നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ 16 ശതമാനം കുറവ്, കഴിഞ്ഞ 10 വര്‍ഷത്തിനിടെയിലെ ആദ്യ ഇടിവ്

2022- 23 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തേക്കുള്ള നേരിട്ടുള്ള വിദേശനിക്ഷേപം 16 ശതമാനം കുറഞ്ഞു. മൊത്തം 7,100 കോടി ഡോളറിന്റെ നിക്ഷേപമാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയതെന്ന് ആര്‍.ബി.ഐയുടെ പ്രതിമാസ ബുള്ളറ്റിന്‍ വെളിപ്പെടുത്തുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 8,483.5 കോടി ഡോളറായിരുന്നു.

കഴിഞ്ഞ 10 വര്‍ഷത്തിനിടെയിലെ ആദ്യ ഇടിവാണിത്. 2012-13 സാമ്പത്തിക വര്‍ഷത്തിലാണ് ഇതിനു മുന്‍പ് നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ ഇടിവ് സംഭവിച്ചത്. അന്ന് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനം ഇടിവോടെ 3,482.9 കോടി ഡോളറായിരുന്നു ഗ്രോസ് എഫ്.ഡി.ഐ. ആഗോള സാമ്പത്തിക സ്ഥിതി ദുര്‍ബലമായതാണ് എഫ്. ഡി. ഐ കുറയാന്‍ ഇടയാക്കിയത്. സാമ്പത്തിക വര്‍ഷത്തിന്റെ എല്ലാ മാസങ്ങളിലും തന്നെ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ ഇടിവ് ദൃശ്യമായിരുന്നു.

സ്റ്റാര്‍ട്ടപ്പുകളിലും നിക്ഷേപം ശുഷ്‌കം

കൊറോണയുടെ പിടിയില്‍ അമര്‍ന്ന 2020ല്‍ പോലും വിദേശനിക്ഷേപം കുറയാത നിലനിര്‍ത്താന്‍ സാധിച്ചിരുന്നു. റിലയന്‍സ് ജിയോയിലും സ്റ്റാര്‍ട്ടപ്പ് കമ്പനികളിലും ആ സമയത്തു ടെക് ഭീമന്മാര്‍ വമ്പന്‍ നിക്ഷേപങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ യു.എസ്, യൂറോപ്പ് വിപണികളിലെ ഉയര്‍ന്ന പണപ്പെരുപ്പവും ദുര്‍ബലമായ ഡിമാന്‍ഡും സ്റ്റാര്‍ട്ടപ്പ് നിക്ഷേപങ്ങളിലും കുറവുണ്ടാക്കുന്നു.ആഗോളതലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സര്‍പ്ലസ് പണം എത്തുന്നത് സ്റ്റാര്‍ട്ടപ്പ് കമ്പനികളിലേക്കാണ്.

മാനുഫാക്ചറിംഗ്, കംപ്യൂട്ടര്‍ സേവനങ്ങള്‍, ആശയ വിനിമയ സേവനങ്ങള്‍ എന്നിവയിലാണ് കൂടുതല്‍ ഇടിവ് രേഖപ്പെടുത്തിയത്. യു.എസ്, സ്വിറ്റ്‌സര്‍ലന്റ്, മൗറീഷ്യസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപത്തില്‍ ഇക്കാലയളവില്‍ വലിയ കുറവുണ്ടായി. അതേസമയം, സെമി കണ്ടക്റ്റര്‍ വ്യവസായത്തില്‍ ഏറ്റവും കൂടുതല്‍ എഫ്.ഡി.ഐ ആകര്‍ഷിച്ച രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ, യു.എസ് ആണ് മുന്നില്‍.

വിദേശ വിപണികളില്‍ നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥയുടെ ഫലമാണ് നിക്ഷേപത്തില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന കുറവെന്നും സാമ്പത്തികരംഗം ഉണര്‍വിലേക്ക് എത്തുന്നതോടെ നിക്ഷേപം വീണ്ടും ഉയരുമെന്നുമാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ.

വിദേശത്തേക്കും പണമൊഴുക്ക് കുറഞ്ഞു

ഇന്ത്യയില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്കുള്ള നിക്ഷേപത്തിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്. വിദേശരാജ്യങ്ങളിലേക്കുള്ള നിക്ഷേപം 23 ശതമാനം ഇടിഞ്ഞ് 1,360 കോടി ഡോളറായി. മറ്റു രാജ്യങ്ങളിലേക്കുള്ള നിക്ഷേപത്തില്‍ ഇന്ത്യന്‍ കമ്പനികളും വിമുഖത കാണിക്കുന്നതായാണ് ഇത് സൂചിപ്പിക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it