ഡോളര്‍ കൊയ്ത്തു തുടരുന്നു സ്വകാര്യ ജയില്‍ മാഫിയ; ട്രംപിനെതിരെ ആരോപണം

അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുന്നത് കര്‍ശനമാക്കിയതിനു പിന്നില്‍ സ്വകാര്യ ജയില്‍ മാഫിയയുടെ അവിഹിത സ്വാധീനവുമെന്ന് ആരോപണം. വ്യവസായികള്‍ ട്രംപ് പ്രസിഡന്റായശേഷം സ്വകാര്യ ജയിലുകള്‍ സ്ഥാപിച്ച് കോടികള്‍ കൊയ്യുന്നതായി 'യുഎസ്എ ടുഡേ' നെറ്റ്വര്‍ക്ക് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

കുടിയേറ്റക്കാരെ തടഞ്ഞുവയ്ക്കാന്‍ സ്വകാര്യ ജയിലുകള്‍ ഉപയോഗിക്കുന്നത് അമേരിക്കയില്‍ പുതിയ കാര്യമല്ലെങ്കിലും ട്രംപിന് കീഴില്‍ 'ജയില്‍ ബിസിനസ് 'വന്‍ തോതിലാണ് വളര്‍ന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ കുറഞ്ഞത് 24 ഇമിഗ്രേഷന്‍ ഡിറ്റന്‍ഷന്‍ സെന്ററുകളും 17,000 ല്‍ അധികം കിടക്കകളും പുതുതായി യു.എസ് തടങ്കല്‍ സംവിധാനത്തിന്റെ ഭാഗമായി.

യുഎസ്എ ടുഡേ നെറ്റ്വര്‍ക്ക് നടത്തിയ അന്വേഷണത്തില്‍, ആ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന കമ്പനികള്‍ 2016 മുതല്‍ റെക്കോര്‍ഡ് വരുമാനമാണു നേടുന്നത്.ട്രംപ് ഉള്‍പ്പെടെയുള്ള റിപ്പബ്ലിക്കന്‍മാര്‍ക്ക് വലിയ പ്രയോജനമുണ്ടാക്കുന്നു ഈ വ്യവസായം. കുതിച്ചുയരുന്ന ഈ ബിസിനസില്‍ 50,000 ആളുകളെ തടങ്കലിലിടാന്‍ രാജ്യം പ്രതിവര്‍ഷം ചെലവഴിക്കുന്നത് 3 ബില്യണ്‍ ഡോളറാണ്.

2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്വകാര്യ ജയിലുടമകള്‍ അക്ഷരാര്‍ത്ഥത്തില്‍ പണം വാരിയെറിയുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതില്‍ ഭൂരിഭാഗവും ലഭ്യമായത് ട്രംപിനാണ്. 2016 ലെ തെരഞ്ഞെടുപ്പില്‍ 1.7 മില്ല്യണ്‍ ഡോളര്‍ ചെലവഴിച്ചതിന് പുറമെ 2018 ല്‍ ജയില്‍ വ്യവസായികള്‍ 1.9 മില്ല്യണ്‍ ഡോളറും ചെലവഴിച്ചു. ഇതില്‍ ഭൂരിഭാഗവും പോയത് റിപ്പബ്ലിക്കന്‍മാരുടെ അക്കൗണ്ടിലാണ്.

ഏതാണ്ട് 25 തവണയാണ് ട്രംപിന് സ്വകാര്യജയിലുടമകള്‍ പണം സംഭാവന ചെയ്തത്. അതേസമയം ഒബാമ അദ്ദേഹത്തിന്റെ കാലയളവില്‍ എട്ടു തവണ ഇവരില്‍ നിന്നും പണം സ്വീകരിച്ചു. ഇത്തരത്തില്‍ ട്രംപ് 969,000 ഡോളറും ഒബാമ 38,000 ഡോളറും സ്വീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്,മുന്‍ എനര്‍ജി സെക്രട്ടറി റിക്ക് പെറി,മുന്‍ യു.എന്‍ അംബാസിഡര്‍ നിക്കി ഹാലി എന്നിവരും സ്വകാര്യ ജയിലുടമകളില്‍ നിന്നും പണം സ്വീകരിച്ചിട്ടുണ്ട്.

ട്രംപ് ഭരണകാലയളവില്‍ വൈറ്റ്ഹൗസിനുവേണ്ടി ജോലി ചെയ്തിരുന്ന മുന്‍ ഫ്ളോറിഡ അറ്റോര്‍ണി ജനറല്‍ റാം ബോണ്ടി, ട്രംപിന്റെ മുന്‍ കാമ്പയ്ന്‍ ഫിനാന്‍സ് ചീഫ് ബ്രയാന്‍ ബല്ലാര്‍ഡ് തുടങ്ങിയവരെ തങ്ങളുടെ ജോലിക്കാരാക്കാനും ജയില്‍ വ്യവസായികള്‍ക്ക് കഴിഞ്ഞു.

അതിര്‍ത്തി കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുന്നത് കര്‍ശനമാക്കിയതോടെയാണ് സ്വകാര്യ ജയിലുകള്‍ ലാഭകരമായ ബിസിനസായത്. അനധികൃത കുടിയേറ്റക്കാരേയും അഭയാര്‍ത്ഥികളേയും പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഇത്തരത്തിലുള്ള സ്വകാര്യ ജയലിറകളെയാണ് മുഖ്യമായും ആശ്രയിക്കുന്നത്.ഇത്തരത്തില്‍ അകത്താകുന്ന അനധികൃത കുടിയേറ്റക്കാരിലും അഭയാര്‍ത്ഥികളിലും ഭൂരിഭാഗവും മുമ്പു ക്രിമിനല്‍ കേസുകളില്‍ പെട്ടവരല്ല.

സ്വകാര്യ ജയിലുകളിലെ ലൈംഗികാതിക്രമം, ചികിത്സയുടെ അപര്യാപ്തത,ഏകാന്തതടവ് , ശാരീരിക ബലപ്രയോഗങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് തടവുകാര്‍ സമര്‍പ്പിച്ച 20,000 ത്തോളം പരാതികള്‍ യുഎസ്എ ടുഡേ നെറ്റ്വര്‍ക്ക് കണ്ടെത്തി. കുറഞ്ഞത് 29 മരണങ്ങളെങ്കിലും സംശയാസ്പദമായുണ്ടായി. 2017 ജനുവരിയില്‍ ട്രംപ് അധികാരമേറ്റ ശേഷം യു.എസ് ഇമിഗ്രേഷന്‍ നയങ്ങള്‍ മൂലം ഏഴ് ആത്മഹത്യകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

എത്രകാലം ട്രംപ് അധികാരത്തിലിരിക്കുമെന്ന് പറയാനാകില്ലെങ്കിലും ആകുന്ന കാലത്തോളം പരമാവധി പണം ഊറ്റാനാണ് സ്വകാര്യ ജയിലധികൃതര്‍ ശ്രമിക്കുന്നതെന്ന് ഇക്കാര്യത്തില്‍ പൊതുജന വികാരമുണര്‍ത്താന്‍ യത്‌നിച്ചുവരുന്ന ഡിറ്റന്‍ഷന്‍ വാച്ച് നെറ്റ് വര്‍ക്ക് എക്സിക്യുട്ടീവ് ഡയറക്ടര്‍ സില്‍ക്കി ഷാ പറഞ്ഞു. എന്നാല്‍ വൈറ്റ് ഹൗസ് ഇക്കാര്യത്തില്‍ പ്രതികരണമറിയിച്ചിട്ടില്ല. ക്രിമിനല്‍ ചരിത്രമില്ലാത്ത അഭയാര്‍ഥികളെയും രേഖകളില്ലാത്ത കുടിയേറ്റക്കാരെയും അനന്തകാലം തടങ്കല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കരുതെന്ന് സ്വകാര്യ ജയില്‍ ഓപ്പറേറ്റര്‍മാര്‍ക്കെതിരെ നിരന്തരം പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന ഇമിഗ്രേഷന്‍ പ്രവര്‍ത്തകര്‍ വാദിക്കുന്നു.ഇവരുടെ ശ്രമത്തിന്റെ ഭാഗമായാണ് എട്ട് പ്രമുഖ ബാങ്കുകള്‍ ജയില്‍ കമ്പനികള്‍ക്ക് കൂടുതല്‍ വായ്പ നല്‍കില്ലെന്ന് ഈയിടെ പ്രഖ്യാപിച്ചത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it