നിലപാടില്‍ ഉറച്ച് കര്‍ഷകര്‍, പ്രക്ഷോഭം തുടരുന്നു

കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പതിനായിരക്കണക്കിനു കര്‍ഷകര്‍ തുടരുന്ന പ്രതിഷേധം തിങ്കളാഴ്ച അഞ്ചാം ദിവസത്തിലേക്ക് പ്രവേശിച്ചു. ദേശീയ തലസ്ഥാനത്തേക്കുള്ള അഞ്ച് പ്രവേശന സ്ഥലങ്ങളും തടയുമെന്ന് പ്രതിഷേധക്കാര്‍ ഭീഷണിപ്പെടുത്തി. ബുരാരി മൈതാനത്തേക്ക് മാറിയാല്‍ ചര്‍ച്ച നടത്താമെന്ന കേന്ദ്രത്തിന്റെ നിര്‍ദേശം നിരസിച്ച കര്‍ഷകര്‍, നിബന്ധനകളുള്ള ഒരു ചര്‍ച്ചകള്‍ക്കും തയ്യാറല്ല എന്നും അറിയിച്ചിട്ടുണ്ട്. അടുത്ത നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു യോഗം വിളിച്ചിട്ടുണ്ടെന്നും കര്‍ഷകര്‍ പറഞ്ഞു.

ശനിയാഴ്ച ബുരാരിയിലെ നിരങ്കരൈ സമാഗം ഗ്രൗണ്ടിലെത്തിയ കര്‍ഷകര്‍ അവിടെ പ്രതിഷേധം തുടര്‍ന്നു. പ്രതിഷേധത്തെ തുടര്‍ന്ന് നഗരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു.

ഇതിനിടയില്‍, ദില്ലിയില്ലേക്കുള്ള തിക്രി, സിങ്കു അതിര്‍ത്തികള്‍ അടച്ചിട്ടുണ്ടെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

അതേസമയം, കേന്ദ്രമന്ത്രിമാരായ അമിത് ഷായും നരേന്ദ്ര സിംഗ് തോമറും ഞായറാഴ്ച വൈകിട്ട് ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുടെ വസതിയില്‍ കര്‍ഷക പ്രതിഷേധം ചര്‍ച്ച ചെയ്തു.

ദില്ലിയിലെയും ഹരിയാനയിലെയും വിവിധ സ്ഥലങ്ങളില്‍ കര്‍ഷകര്‍ പ്രതിഷേധിക്കുകയും ഡിസംബര്‍ 3 ന് ചര്‍ച്ച നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം നിരസിക്കുകയും ചെയ്തു. സംഭാഷണം ആരംഭിക്കുന്നതിന് വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുന്നത് തങ്ങളെ അപമാനിക്കുന്നതാണെന്ന് അവര്‍പറഞ്ഞു.

സമരത്തില്‍ പങ്കെടുക്കുന്ന 500 ഓളം കര്‍ഷക സംഘടനകളില്‍ കൂടുതലും പഞ്ചാബില്‍ നിന്നുള്ളവരാണ്. ഗുജറാത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമുള്ള ഏതാനും കര്‍ഷകരും വെള്ളിയാഴ്ച ദില്ലിയിലെത്തി അതിര്‍ത്തി പ്രദേശങ്ങളില്‍ തമ്പടിച്ചിരിക്കുകയാണ്.

കടുത്ത തണുപ്പിനെ അതിജീവിക്കാന്‍ വാഹനങ്ങള്‍ക്കുള്ളില്‍ വൈയ്‌ക്കോലും അവയ്ക്കു മീതെ കമ്പിളിയും വിരിച്ചാണ് സമരക്കാര്‍ ഉറങ്ങുന്നത്. ആവശ്യത്തിന് ഭക്ഷ്യ വസ്തുക്കളും ഇവര്‍ വാഹനങ്ങളില്‍ കരുതിയിട്ടുണ്ട്. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതു വരെ സമരത്തില്‍ നിന്ന് പിന്മാറില്ല എന്നാണ് ഇവരുടെ തീരുമാനം.

മൂന്നു ലക്ഷത്തോളം കര്‍ഷകരാണു പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നതെന്ന്‌നേതാക്കള്‍ പറഞ്ഞു. രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും കൂടുതല്‍ കര്‍ഷകരെ ദില്ലിയില്‍ എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്.

BSP ഉള്‍പ്പടെ കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സമരത്തിന് അനുകൂലമായി രംഗത്ത് വന്നിട്ടുമുണ്ട്. കര്‍ഷകരുടെ ആവശ്യങ്ങള്‍ എത്രയും പെട്ടന്ന് അംഗീകരിച്ചു സമരം അവസാനിപ്പിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് BSP നേതാവ് മായാവതി ആവശ്യപ്പെട്ടു.

എന്താണ് കര്‍ഷകരുടെ ആവശ്യങ്ങള്‍?

പുതിയ നിയമങ്ങള്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ നിലവിലുള്ള അന്തര്‍സംസ്ഥാന വ്യാപാരത്തിനുള്ള തടസ്സങ്ങള്‍ (കമ്പോള ഫീസ്, ലെവി) നീക്കാന്‍ ലക്ഷ്യമിടുന്നു. എന്നാല്‍ നിലവിലുള്ള പ്രാദേശിയ വിപണി സമ്പ്രദായം ഇല്ലാതാകുന്നത് കോര്‍പ്പറേറ്റുകളുടെ കടന്നുവരവിനും ഉത്പന്നങ്ങളുടെ വിലയിടിവിനും കാരണമാകുമെന്നു കര്‍ഷകര്‍ ഭയപ്പെടുന്നു. അതുപോലെ വില നിര്‍ണ്ണയിക്കാനുള്ള സംവിധാനത്തില്‍ പങ്കാളിത്തം ഇല്ലാതാകുമെന്നതും കര്‍ഷകരെ അലട്ടുന്നു.

ചില സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണ ഇക്കാര്യങ്ങളില്‍ നേടുന്നതില്‍ പരാജയപ്പെട്ട കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സമ്മര്‍ദ്ദം ചെലുത്താന്‍ തീരുമാനിക്കുകയായിരുന്നു. യുപിയിലെയും ഹരിയാനയിലെയും ബിജെപി സര്‍ക്കാരുകള്‍ കര്‍ഷകരെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടപ്പോള്‍, രാജസ്ഥാന്‍, പഞ്ചാബ് സര്‍ക്കാരുകള്‍ അവരുടെ പ്രക്ഷോഭത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി.

പുതിയ നിയമം കൊണ്ടുവന്ന് കേന്ദ്രസര്‍ക്കാര്‍ ഈ മൂന്ന് നിയമങ്ങള്‍ പിന്‍വലിക്കുകയോ അല്ലെങ്കില്‍ അവരുടെ വിളകള്‍ക്ക് കുറഞ്ഞ പിന്തുണ വില (Minimum Support Price) ഉറപ്പ് നല്‍കുകയോ ചെയ്യണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിരവധി കേന്ദ്രമന്ത്രിമാരും ഹരിയാന മുഖ്യമന്ത്രി ഖട്ടറും ഈ നിയമങ്ങള്‍ കര്‍ഷക വിരുദ്ധമല്ലെന്നു ഉറപ്പ് നല്‍കിയിട്ടും നിയമനിര്‍മ്മാണം അംഗീകരിക്കാന്‍ പ്രക്ഷോഭകാരികള്‍ വിസമ്മതിച്ചു. കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ബിജെപി നടത്തിയ ശ്രമങ്ങളും വിജയം കണ്ടില്ല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it