ഓരോ തവണ ആധാര്‍ നമ്പര്‍ തെറ്റിക്കുമ്പോഴും 10,000 രൂപ പിഴ; പണം കൈമാറ്റം ചെയ്യുന്നവര്‍ അറിയാന്‍
ഉയര്‍ന്ന തുക കൈമാറ്റം ചെയ്യുമ്പോള്‍ ഇനി ആധാര്‍ നമ്പര്‍ തെറ്റിക്കുന്നവര്‍ക്ക് പണികിട്ടും. ഓരോ തവണ ആധാര്‍ നമ്പര്‍ തെറ്റിക്കുമ്പോഴും കനത്ത പിഴ ഈടാക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഒറ്റ തവണ ആധാര്‍ നമ്പര്‍ തെറ്റിച്ചാല്‍ 10,000 രൂപ പിഴ ഈടാക്കും.
ഓരോ തവണയും തെറ്റു വരുത്തിയാല്‍ 10,000 രൂപ വീതം തന്നെ പിഴ അടയ്‌ക്കേണ്ടി വരുമെന്നതാണ് സത്യം. സെപ്റ്റംബര്‍ ഒന്ന് മുതല്‍ തീരുമാനം നടപ്പിലാക്കുമെന്നാണ് വിവരം. ഇതിനാവശ്യമായ നിയമ ഭേദഗതികള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഉയര്‍ന്ന തുകയുടെ കൈമാറ്റത്തിന് പാന്‍ നമ്പര്‍ നിര്‍ബന്ധമായിരുന്നു. എന്നാല്‍ പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് പകരം ആധാര്‍ നമ്പര്‍ ഉപയോഗിക്കാമെന്ന് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനമുണ്ടായിരുന്നു. മാത്രമല്ല ആധാറും പാന്‍ നമ്പറും ബന്ധിപ്പിച്ചവര്‍ക്ക് വേണമെങ്കില്‍ പാന്‍ നമ്പറിനു പകരം ആധാര്‍ നമ്പര്‍ ഉപയോഗിക്കാമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. എന്നാല്‍ ആധാര്‍ നമ്പര്‍ തെറ്റായി നല്‍കിയാല്‍ മറ്റു പൗരന്മാര്‍ക്കും പ്രശ്‌നമാകാന്‍ ഇടയുള്ളതിനാലാണ് പുതിയ ഭേദഗതി.