ഹംബന്തോട്ട തുറമുഖം ചൈന വിട്ടുകൊടുക്കുമോ? ശ്രീലങ്കന്‍ നീക്കത്തില്‍ തടസ്സങ്ങള്‍

ശ്രീലങ്ക പാട്ടത്തിന് നല്‍കിയ ഹംബന്തോട്ട തുറമുഖം ചൈനയില്‍ നിന്നു തിരികെ പിടിക്കാന്‍ പുതുതായി അധികാരമേറ്റ ഗോട്ടബായ രജപക്സെയുടെ സര്‍ക്കാര്‍ ആരംഭിച്ച ശ്രമം നടപ്പാകുമോയെന്ന കാര്യത്തില്‍ വിദഗ്ധര്‍ക്കു സംശയം.തന്ത്രപ്രധാനമായ തുറമുഖത്തിന്റെ നിയന്ത്രണം 99 വര്‍ഷത്തേക്ക് സുദൃഢമാക്കി നിര്‍ത്താന്‍ പര്യാപ്തമായ കരാറാണ് ഇരു രാജ്യങ്ങളും ചേര്‍ന്ന് ഒപ്പുവച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.1.1 ബില്യണ്‍ ഡോളറിന്റെ നവീകരണം ചൈന ഹംബന്തോട്ടയില്‍ നടത്തിക്കഴിഞ്ഞു.
പാട്ടക്കരാര്‍ അസ്ഥിരപ്പെടുത്താനും ചൈനയ്ക്ക് നല്‍കാനുള്ള കടം തിരികെയടച്ച് തെക്കന്‍ മേഖലയിലെ തന്ത്രപ്രധാന തുറമുഖത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാനുമാണുദ്ദേശിക്കുന്നതെന്ന് മുന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറും പ്രധാനമന്ത്രി മഹീന്ദ രജപക്‌സെയുടെ സാമ്പത്തിക ഉപദേശകനുമായ അജിത് നിവാര്‍ഡ് കബ്രാല്‍ പറഞ്ഞു. സിംഹള ദേശീയതയും രാജ്യ സുരക്ഷയും പ്രധാന തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളാക്കിയ ഗോട്ടബായ, ഹംബന്തോട്ട ചൈനയ്ക്ക് പാട്ടത്തിന് നല്‍കിയ മുന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ നടപടി പുനഃപരിശോധിക്കുമെന്ന വാദ്ഗാനമാണ് നടപ്പാക്കാനൊരുങ്ങുന്നത്.' ആദ്യം സമ്മതിച്ച രീതിയില്‍ ഞങ്ങള്‍ യഥാസമയം വായ്പ തിരിച്ചടയ്ക്കും'-കബ്രാല്‍ പറഞ്ഞു.
ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിലൂടെ (ബിആര്‍ഐ) ചെറു രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ക്രമാതീതമായി പണം മുടക്കി വായ്പാ കെണിയിലാക്കിയ ശേഷം, ആസ്തി തന്നെ കൈവശപ്പെടുത്തുന്ന ചൈനയുടെ തന്ത്രം ഹംബന്തോട്ടയില്‍ പ്രകടമായിരുന്നു. നേരത്തെ മ്യാന്‍മറും മലേഷ്യയും പാക്കിസ്ഥാനും ചൈനയുടെ പദ്ധതികളില്‍ ചിലത് റദ്ദാക്കുകയും വായ്പ കുറയ്ക്കുകയും ചെയ്തിരുന്നു.
ബിആര്‍ഐ അടക്കം വന്‍ നിക്ഷേപ പദ്ധതികളുമായി ചൈനയെ ദ്വീപിലേക്ക് ആനയിച്ചുകൊണ്ടുവന്നത് മഹീന്ദ രജപക്സെ ആയിരുന്നു. പിന്നീട് വന്ന മൈത്രിപാല സിരിസേന-റെനില്‍ വിക്രമസിംഗ ഭരണം ഇന്ത്യയുമായുള്ള ബന്ധം വിളക്കിച്ചേര്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ ചൈനയെ തള്ളിപ്പറയാനുള്ള ധൈര്യം അവര്‍ക്കുമുണ്ടായിരുന്നില്ല. 2017 ലാണ് വായ്പ തിരികെയടയ്ക്കാന്‍ ബുദ്ധിമുണ്ടാണെന്ന് ചൂണ്ടിക്കാടി വിക്രമസിംഗെ, ഹംബന്തോട്ടയെ 99 വര്‍ഷത്തേക്ക് ചൈനയ്ക്ക് കൈമാറാനുള്ള പാട്ടക്കരാറില്‍ ഒപ്പിട്ടത്.
തുറമുഖത്തിന്റെ നിയന്ത്രണം തിരികെ പിടിച്ചാലും, ചൈനയെ അകറ്റിക്കൊണ്ടുള്ള നടപടികള്‍ രജപക്സെ സഹോദരങ്ങളുടെ സര്‍ക്കാരില്‍ നിന്ന് ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് നയതന്ത്ര വിദഗ്ധര്‍ നിരീക്ഷിക്കുന്നു. മഹീന്ദ രജപക്സയുടെ 10 വര്‍ഷത്തെ ഭരണത്തിനിടെയാണ് ചൈനയോട് അടുക്കാനും ഇന്ത്യയുമായി അകലാനുമുള്ള നയം നടപ്പാക്കപ്പെട്ടത്.
അതേസമയം, ഇതൊരു പരമാധികാര കരാറായതിനാല്‍ മൊത്തമായി റദ്ദാക്കാനോ മാറ്റം വരുത്താനോ സാധ്യതയില്ലെന്ന് ന്യൂഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസിലെ റിസര്‍ച്ച് ഫെലോ സ്മൃതി പട്ടാനായ്ക് പറഞ്ഞു.പക്ഷേ, ദേശീയ സുരക്ഷയെ ബാധിക്കുന്നതിന്റെ പേരിലുള്ള നിര്‍ണായകമായ ചില ഉപവാക്യങ്ങള്‍ രജപക്‌സെ ഭരണകൂടത്തിന് കരാറില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞേക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനിടെ, ഏഷ്യക്കും യൂറോപ്പിനുമിടയിലുള്ള പ്രധാന ഷിപ്പിംഗ് റൂട്ടിലെ ഹംബന്തോട്ട തുറമുഖത്ത് നിക്ഷേപം നടത്തിയതുമായി ബന്ധപ്പെട്ട് ആശങ്കയുടെ പ്രശ്‌നമില്ലെന്ന് ചൈന വ്യക്തമാക്കി. ഇത് ശ്രീലങ്കയുടെ സമ്പദ്വ്യവസ്ഥയെ സഹായിക്കുന്നതും ഇരു രാജ്യങ്ങള്‍ക്കും പ്രയോജനകരമാണെന്നും ചൈന പറയുന്നു.
'പാട്ടക്കരാര്‍ റദ്ദാക്കുന്നതിനു ബദലായി ബീജിംഗിന് സാമ്പത്തികമായി ആകര്‍ഷകമായ എന്തെങ്കിലും ശ്രീലങ്ക വാഗ്ദാനം ചെയ്യേണ്ടതുണ്ട് 'ന്യൂഡല്‍ഹി സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിലെ തന്ത്രപരമായ പഠനങ്ങളുടെ പ്രൊഫസര്‍ ബ്രഹ്മ ചെല്ലാനി പറഞ്ഞു.അത് എത്ര മാത്രം പ്രായോഗികമാണെന്ന സംശയവും അദ്ദേഹം ഉയര്‍ത്തുന്നു .ഹംബന്തോട്ടയുമായി ചേര്‍ന്നുള്ള ചില പദ്ധതികള്‍ക്ക് ചൈന ജപ്പാനുമായി ചേര്‍ന്ന് തുടക്കം കുറിച്ചതും കരാര്‍ റദ്ദാക്കുന്ന വിഷയത്തില്‍ കടന്നുവരും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline