു വയ്ക്കുന്നു. അസമിലും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇന്ധന വിതരണം പൂര്‍ണമായി നിലയ്ക്കുന്ന സ്ഥിതിയാണ് ആസന്നമായിരിക്കുന്നത്.
രണ്ട് പ്രമുഖ പൊതുമേഖലാ ഇന്ധന നിര്‍മാതാക്കളായ ഓയില്‍ ഇന്ത്യ ലിമിറ്റഡും ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷനും (ഒഎന്‍ജിസി) അസമില്‍ വാതക ഉല്‍പാദനം പൂര്‍ണമായും നിര്‍ത്തിയതായി അറിയിച്ചു.ഓയില്‍ ഇന്ത്യയുടെ എണ്ണ ഉല്‍പാദനം 75 ശതമാനം കുറഞ്ഞു. ക്രൂഡ് ഓയില്‍ ഉല്‍പാദനം 9,000 ടണ്‍ ആയിരുന്നത് വെറും 1,000 ടണ്ണായി കുറഞ്ഞു. 400 ഓളം എണ്ണ, വാതക ഉല്‍പാദന കിണറുകളില്‍ 50 ഓളം കിണറുകള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
ഡിഗ്ബോയ് റിഫൈനറിയിലേക്കുള്ള പ്രതിദിന ക്രൂഡ് വിതരണം 1,800 ടണ്‍ ആയിരുന്നത് 800 ടണ്ണായി കുറച്ചു. നുമലിഗഡ് റിഫൈനറിയിലേക്കുള്ള വിതരണം പൂര്‍ണ്ണമായി നിര്‍ത്തി. ഡ്രില്ലിംഗും നിര്‍ത്തിവച്ചിരിക്കുകയാണ്.വിതരണ ഏജന്‍സികളായ നീപ്‌കോ, നമ്രൂപ് തെര്‍മല്‍, ബിസിപിഎല്‍, അസം ഗ്യാസ് കമ്പനി എന്നിവയിലേക്ക് ഗ്യാസ് അയയ്ക്കാന്‍ കഴിയുന്നില്ലെന്ന് ഓയില്‍ ഇന്ത്യ ലിമിറ്റഡും ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷനും അറിയിച്ചു. ആസാമിലെ മൂന്നാമത്തെ റിഫൈനറിയായ ബോംഗൈഗാവില്‍ നടന്നുവന്നിരുന്ന അറ്റകുറ്റപ്പണി നിര്‍ത്തിവച്ചിരിക്കുകയാണ്.
പ്രതിദിന എണ്ണ ഉല്‍പാദനം 2,200 ടണ്ണില്‍ നിന്ന് 1,650 ടണ്ണായി കുറഞ്ഞുവെന്ന് ഒഎന്‍ജിസി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ടിന്‍സുകിയ, ദിബ്രുഗഡ്, ശിവസാഗര്‍, ഗോലഘട്ട്, ജോര്‍ഹട്ട് ജില്ലകളിലെ വാഹന ഇന്ധന, എല്‍പിജി വിതരണം സാരമായി തടസപ്പെട്ടിരിക്കുകയാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ അറിയിപ്പില്‍ പറയുന്നു.ഇത്തരം ടാങ്കറുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായേക്കുമെന്ന ഭയവും സര്‍ക്കാരിനുണ്ട്.ദിവസവുമുളള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സഹകരിക്കണമെന്ന് മാധ്യമങ്ങളിലൂടെ ഓയില്‍ ഇന്ത്യ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline