Begin typing your search above and press return to search.
കർഷക സമരം: സഖ്യ കക്ഷികൾ ബി ജെ പിയുമായി ഇടയുന്നു
കർഷകരുടെ 'ദില്ലി ചലാവോ' സമരം കൂടുതൽ ശക്തിയാർജിക്കുന്നതിനിടയിൽ ശിരോമണി അകാലി ദളിനു ശേഷം കേന്ദ്ര ഭരണ സഖ്യത്തിലെ മറ്റൊരു സഖ്യകക്ഷി കൂടി ബി ജെ പിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. പുതിയ കർഷക നിയമങ്ങൾ പിൻവലിച്ചില്ലങ്കിൽ ബി ജെ പിയുമായുള്ള ബന്ധം അവസാനിപ്പിക്കും എന്ന് രാജസ്ഥാനിലെ നാഗുർ ലോക് സഭാ മണ്ഡലത്തിൽ നിന്നുള്ള എം പിയും രാഷ്ട്രീയ ലോക്തന്ത്രിക് പാർട്ടി (ആർഎൽപി) നേതാവുമായ ഹനുമാൻ ബെനിവാൾ പരസ്യമായി പറഞ്ഞു .
ദില്ലി അതിർത്തിയിൽ തമ്പടിച്ചിരിക്കുന്നകർഷകരുടെ ആവശ്യങ്ങൾ കേൾക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തയ്യാറായില്ലെങ്കിൽ കേന്ദ്രത്തിൽ എൻഡിഎയ്ക്കുള്ള പിന്തുണ പുനർവിചിന്തനം ചെയ്യേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
"കർഷകരും സൈനികരും ആർഎൽപിയുടെ ശക്തിയാണ്," ബെനിവാൾ ഷായ്‌ക്ക് അയച്ച കത്തിൽ പറഞ്ഞു.
കഴിഞ്ഞയാഴ്ച പ്രതിഷേധിച്ച കർഷകരെ അനുകൂലിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. എന്നാൽ ഇതാദ്യമായാണ് ആർഡിപി എൻഡിഎയ്ക്കുള്ള പിന്തുണ പിൻവലിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. പാർട്ടിക്ക് ഒരു എംപിയും മൂന്ന് എംഎൽഎമാരും രാജസ്ഥാനിൽ ഉണ്ട്.
പ്രതിഷേധിക്കുന്ന കർഷകരെ പിന്തുണയ്ക്കാൻ ഒളിമ്പ്യൻ ബോക്‌സർ വിജേന്ദർ സിംഗ് ബെനിവാളിനോട് ആവശ്യപ്പെട്ടിരുന്നു. ആർഎൽ പി എൻഡിഎയിൽ നിന്ന് അകന്നു നിൽക്കുന്നത് പാർലമെന്റിലെ സമവാക്യങ്ങളെ ബാധിച്ചേക്കില്ല, പക്ഷേ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ ഇതൊരു അവസരമാക്കി മാറ്റി ആർ എൽ പിയെ കൂടെ കൂട്ടാൻ ശ്രമിച്ചേക്കാം.
ചെറിയ സഖ്യകക്ഷി ആണെങ്കിൽ കൂടി ബനിവാളിന്റെ പ്രതികരണം ബി ജെ പിയുടെ അപ്രമാദിത്വത്തിനെതിരെ വിരൽ ചൂണ്ടാൻ മറ്റു ഘടക കക്ഷികൾക്ക് പ്രേരണയാകുമെന്നും പാർട്ടി ഭയപ്പെടുന്നു.
പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഹരിയാനയിലെ ബിജെപി-ജെജെപി സഖ്യത്തെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎൽഎ സോംബിർ സിംഗ് സാങ്‌വാൻ തിങ്കളാഴ്‌ച ഹരിയാന പശൂധൻ ബോർഡ് ചെയർമാൻ സ്ഥാനം രാജിവച്ചിരുന്നു.
എന്നാൽ സംസ്ഥാനത്തെ മനോഹർ ലാൽ ഖത്തർ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയാണോ എന്നതിനെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. "ഞാൻ നിയമസഭയിൽ നൽകിയ പ്രസ്താവന നിങ്ങൾ കേട്ടിരിക്കണം. കർഷകരുടെ താൽപ്പര്യാർത്ഥം മൂന്ന് കാർഷിക ബില്ലുകളുമായി ബന്ധപ്പെട്ട എല്ലാ ആശയക്കുഴപ്പങ്ങളും പരിഹരിക്കണമെന്ന് ഞാൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആശയക്കുഴപ്പം ഇല്ലെങ്കിൽ എന്തുകൊണ്ട് കുഴപ്പമുണ്ടാകും?"
കഴിഞ്ഞ സെപ്റ്റംബറിൽ ബി ജെ പിയുടെ പ്രബല ഘടക കക്ഷിയായിരുന്ന ശിരോമണി അകാലി ദൾ കർഷക സമരത്തെ പിന്തുണച്ചു മുന്നണി വിട്ടിരുന്നു.
കാർഷിക വിളകളുടെ മിനിമം പിന്തുണ വില ഉറപ്പാക്കുന്നതിന് നിയമനിർമ്മാണം നടത്താൻ കേന്ദ്രം വിസമ്മതിച്ചതിനാലും പഞ്ചാബി, സിഖ് പ്രശ്‌നങ്ങളോടുള്ള നിരന്തരമായ അവഗണനയും കാരണമാണ് പാർട്ടി എൻഡിഎയിൽ നിന്ന് പുറത്തുപോയതെന്ന് ഷിരോമണി അകാലിദൾ പ്രസിഡന്റ് സുഖ്ബീർ സിംഗ് ബാദൽ അന്ന് പറഞ്ഞിരുന്നു.
ഇതിനിടയിൽ 36 കർഷക സംഘടനകൾ കേന്ദ്ര സർക്കാരുമായി ചർച്ച നടത്താൻ തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ട്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ഇവരുമായി ചർച്ച നടത്തുമെന്നാണ് വിവരം.
എന്താണ് കർഷകരുടെ ആവശ്യങ്ങൾ?
മൂന്നു പുതിയ കേന്ദ്രനിയമങ്ങൾ കാർഷിക ഉത്പന്നങ്ങളുടെ നിലവിലുള്ള അന്തർസംസ്ഥാന വ്യാപാരത്തിനുള്ള തടസ്സങ്ങൾ (കമ്പോള ഫീസ്, ലെവി) നീക്കാൻ ലക്ഷ്യമിടുന്നു. എന്നാൽ നിലവിലുള്ള പ്രാദേശിയ വിപണി സമ്പ്രദായം ഇല്ലാതാകുന്നത് കോർപ്പറേറ്റുകളുടെ കടന്നുവരവിനും ഉത്പന്നങ്ങളുടെ വിലയിടിവിനും കാരണമാകുമെന്നു കർഷകർ ഭയപ്പെടുന്നു. അതുപോലെ വില നിർണ്ണയിക്കാനുള്ള സംവിധാനത്തിൽ പങ്കാളിത്തം ഇല്ലാതാകുമെന്നതും കർഷകരെ അലട്ടുന്നു.
ചില സംസ്ഥാന സർക്കാരുകളുടെ പിന്തുണ ഇക്കാര്യങ്ങളിൽ നേടുന്നതിൽ പരാജയപ്പെട്ട കർഷകർ കേന്ദ്ര സർക്കാരിനെതിരെ സമ്മർദ്ദം ചെലുത്താൻ തീരുമാനിക്കുകയായിരുന്നു. യുപിയിലെയും ഹരിയാനയിലെയും ബിജെപി സർക്കാരുകൾ കർഷകരെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടപ്പോൾ, രാജസ്ഥാൻ, പഞ്ചാബ് സർക്കാരുകൾ അവരുടെ പ്രക്ഷോഭത്തിന് പൂർണ്ണ പിന്തുണ നൽകി.
പുതിയ നിയമം കൊണ്ടുവന്ന് കേന്ദ്രസർക്കാർ ഈ മൂന്ന് നിയമങ്ങൾ പിൻവലിക്കുകയോ അല്ലെങ്കിൽ അവരുടെ വിളകൾക്ക് കുറഞ്ഞ പിന്തുണ വില (Minimum Support Price) ഉറപ്പ് നൽകുകയോ ചെയ്യണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിരവധി കേന്ദ്രമന്ത്രിമാരും ഹരിയാന മുഖ്യമന്ത്രി ഖട്ടറും ഈ നിയമങ്ങൾ കർഷക വിരുദ്ധമല്ലെന്നു ഉറപ്പ് നൽകിയിട്ടും നിയമനിർമ്മാണം അംഗീകരിക്കാൻ പ്രക്ഷോഭകാരികൾ വിസമ്മതിച്ചു. കർഷകരെ ബോധ്യപ്പെടുത്താൻ സാമൂഹ്യ മാധ്യമങ്ങളിലൂടെ ബിജെപി നടത്തിയ ശ്രമങ്ങളും വിജയം കണ്ടില്ല.
Next Story