സമ്പത്ത് 15.88 കോടിയായി ഉയർന്നെന്ന് രാഹുലിന്റെ സത്യവാങ്മൂലം

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്കുള്ളത് 15.88 കോടി രൂപയുടെ ആസ്തികൾ. വയനാട് ലോക്‌സഭാ സീറ്റിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്. 2014 ലെ തെരഞ്ഞെടുപ്പിൽ ആസ്തിയുടെ മൂല്യം 9.4 കോടി എന്നാണ് അദ്ദേഹം രേഖപ്പെടുത്തിയിരുന്നത്.

സത്യവാങ്മൂലത്തിലുള്ള മറ്റ് വിവരങ്ങൾ ഇവയാണ്: രാഹുൽ ഗാന്ധിക്ക് സ്വന്തമായി കാറില്ല. ബാങ്കിൽ നിന്നും മറ്റ് ധനകാര്യ സ്ഥാപങ്ങളിൽ നിന്നും എടുത്തിട്ടുള്ള വായ്പയായി 72 ലക്ഷം രൂപയുടെ കടമുണ്ട്.

5.8 കോടി രൂപയുടെ മൂവബിൾ അസറ്റുകളും ഇമ്മൂവബിൾ അസറ്റായി 10 കോടി രൂപയുടെ വസ്തുക്കളുമുണ്ട്. അഞ്ച് കേസുകളാണ് അദ്ദേഹത്തിനെതിരെയുള്ളത്.

കൈയ്യിൽ 40,000 രൂപയും ബാങ്കുകളിൽ ഡെപ്പോസിറ്റായി 17.93 ലക്ഷം രൂപയുമുണ്ട്. 5.19 കോടി രൂപയുടെ നിക്ഷേപങ്ങളും രാഹുലിനുണ്ട്. 333.3 ഗ്രാം സ്വർണം അദ്ദേഹത്തിന്റെ സമ്പാദ്യത്തിൽ ഉൾപ്പെടും.

കുടുംബസ്വത്തായി ലഭിച്ച ഡൽഹി സുൽത്താൻപൂർ വില്ലേജിലെ ഫാമിന്റെ ഒരു ഷെയർ, ഗുരുഗ്രാമിലെ രണ്ട് ഓഫീസുകൾ എന്നിവയും അദ്ദേഹത്തിന്റെ പേരിലുണ്ട്. 2017-18 സാമ്പത്തിക വർഷത്തിലെ രാഹുലിന്റെ വരുമാനം 1,11,85,570 രൂപയായിരുന്നു.

എംപി എന്ന നിലയിലുള്ള ശമ്പളം, റോയൽറ്റി വരുമാനം, വാടകയിനത്തിൽ ലഭിക്കുന്ന വരുമാനം, ബോണ്ടുകളിൽ നിന്ന് ലഭിക്കുന്ന പലിശ, മ്യൂച്വൽ ഫണ്ടിൽ നിന്നുള്ള ഡിവിഡന്റുകളും ക്യാപിറ്റൽ ഗെയ്നും കോൺഗ്രസ് അധ്യക്ഷന്റെ വരുമാന ശ്രോതസുകളാണ്.

1995-ൽ കേംബ്രിഡ്‌ജ് യൂണിവേഴ്സിറ്റിയുടെ ട്രിനിറ്റി കോളേജിൽ നിന്ന് ഡെവലപ്പ്മെന്റ് സ്റ്റഡീസിൽ നേടിയ എംഫിലാണ് ഏറ്റവും ഉയർന്ന വിദ്യാഭ്യാസ യോഗ്യത.

Related Articles

Next Story

Videos

Share it