എന്തുകൊണ്ട് തെരഞ്ഞെടുപ്പ് ഫലം ഓഹരി വിപണിയെ ബാധിച്ചില്ല?

ആർബിഐ ഗവർണർ ഉർജിത് പട്ടേലിന്റെ രാജിയും തിരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ തിരച്ചടിയും തുടക്കത്തില്‍ ഓഹരി വിപണിയെ പിടിച്ചുലച്ചെങ്കിലും പിന്നീട് ശുഭാപ്തിവിശ്വാസികളായ ഒരുകൂട്ടം നിക്ഷേപകർ വിപണിയെ നേട്ടത്തിലേക്ക് നയിക്കുകയായിരുന്നു.

സെന്‍സെക്‌സ് 190.29 പോയന്റ് നേട്ടത്തിലും നിഫ്റ്റി 60.70 പോയന്റ് ഉയര്‍ന്ന് 10549.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഫാര്‍മ, ഐടി, പൊതുമേഖല ബാങ്കുകള്‍ എന്നിവർ നേട്ടമുണ്ടാക്കിയവരിൽ പെടും.

സാധാരണക്കാർ തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നപോലെയല്ല ഓഹരിനിക്ഷേപകർ കാണുന്നത് എന്നതാണ് പ്രധാന ഘടകം. നിക്ഷേപകരിൽ എപ്പോഴും രണ്ട് കൂട്ടരേ ഉളളൂ: ഒപ്റ്റിമിസ്റ്റുകളും (Bulls) പെസിമിസ്റ്റുകളും (Bears).

ഇതിൽ ആദ്യത്തെ കൂട്ടർ ഈ തെരഞ്ഞെടുപ്പ് ഫലത്തിനെ താഴെപറയുന്ന രീതിയിലാണ് കാണുന്നത്. ബിജെപിയ്ക്ക് തങ്ങളുടെ നയങ്ങളേയും പദ്ധതി നടത്തിപ്പിനേയും കുറിച്ച് വീണ്ടു വിചാരം ഉണ്ടാകും. കോൺഗ്രസിന് കൂട്ടുകക്ഷികൾ രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനുള്ള ആത്മ വിശ്വാസം വർധിക്കും. ടിആർഎസ്, എംഎൻഎഫ് തുടങ്ങിയ പ്രാദേശിക പാർട്ടികൾക്ക് കൂടുതൽ പ്രാധാന്യം കൈവരും എന്നൊക്കെയാണ് അവർ ഇതിനെ നോക്കിക്കാണുന്നത്.

രണ്ടാമത്തെ വിഭാഗം അല്പം ഭയപ്പാടോടെയാണ് ഫലത്തെ കാണുന്നത്. തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മൂലം ബിജെപി ഇനി കൂടുതൽ പദ്ധതികളും ക്ഷേമ നടപടികളുമായി മുന്നോട്ട് വരും. ഇത് സമ്പദ് വ്യവസ്ഥയ്ക്കും വിപണിക്കും അനുകൂലഘടകമല്ല. ധനകമ്മി കൂടും. കേന്ദ്ര സർക്കാരിനേറ്റ തിരിച്ചടി വിദേശ നിക്ഷേപകരുടെ വിശ്വാസം തകർക്കുമെന്നാണ് ഇക്കൂട്ടർ വിശ്വസിക്കുന്നത്.

ഇവിടെ ഒപ്റ്റിമിസ്റ്റുകളുടെ എണ്ണം കൂടിയതുകൊണ്ടാകാം ഓഹരി വിപണി കരകേറിയതും ഇതൊരു കറുത്ത ദിനമായി മാറാതിരുന്നതും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it