2036 വരെ റഷ്യ ഭരിക്കുന്ന നേതാവായി പുടിന്‍! ഭരണഘടനാ ഭേദഗതിക്ക് രാജ്യത്ത് നടന്ന വോട്ടെടുപ്പില്‍ അംഗീകാരമായി

ഏകാധിപതി എന്ന നിലയില്‍ വീണ്ടും ചര്‍ച്ചാ വിഷയമാകുകയാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. 2036 വരെ പുടിന് തുടര്‍ന്നും ഭരിക്കാന്‍ അനുമതി നല്‍കുന്ന സുപ്രധാന ഭരണഘടനാ ഭേദഗതിക്ക് രാജ്യത്ത് നടന്ന വോട്ടെടുപ്പില്‍ അംഗീകാരം ലഭിച്ചു. രണ്ട് പതിറ്റാണ്ടായി റഷ്യയില്‍ ഭരണം തുടരുന്ന പുടിന് ഒന്നര പതിറ്റാണ്ട് കൂടി തുടര്‍ ഭരണം ഇതോടെ സാധ്യമാകും. വന്‍ ഭൂരിപക്ഷത്തോടെയാണ് പുടിന്റെ ഭരണം തുടരാനുള്ള ഭേദഗതിക്ക് രാജ്യം അംഗീകാരം നല്‍കിയത് എന്ന് റഷ്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്. ഏഴ് ദിവസങ്ങളിലായി നടന്ന ഭരണഘടനാ ഭേദഗതിക്കുള്ള വോട്ടെടുപ്പില്‍ 60 ശതമാനവും എണ്ണിക്കഴഞ്ഞപ്പോള്‍ തന്നെ അതില്‍ 76.9 ശതമാനം ജനങ്ങളും പുടിനെ പിന്തുണച്ചുവെന്ന് കമ്മിഷന്‍ അറിയിച്ചു.

പുതിയ ഭരണഘടനാ ഭേദഗതിക്ക് നേരത്തെ പാര്‍ലമെന്റ് അനുമതി നല്‍കിയപ്പോള്‍ തന്നെ ഇത് പുടിന് ജീവിത കാലം മുഴുവന്‍ ക്രംലിനില്‍ തുടരാന്‍ അനുവദിക്കുന്നതാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. വോട്ടെടുപ്പിലൂടെ ഇതിന് ജനപിന്തുണ ഉണ്ടെന്ന് ഉറപ്പാക്കുകയാണ് പുടിന്‍ ചെയ്തത്. അതേസമയം പുടിന്റെ പ്രധാന വിമര്‍ശകനായ അലക്സി നല്‍വാനി അഭിപ്രായപ്പെട്ടുത് ഈ ഫലം യഥാര്‍ഥ ജനവികാരം പ്രതിഫലിക്കുന്നതല്ല എന്നതാണ്.

കെജിബിയെന്ന റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥനായിരുന്നു പുടിന്‍. പിന്നീട് രാഷ്ട്രീയത്തിലേക്ക് വരികയായിരുന്നു. പ്രസിഡന്റായും പ്രധാനമന്ത്രിയായും രണ്ട് പതിറ്റാണ്ടായി പുടിന്‍ റഷ്യയുടെ ഭരണ നേതൃത്വത്തിലുണ്ട്. ജനാധിപത്യത്തിലൂടെ ഏകാധിപത്യം ഉറപ്പിക്കുന്ന ലോകത്തെ നേതാവായാണ് പുടിനെ വിലയിരുത്തുന്നത്. പുതിയ ഭേദഗതിയോടെ 16 വര്‍ഷം കൂടി പുടിന് അധികാരത്തില്‍ തുടരാന്‍ കഴിയും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it