വ്യാപാര യുദ്ധവിരാമത്തിന് അമേരിക്ക, ചൈന കരാര്‍

രണ്ട് വര്‍ഷത്തിലേറെയായി വര്‍ദ്ധിച്ചുവരുന്ന വ്യാപാര സംഘര്‍ഷങ്ങള്‍ക്ക് വിരാമമിടുന്ന പ്രാഥമിക കരാറില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് വൈസ് പ്രധാനമന്ത്രി ലിയു ഹേയും ഒപ്പുവച്ചു. കൂടുതല്‍ യുഎസ് ഉല്‍പന്നങ്ങള്‍ വാങ്ങാമെന്ന് ചൈന ഉറപ്പ് നല്‍കിയപ്പോള്‍ ചൈനീസ് ചരക്കുകളുടെ അധിക തീരുവ യു.എസ് പിന്‍വലിച്ചു.

വാഷിംഗ്ടണില്‍ ഒപ്പുവച്ച കരാറിനു വേണ്ടി ആരാണ് കൂടുതല്‍ ത്യാഗത്തിനു സമ്മതിച്ചതെന്ന ചോദ്യം വ്യാപകമായി ഉയരുന്നുണ്ട്. കരാറിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ചൈനീസ് മാധ്യമങ്ങള്‍ ഗൗരവമായെടുത്തില്ല.കാര്യമായ ഔദ്യോഗിക പ്രതികരണങ്ങളുമുണ്ടായില്ല. ഈ കരാറിനെ 'ആരും കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ ഇടപാട്' എന്നാണ് ട്രംപ് പ്രശംസിച്ചതെങ്കിലും ചൈനീസ് ഉദ്യോഗസ്ഥരും മാധ്യമങ്ങളും സംശയകരമായ ജാഗ്രതയാണു പാലിച്ചത്.

അതേസമയം, യുഎസിനും ചൈനയ്ക്കുമിടയിലെ അഭിപ്രായവ്യത്യാസങ്ങള്‍ സംഭാഷണത്തിലൂടെ പരിഹരിക്കാമെന്നതിന്റെ സൂചന പ്രസിഡന്റ് ഷിന്‍ ജിന്‍പിംഗ് കരാറിലൂടെ കാണുന്നു. വാണിജ്യ യുദ്ധത്തില്‍ രാജ്യതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി 'അവസാനം വരെ പോരാടുക' എന്ന ബീജിംഗിന്റെ മുന്‍ ദൃഢ നിശ്ചയത്തിന് വിരുദ്ധമാണ് ഈ അഭിപ്രായമെന്ന് നിരീക്ഷകര്‍ പറഞ്ഞു. അമേരിക്കയുടെ വ്യാപാര നിലപാടിനെക്കുറിച്ച് മിക്കപ്പോഴും ഏറ്റവും ആക്രമണാത്മകമായി പ്രതികരിച്ചുപോന്ന ചൈനീസ് ടാബ്ലോയിഡ് 'ഗ്ലോബല്‍ ടൈംസ് 'ഒരു എഡിറ്റോറിയലില്‍ പറഞ്ഞതിങ്ങനെ: ' ആരാണ് തോറ്റതെന്നും ആരാണ് വിജയിച്ചതെന്നും വാദിക്കുന്നത് ഉപരിപ്ലവമാണ്. 'ചൈനയും യുഎസും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്ന ആളുകളുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതാണ് കരാറെന്ന് ചൈനയുടെ ദേശീയ ടിവി അഭിപ്രായപ്പെട്ടു.

'മൊത്തത്തില്‍, അമേരിക്ക ഒരു ചെറിയ വിജയം നേടി,'- സ്വതന്ത്ര ചിന്തകനായ ബീജിംഗ് ടിയാന്‍സെ ഇക്കണോമിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഷെന്‍ ഹോംഗ് പറഞ്ഞു. വ്യാപാരയുദ്ധം തുടരുകയാണെങ്കില്‍ അത് തീര്‍ച്ചയായും ചൈനയ്ക്ക് കൂടുതല്‍ പ്രതികൂലമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഇത് ചൈനയ്ക്ക് ഗുണകരമാകും. വിട്ടുവീഴ്ചകള്‍ നല്ലതാണെന്ന് ചൈനീസ് സര്‍ക്കാര്‍ ഒടുവില്‍ മനസ്സിലാക്കുന്നുവെന്നാണ് ഇതിനര്‍ത്ഥം. '

എന്നാല്‍ ഇപ്പോഴത്ത വ്യാപാര തര്‍ക്കത്തിലെ താത്കാലിക വെടി നിര്‍ത്തലിലൂടെ ട്രംപ് ചില ലക്ഷ്യങ്ങള്‍ മുന്‍പില്‍ കാണുന്നുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പും ഇംപീച്ച്മെന്റ് നടപടികളും അടുത്തെത്തി നില്‍ക്കുന്ന ഈ ഘട്ടത്തില്‍ പ്രശ്നങ്ങളെല്ലാം രമ്യമായി പരിഹരിച്ച്, തിരിച്ചുവരികയെന്നതാണ് ട്രംപിന്റെ പ്രധാന ഉദ്ദേശ്യം.

ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ ചൈനയും, യുഎസും തമ്മിലുള്ള വ്യാപാരത്തിലെ വലിയ വിടവ് സംബന്ധിച്ച് ട്രംപ് പതിവായി പരാതിപ്പെട്ടിരുന്നു. 2016 ല്‍ തെരഞ്ഞെടുപ്പ് പ്രചരണ കാലത്ത് ചൈനയുമായി വ്യാപാര യുദ്ധത്തിന് ഇറങ്ങുമെന്നു ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ പുതിയ വ്യാപാര കരാറില്‍ ട്രംപ് ഒപ്പുവെച്ചത് തന്നെ ചില എതിര്‍പ്പുകളുടെയും, അമേരിക്കയിലെ രാഷ്ട്രീയ സാഹചര്യത്തിന്റെയും പശ്ചാത്തലത്തിലാണ്. അതേസമയം ട്രംപിന്റെ പുതിയ മനം മാറ്റം ലോക രാജ്യങ്ങളെ അത്ഭുതപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ കാലത്തെ തെറ്റുകള്‍ തിരുത്താനും ട്രംപ് സന്നദ്ധത കാണിക്കുന്നതായി ചിലര്‍ പറയുന്നു.

കരാറില്‍ ഒപ്പുവെക്കുന്നതിന് ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിംഗ് എത്തിയില്ല. പകരം വൈസ് പ്രസിഡന്റ് ലിയു ഹിയെയാണ് നിയോഗിച്ചത്. ആദ്യഘട്ട കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, വ്യാപാര ബന്ധം കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.മിക്ക രാജ്യങ്ങളിലും ഇപ്പോഴുള്ള മാന്ദ്യത്തിന് അയവ് വരുത്താനും ഇതിടയാക്കുമെന്നാണു നിരീക്ഷണം.

യുഎസിലെ വന്‍കിട കമ്പനികളുടെ തലപ്പത്തിരിക്കുന്ന മേധാവികളെ ക്ഷണിച്ചുകൊണ്ടാണ് വൈറ്റ് ഹൗസില്‍ വ്യാപാര കരാറിന്റെ ആദ്യഘട്ടം ഒപ്പുവെച്ചത്. ചൈനയില്‍ വന്‍ നിക്ഷേപത്തിന് ശ്രമിക്കുന്ന കമ്പനികളെത്തി. നിര്‍ബന്ധിത ടെക്നോളജി കൈമാറ്റം, അമേരിക്കന്‍ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ വാങ്ങല്‍, അമേരിക്കന്‍ സാമ്പത്തിക സര്‍വീസുകള്‍ക്കുള്ള പ്രതിബന്ധം നീക്കല്‍, കറന്‍സി മൂല്യ നിര്‍ണയം കൃത്യമാക്കല്‍, യുഎസ്-ചൈനാ വ്യാപാര ബന്ധം മെച്ചപ്പെടുത്തല്‍ തുടങ്ങിയ തന്ത്ര പ്രധാനമായ ലക്ഷ്യങ്ങളാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. അമേരിക്കയുടെ 200 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഉത്പ്പന്നങ്ങള്‍ ചൈന വാങ്ങുമെന്നാണ് കരാറിലൂടെയുള്ള പ്രധാന ഉറപ്പ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it