ട്രംപ് 24 നും 25 നും ഇന്ത്യയില്‍ ; വ്യാപാര കരാര്‍ തയ്യാറാകുന്നു

അമേരിക്കന്‍ പ്രസിഡന്റ് ഡെണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ഈ മാസം 24, 25 തീയതികളില്‍. ട്രംപിനൊപ്പം ഭാര്യ മിലാനിയയും എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരം ഗുജറാത്തിലെ അഹമ്മദാബാദും ട്രംപ് സന്ദര്‍ശിക്കും. ട്രംപിന്റെ സന്ദര്‍ശന വേളയില്‍ ഒപ്പിടുന്നതിനുള്ള ഇന്ത്യ -അമേരിക്ക വ്യാപാരക്കരാര്‍ ഒരുങ്ങിവരുന്നതായാണ് റിപ്പോര്‍ട്ട്.
ഇന്റഗ്രേറ്റഡ് എയര്‍ ഡിഫന്‍സ് വെപ്പണ്‍ സിസ്റ്റം (ഐഎഡിഡബ്ല്യൂഎസ്) ഇന്ത്യയ്ക്ക് കൈമാറാനുളള തീരുമാനവും സന്ദര്‍ശനത്തില്‍ ട്രംപ് പ്രഖ്യാപിച്ചേക്കും.1.867 ബില്യണ്‍ ഡോളര്‍ ചെലവ് കണക്കാക്കിയാണ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഇന്ത്യക്ക് ഐഎഡിഡബ്ല്യുഎസ് വില്‍ക്കാന്‍ അംഗീകാരം നല്‍കിയതെന്ന് പ്രതിരോധ സുരക്ഷാ, സഹകരണ ഏജന്‍സി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
യുഎസിലെ ഇന്ത്യയുടെ പുതിയ അംബാസഡര്‍ തരഞ്ചിത് സിംഗ് സന്ധു പ്രസിഡന്റിന് തന്റെ യോഗ്യതാപത്രങ്ങള്‍ സമര്‍പ്പിച്ചതിന് ശേഷമാണ് സന്ദര്‍ശന വിവരം സ്ഥിരീകരിക്കപ്പെട്ടത്. അമേരിക്കയും ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തെ ഈ യാത്ര കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ശക്തമാക്കുമെന്നും വാരാന്ത്യത്തില്‍ ഒരു ഫോണ്‍ കോളിനിടെ പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിപ്രായപ്പെട്ടതായി വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇംപീച്ച്മെന്റ് വിചാരണയില്‍ യുഎസ് സെനറ്റ് കഴിഞ്ഞയാഴ്ച ട്രംപിനെ കുറ്റവിമുക്തനാക്കിയിരുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline