നേട്ടമായി മെയ്ക്ക് ഇന്‍ ഇന്ത്യ; ഇലക്ട്രോണിക്‌സ് കയറ്റുമതി ഏപ്രിലില്‍ 17,000 കോടി കടന്നു
ഏപ്രിലില്‍ ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതി 26 ശതമാനം വര്‍ധിച്ച് 2.11 ബില്യണ്‍ ഡോളറിലെത്തി (17,400 കോടി രൂപ). കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 1.08 ബില്യണ്‍ ഡോളറോടെ (8,900 കോടി രൂപ) മൊബൈല്‍ ഫോണുകളുടെ കയറ്റുമതിയാണ് മികച്ച് നിന്നത്.
പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പി.എല്‍.ഐ) പദ്ധതിയുടെ ആനുകൂല്യങ്ങളാണ് ഇലക്ട്രോണിക്സ് കയറ്റുമതിയില്‍ പ്രധാന പങ്ക് വഹിക്കാന്‍ സ്മാര്‍ട്ട്ഫോണുകള്‍ക്കായെതെന്ന് വ്യവസായ സംഘടനയായ ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്സ് അസോസിയേഷന്‍ (ഐ.സി.ഇ.എ) പറഞ്ഞു.
ആപ്പിള്‍ മുന്നില്‍
മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ ആപ്പിളിന്റെ മൂന്ന് കരാര്‍ നിര്‍മ്മാതാക്കളായ ഫോക്സ്‌കോണ്‍, വിസ്ട്രോണ്‍, പെഗാട്രോണ്‍ എന്നിവയിലൂടെയുള്ള കയറ്റുമതി കഴിഞ്ഞ വര്‍ഷത്തെ 150 മില്യണ്‍ ഡോളറില്‍ (1,240 കോടി രൂപ) നിന്ന് ഏപ്രിലില്‍ 400 ശതമാനം ഉയര്‍ന്ന് 750 മില്യണ്‍ ഡോളറിലെത്തി (6,200 കോടി രൂപ). എന്നാല്‍ സാംസംഗിന്റെ കയറ്റുമതിയില്‍ കഴിഞ്ഞ വര്‍ഷത്തെ 399 മില്യണ്‍ ഡോളറില്‍ (3,300 കോടി രൂപ) നിന്ന് 240 മില്യണ്‍ ഡോളറായി (1,980 കോടി രൂപ) കുറഞ്ഞു.
മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ തിളങ്ങി
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികളില്‍ ഇലക്ട്രോണിക്സ് മേഖലയ്‌ലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ഈ വളര്‍ച്ചുടെ പ്രധാന കാരണം. 2022-23 സാമ്പത്തിക വര്‍ഷം മൊബൈല്‍ ഫോണ്‍ കയറ്റുമതി റെക്കോര്‍ഡ് നേട്ടത്തോടെ 11.5 ബില്യണ്‍ ഡോളറിലെത്തി. ഇതിലെ മൊത്തം ഇലക്ട്രോണിക്‌സ് കയറ്റുമതിയുടെ ഏകദേശം 49 ശതമാനം മൊബൈല്‍ ഫോണ്‍ കയറ്റുമതിയാണ്.
2026 ഓടെ ഇലക്ട്രോണിക്‌സ് ഉല്‍പ്പാദനം 300 ബില്യണ്‍ ഡോളറാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അതില്‍ 50 ശതമാനത്തില്‍ അധികം കയറ്റുമതി മൊബൈല്‍ ഫോണുകളില്‍ നിന്നാകുമെന്ന് കരുതുന്നു.