കഠിന ചൂട്: ബിസിനസുകള്‍ക്കും 'പൊള്ളും'
ഉഷ്ണക്കാറ്റും എല്‍നിനോ ഭീതിയും രാജ്യത്തെ മറ്റിടങ്ങളെ പോലെ കേരളത്തെയും ചുട്ടുപൊള്ളിക്കുകയാണ്. വെയിലേറ്റ് ദേഹം പൊള്ളിയടരുന്നത,് മുന്‍പ് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്നുള്ള വാര്‍ത്തകളായിരുന്നുവെങ്കില്‍ ഇന്ന് കേരളത്തിലെ പല പ്രദേശങ്ങളും സൂര്യാതപം ഉറപ്പുള്ള അതീവജാഗ്രതാ വിഭാഗത്തിലാണ്.
സംസ്ഥാനത്ത് മാര്‍ച്ച് പകുതിയോടെ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വിദഗ്ധരും കാലാവസ്ഥ വകുപ്പും പറയുന്നുണ്ട്. സ്‌കൈമെറ്റ് പോലുള്ള ഏജന്‍സികളും തമിഴ്നാട്ടിലും കേരളത്തിലുമൊക്കെ നേരിയ മഴ മാര്‍ച്ച് - മെയ് മാസങ്ങളിലുണ്ടാകുമെന്ന് നിരീക്ഷിക്കുന്നുണ്ടെങ്കിലും കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ ആ മഴയില്‍ കുറയുമോ?
1901ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന താപനിലയാണ് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ രാജ്യത്തെ വിവിധ ഇടങ്ങളില്‍ രേഖപ്പെടുത്തിയത്. കേരളത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ചൂട് 41 ഡിഗ്രി തൊട്ട ദിവസങ്ങളും ഫെബ്രുവരിയിലുണ്ടായി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആദ്യമായി പ്രസിദ്ധീകരിച്ച താപസൂചിക ഭൂപടത്തില്‍ (ഹീറ്റ് ഇന്‍ഡക്സ്) തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് ജില്ലകള്‍ അപകട മേഖലയിലാണ്. അന്തരീക്ഷ ഊഷ്മാവിനൊപ്പം ഈര്‍പ്പവും ചേര്‍ന്ന് അനുഭവപ്പെടുന്ന ചൂടാണ് താപസൂചികയിലുള്ളത്. യഥാര്‍ത്ഥ അന്തരീക്ഷ താപനിലയേക്കാള്‍ കൂടുതലാണിത്. താപനിലയില്‍ നേരിയ വര്‍ധനവുണ്ടായാല്‍ പോലും അന്തരീക്ഷ ഈര്‍പ്പം കൂടി നില്‍ക്കുന്നതിനാല്‍ സ്ഥിതി രൂക്ഷമാകുമെന്ന് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു.
വെയിലേറ്റാല്‍ മനുഷ്യര്‍ തളര്‍ന്നുവീഴുന്ന സ്ഥിതിയിലേക്ക് കേരളം മാറിയതോടെ സാധാരണക്കാരുടെ ജീവിതം മുതല്‍ ബിസിനസുകളില്‍ വരെ അതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടായിരിക്കുകയാണ്. എല്‍നിനോയുടെ പ്രഭാവം മൂലം മണ്‍സൂണ്‍ ദുര്‍ബലമാവുക കൂടി ചെയ്താല്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാവും. കോവിഡില്‍ നിന്ന് കരകയറി വരുന്ന പല മേഖലകള്‍ക്കും വെന്തുരുകുന്ന ചൂടും മഴക്കുറവും വലിയ തിരിച്ചടിയായേക്കും.
ചുട്ടുപൊള്ളുമ്പോള്‍ സംഭവിക്കുന്നതെന്ത്?
കനത്ത ചൂട് കാര്‍ഷിക മേഖലയെ മുതല്‍ ഗ്രാമീണ മേഖലയിലെ കച്ചവടക്കാര്‍, ടൂറിസം, റിയല്‍ എസ്റ്റേറ്റ് എന്നുവേണ്ട സകല മേഖലയിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
1. കാര്‍ഷിക മേഖല
രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ഉഷ്ണക്കാറ്റ് ഗോതമ്പ്, ചെറുധാന്യങ്ങള്‍ എന്നിവയുടെ വിളവിനെ വലിയ തോതില്‍ ബാധിക്കുമെന്ന് തീര്‍ച്ചയായി കഴിഞ്ഞു. രാജ്യാന്തര തേയില മാര്‍ക്കറ്റില്‍ ഇന്ത്യയ്ക്ക് വിദേശനാണ്യം വാങ്ങിത്തരുന്ന ഡാര്‍ജിലിംഗിലെ മുന്തിയ ഇനം തേയിലയുടെ ഉല്‍പ്പാദനം കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കുറയുമെന്ന് മുന്നറിയിപ്പുണ്ട്.
കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിളവ് കുറയുന്നത് ഗ്രാമീണ മേഖലയില്‍ കനത്ത തിരിച്ചടി സൃഷ്ടിക്കും. ഇത് കയറ്റുമതി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. അതോടെ ഭക്ഷ്യകയറ്റുമതി കുറയും. ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് ചെലവേറുകയും ചെയ്യും. രാജ്യത്തെ 50 ശതമാനം കൃഷിയും മഴയെ ആശ്രയിച്ചാണ് നടക്കുന്നത്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ മൂന്നില്‍ രണ്ടും ഇപ്പോഴും കാര്‍ഷിക മേഖലയെയാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ 40 വര്‍ഷത്തെ കണക്കെടുത്താല്‍ എല്‍നിനോ പ്രതിഭാസമുണ്ടായ വര്‍ഷങ്ങളില്‍ ജി.ഡി.പി നിരക്ക് സാധാരണ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറവാണ്.
അടുത്ത മൂന്ന് മാസം പഴം, പച്ചക്കറി, ക്ഷീരോല്‍പ്പാദനം, മാംസ കച്ചവടം എന്നീ മേഖലയിലും ഉഷ്ണക്കാറ്റ് പ്രതികൂലമായി ബാധിക്കും.ഇത് ഭക്ഷ്യോല്‍പ്പന്ന മേഖലയില്‍ വിലക്കയറ്റമുണ്ടാകും. നാണ്യപ്പെരുപ്പത്തെ പിടിച്ചുകെട്ടാന്‍ കേന്ദ്ര ബാങ്ക് വീണ്ടും പലിശ നിരക്ക് വര്‍ധനയെന്ന ആയുധം പുറത്തെടുക്കും. വരും നാളുകളില്‍ പലിശ നിരക്ക് ഉയരാന്‍ കാലാവസ്ഥ വ്യതിയാനം മറ്റൊരു കാരണമാകും. ഇത് രാജ്യത്തിന്റെ ജി.ഡി.പി വളര്‍ച്ചയെയും പ്രതികൂലമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കേരളത്തിലെ കര്‍ഷകരുടെ നിലനില്‍പ്പും ഭീഷണിയിലാണ്. സുഗന്ധവ്യഞ്ജന കര്‍ഷകരാകും ഏറെ പ്രതിസന്ധി നേരിടേണ്ടി വരിക. കാപ്പി, കുരുമുളക്, ഏലം മേഖലയിലും ഇത് വ്യാപിക്കും. ഒരു ദിവസം നനച്ചില്ലെങ്കില്‍ നട്ടതെല്ലാം കരിഞ്ഞുപോകുന്ന സ്ഥിതിയാണുള്ളതെന്ന് പഴം, പച്ചക്കറി കര്‍ഷകരും ചൂണ്ടിക്കാട്ടുന്നു.
2.മാനുഫാക്ചറിംഗ്
വൈദ്യുതി പ്രതിസന്ധിയാണ് മാനുഫാക്ചറിംഗ് മേഖലയെ ഏറ്റവും കൂടുതല്‍ വലയ്ക്കുക. ഇപ്പോള്‍ തന്നെ കേരളത്തിന്റെ ആഭ്യന്തര ഉപഭോഗത്തിനാവശ്യമായ വൈദ്യുതിയുടെ സിംഹഭാഗവും പുറത്തുനിന്നാണ് വാങ്ങുന്നത്. വൈദ്യുതി വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനിടയില്ലെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും പവര്‍ കട്ടും ലോഡ് ഷെഡ്ഡിംഗും വരാന്‍ സാധ്യതയുണ്ട്. കടുത്ത വേനല്‍ ഇന്ത്യയിലൊട്ടാകെ കടുത്ത ഊര്‍ജക്ഷാമത്തിന് വഴിവെയ്ക്കും. കല്‍ക്കരി ക്ഷാമം വൈദ്യുതി ഉല്‍പ്പാദനത്തെയും രാജ്യത്തെ മാനുഫാക്ചറിംഗ് രംഗത്തെ യും പ്രതികൂലമായി ബാധിക്കുമെന്ന നിരീക്ഷണമാണ് വിദഗ്ധര്‍ പങ്കുവെയ്ക്കുന്നത്.
3. ടൂറിസം
ടൂറിസം കേന്ദ്രങ്ങളായ അതിരപ്പിള്ളി, വാഴച്ചാല്‍ എന്നിവിടങ്ങളിലെ വെള്ളച്ചാട്ടങ്ങളുടെയും പച്ചപ്പിന്റെയും ആകര്‍ഷണീയതയ്ക്ക് ഫെബ്രുവരിയില്‍ തന്നെ കോട്ടം തട്ടിയിട്ടുണ്ട്. ഇതുപോലെയാണ് പല ടൂറിസം കേന്ദ്രങ്ങളുടെയും സ്ഥിതി. കനത്ത ചൂട്, ശുദ്ധമായ വെള്ളത്തെ കുറിച്ചുള്ള ആശങ്ക എന്നിവയെല്ലാം കൊണ്ട് തന്നെ വേനലവധിയിലെ വിനോദയാത്രകള്‍ ഒഴിവാക്കിയാലോ എന്ന ചിന്തയിലാണ് കുടുംബങ്ങള്‍.
4.റിയല്‍ എസ്റ്റേറ്റ്
രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്ന് വരെ പുറം ജോലികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട വെള്ളം ലഭിക്കാത്തത്, വൈദ്യുതി നിയന്ത്രണം എന്നിവയെല്ലാം നിര്‍മാണ മേഖലയില്‍ അടുത്ത മൂന്നുമാസത്തോളം പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
കാലാവസ്ഥാ വ്യതിയാനങ്ങള്‍ ദൂരവ്യാപകമായ ഫലങ്ങളാണ് റിയല്‍ എസ്റ്റേറ്റ് രംഗത്ത് സൃഷ്ടിക്കുന്നത്. പ്രളയം കഴിഞ്ഞപ്പോള്‍ നമ്മുടെ നാട്ടിന്‍പുറത്ത് വില്‍പ്പനയ്ക്ക് ഇട്ടിരിക്കുന്ന പ്ലോട്ടില്‍ വരെ വെള്ളപ്പൊക്കം ബാധിക്കാത്ത ഭൂമി എന്ന ബാനര്‍ വന്നിരുന്നു. ഇനി കടുത്ത ചൂടില്‍ വരണ്ടുണങ്ങാത്ത, യഥേഷ്ടം ജലം കിട്ടുന്ന ഭൂമി എന്ന ബാനര്‍ കൂടി വരും. തടസമില്ലാത്ത വൈദ്യുതിയും കാറ്റും വെളിച്ചവും ശുദ്ധമായ വെള്ളവും അന്തരീക്ഷവും എല്ലാം ഒരുക്കിയാല്‍ മാത്രമേ ഇനിയുള്ള പദ്ധതികള്‍ ആകര്‍ഷകമാവൂ. ഇത് ബില്‍ഡര്‍മാരുടെ ചെലവ് കൂട്ടുന്നതോടെ വീടുകള്‍ക്ക് ചെലവേറുമെന്ന് കേരളത്തിലെ ഒരു ബില്‍ഡര്‍ ചൂണ്ടിക്കാട്ടുന്നു.
5. വ്യാപാര മേഖല
കച്ചവടം കുറയും, ചെലവ് കൂടും ഇതാണ് വ്യാപാര മേഖലയെ ഉറ്റുനോക്കുന്ന പ്രതിസന്ധി. എയര്‍ കണ്ടീഷണര്‍, ഫാന്‍ തുടങ്ങിയവയുടെ വില്‍പ്പന കൂടുമെങ്കിലും ഗ്രാമീണ, കാര്‍ഷിക മേഖലയിലുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധികള്‍ വ്യാപാര മേഖലയെ ബാധിക്കും. സ്‌കൂള്‍ തുറപ്പ്, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള നെട്ടോട്ടം ഇവയൊക്കെയാണ് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ ശരാശരി കുടുംബങ്ങളിലെ സാധാരണ കാഴ്ച. വേനല്‍ കാലത്ത് കടയില്‍ ആളില്ലെങ്കിലും ജനറേറ്റര്‍ വെച്ചുപോലും എ.സി പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കണം. പക്ഷേ വില്‍പ്പന കാര്യമായി ലഭിക്കുകയുമില്ലെന്ന് ഒരു ഫര്‍ണിച്ചര്‍ വ്യാപാരി പറയുന്നു.
6. കാട്ടൂതീ, തീപിടിത്തം
കേരളത്തില്‍ പല സ്ഥലങ്ങളിലും തീപിടിത്തം സാധാരണ സംഭവമായിരിക്കുകയാണ്. തൃശൂര്‍ ജില്ലയിലെ ചിമ്മിനി വനമേഖലയില്‍ മാത്രം 100 ഏക്കറിലേറെ വനമേഖലയില്‍ തീ ആളിപ്പടര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചിയിലെ മാലിന്യമലയ്ക്ക് തീപിടിച്ചതിന്റെ ചൂടും പുകയും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതിനാല്‍ വനമേഖലയിലെ തീപിടിത്തം മുഖ്യധാരയില്‍ അധികം ചര്‍ച്ചചെയ്യുന്നില്ലെന്നു മാത്രം. അതിനിടെ വിഷു, ഈസ്റ്റര്‍, ഉത്സവ വിപണികള്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പടക്ക നിര്‍മാണ ശാലകളിലും തീപിടിത്തവും ദുരന്തങ്ങളും ആവര്‍ത്തിക്കുകയാണ്.
ഗ്രാമീണ മേഖലയിലുള്ളവരുടെ വരുമാനത്തില്‍ കുറവ് വന്നാല്‍ അത് കച്ചവട രംഗത്ത് പ്രതിഫലിക്കും. സര്‍ക്കാരിന്റെ നികുതി സമാഹരണത്തെ ഗണ്യമായി സ്വാധീനിക്കുന്ന ഘടകമാണിത്. പുറത്തുനിന്ന് കൂടിയ തുകയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നത് സാമ്പത്തിക ബാധ്യതയുണ്ടാക്കും.
കടുത്ത വേനലില്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ മാത്രമല്ല, ആരോഗ്യ പ്രശ്നങ്ങളും കരുതിയിരിക്കണം. കഠിനമായ ചൂട് ആയതിനാല്‍ മുന്‍കരുതല്‍ വേണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിര്‍ജ്ജലീകരണം, ദേഹാസ്വാസ്ഥ്യം, സൂര്യാതപം എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ വേണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
വേനല്‍ ചൂട് ഫാനിന്റെ കാറ്റുകൊണ്ടോ എ.സിയുടെ തണുപ്പുകൊണ്ടോ അകറ്റാന്‍ പറ്റാത്ത വിധത്തിലേക്ക് മാറി. കൂടുതല്‍ പരിസ്ഥിതി സൗഹൃദമായ രീതികളിലേക്ക് സാധാരണക്കാരും ബിസിനസുകളും മാറിനടന്നാല്‍ മാത്രമേ കാലാവസ്ഥാ വ്യതിയാനങ്ങളെ ഒരു പരിധി വരെ ചെറുക്കാന്‍ സാധിക്കൂ. ബിസിനസുകളിലെ വലിയൊരു റിസ്‌കായി കാലാവസ്ഥാ വ്യതിയാനങ്ങള്‍ മാറിക്കഴിഞ്ഞു. അതിനെ ചെറുക്കാനുള്ള നിയമനിര്‍മാണങ്ങള്‍, ചട്ടങ്ങള്‍ എന്നിവയെല്ലാം ഭാവിയില്‍ സര്‍ക്കാരുകള്‍ കൊണ്ടുവന്നെന്നിരിക്കും. ഇവയെല്ലാം മുന്‍കൂട്ടി കണ്ടുകൊണ്ടു കൂടി വേണം ഇനി ബിസിനസ് നടത്തിപ്പ്.
കേരളത്തില്‍ എന്താണ് സംഭവിക്കുന്നത്?
സാധാരണ വേനലില്‍ ചൂടു കൂടുന്നതിന് നിരവധി കാരണങ്ങളുണ്ട്. സോളാര്‍ റേഡിയേഷന്‍ നമ്മുടെ മേഖലയിലേക്ക് തീക്ഷ്ണമായി പതിക്കുന്നത്, വടക്കന്‍ കാറ്റിന്റെ സ്വാധീനം, കടലില്‍ നിന്നുള്ള ഈര്‍പ്പമുള്ള കാറ്റുകളുടെ അഭാവം എന്നിങ്ങനെ പലതുണ്ട്. ഇത്തവണ ഉത്തരേന്ത്യയിലും ശൈത്യം പിന്‍വാങ്ങിയ ഉടനെ ചൂട് കൂടിയിരുന്നു.
ഫെബ്രുവരി തുടക്കത്തില്‍ സമതല പ്രദേശങ്ങളില്‍ ചൂട് കൂടിയ പ്രദേശങ്ങളുടെ പട്ടികയില്‍ കേരളത്തിലെ ഒന്നോ രണ്ടോ വെതര്‍ സ്റ്റേഷനുകള്‍ ഇടം നേടി. ഇതിനിടെ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയോട് ചേര്‍ന്ന് അറബിക്കടലിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ എതിര്‍ച്ചുഴലി എന്ന ആന്റി സൈക്ലോണ്‍ രൂപപ്പെട്ടു. ഇതോടെ ഉത്തരേന്ത്യയിലെ ചുടുകാറ്റിനെ കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് പ്രവഹിപ്പിച്ചു. ഇതാണ് ചൂട് പെട്ടെന്ന് കൂടാന്‍ കാരണം. താല്‍ക്കാലിക പ്രതിഭാസമായതിനാല്‍ ചൂടില്‍ കൂടുതലും കുറവും തുടര്‍ന്നുള്ള ദിവസങ്ങളില്‍ അനുഭവപ്പെടും.
കേരളത്തില്‍ മാര്‍ച്ച് 1 മുതല്‍ മെയ് 31 വരെയാണ് വേനല്‍ കാലമെങ്കിലും സീസണിനു മുമ്പേ ചൂട് കഠിനമായി. ഇതോടെ വേനല്‍ സാങ്കേതികമായി നേരത്തെ എത്തിയെന്നു പറയാം. ആഗോള കാലാവസ്ഥാ പ്രതിഭാസമായ മൂന്നു വര്‍ഷത്തെ തുടര്‍ച്ചയായ ലാനിനയില്‍നിന്ന് എല്‍നിനോയിലേക്ക് മാറുന്ന സാഹചര്യമാണ് വരാനിരിക്കുന്നത്. ഇത് നമ്മുടെ നാട്ടിലെ മഴയെ ബാധിച്ചേക്കും. ലാനിന ഇന്ത്യയില്‍ പൊതുവെ അതിവര്‍ഷത്തിനും എല്‍നിനോ വരള്‍ച്ചയ്ക്കുമാണ് കാരണമാകാറുള്ളത്. ലാനിന കാലിക, വാണിജ്യ വാതങ്ങളുടെ ഒഴുക്കിനെയും വിതരണത്തെയും ബാധിക്കുമെന്നതിനാല്‍ ഭൂമിയില്‍ എല്ലായിടത്തെയും കാലാവസ്ഥയെ ബാധിക്കും.
ഇതേ പ്രദേശത്ത് സമുദ്രോപരിതാപനില സാധാരണയേക്കാള്‍ കൂടുന്നതിനെയാണ് എല്‍നിനോ എന്നു പറയുന്നത്. ഇത് ഇന്ത്യയില്‍ വരള്‍ച്ചയുണ്ടാക്കുന്ന പ്രതിഭാസമാണ്. മാര്‍ച്ചില്‍ ലാനിന മാറി ന്യൂട്രല്‍ സാഹചര്യത്തിലേക്ക് വരുന്ന സമയമാണ്. രണ്ടു മാസത്തിനുശേഷം വീണ്ടും ഈ മേഖലയില്‍ ചൂട് കൂടി എല്‍നിനോ രൂപപ്പെടാനാണ് സാധ്യത എന്നാണ് അന്താരാഷ്ട്ര കാലാവസ്ഥാ പ്രവചന മാതൃകകള്‍ പറയുന്നത്.
വേനല്‍ മഴ തുടര്‍ച്ചയായി കിട്ടിയില്ലെങ്കില്‍ വരള്‍ച്ച
വേനല്‍ മഴ തുടര്‍ച്ചയായി ലഭിച്ചില്ലെങ്കില്‍ കേരളം കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങും. ഒറ്റപ്പെട്ടു പെയ്യുന്ന വേനല്‍ മഴ അന്തരീക്ഷത്തിലെ ഈര്‍പ്പം കൂടാനും താപനില ഉയര്‍ന്നതായി അനുഭവപ്പെടാനും കാരണമാകും. തുടര്‍ച്ചയായി വേനല്‍ മഴ ലഭിച്ചാല്‍ സ്ഥിതി മെച്ചപ്പെടും. വരള്‍ച്ച ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ലെങ്കിലും വേനലിന്റെ കാഠിന്യം കൂടുതലായിരിക്കും. വിള ക്രമീകരണവും ക്രമവും കൃത്യമായതുമായ കുറഞ്ഞ അളവിലുള്ള ജലസേചനവും ആവശ്യമാണ്.
കാലാവസ്ഥയിലെ മാറ്റം ചെടികളുടെ വളര്‍ച്ചയെ കാര്യമായി ബാധിക്കുന്നില്ല. എന്നാല്‍ ആ ചെടികള്‍ പൂക്കുന്ന അളവും വിളവും കുറയുന്നു. പൂക്കുന്ന സമയത്ത് മഴ പെയ്യുന്നതുള്‍പ്പെടെ കാലാവസ്ഥയിലെ മാറ്റങ്ങള്‍ ഉണ്ടാകുന്നതിനാല്‍ ഫലമായി മാറുന്നില്ല. ഭക്ഷ്യോല്‍പ്പാദനം കുറയുന്നു. കാര്‍ഷിക മേഖലയിലെ ഈ മാറ്റം ദീര്‍ഘകാലത്തേക്ക് നോക്കിയാല്‍ കേരളം പോലൊരു സംസ്ഥാനത്തിന് ദോഷകരമായിരിക്കും.
മഹാപ്രളയത്തിനു ശേഷം വെള്ളം സംഭരിക്കാനുള്ള മണ്ണിനെ സംസ്ഥാനത്ത് നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടു തന്നെ വേനല്‍മഴ പരമാവധി ശേഖരിക്കാന്‍ ശ്രദ്ധിക്കുക. കിണര്‍ റീചാര്‍ജ് അടക്കമുള്ള കാര്യങ്ങള്‍ ചെയ്യുക.