2020- 21 ല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 0.8 % മാത്രം : ഫിച്ച്

2020-21 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം ഫിച്ച് റേറ്റിംഗ്‌സ്് 0.8 ശതമാനമാക്കി കുറച്ചു. കൊറോണ വൈറസ് ബാധയും ലോക്ക്ഡൗണുകളും മൂലമുണ്ടായ സമാനതകളില്ലാത്ത ആഗോള മാന്ദ്യം മുന്‍നിര്‍ത്തിയാണ് ജിഡിപി വളര്‍ച്ചാ അനുമാനം ക്രമേണ റേറ്റിംഗ് ഏജന്‍സി ഒന്നിനു താഴേക്ക് കൊണ്ടുവന്നത്.

മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയത് 4.9 ശതമാനം വളര്‍ച്ചയായിരുന്നു. അതേസമയം, രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 2021-22 ല്‍ 6.7 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ തുടര്‍ച്ചയായ രണ്ട് ത്രൈമാസ സങ്കോചം അഥവാ നെഗറ്റീവ് വളര്‍ച്ച റേറ്റിംഗ് ഏജന്‍സി പ്രവചിക്കുന്നു, ഏപ്രില്‍-ജൂണ്‍ പാദത്തില്‍ - 0.2 ശതമാനവും ജൂലൈ-സെപ്റ്റംബറില്‍ - 0.1 ശതമാനവും.

ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ കണക്കാക്കുന്നത്് 4.4 ശതമാനം വളര്‍ച്ചയാണ്. 2020 കലണ്ടര്‍ വര്‍ഷത്തിന്റെ അവസാന പാദത്തില്‍ വളര്‍ച്ച 1.4 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.രാജ്യത്തെ ഉപഭോക്തൃ ചെലവ് 0.3 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇത് 5.5 ശതമാനമായിരുന്നു. സ്ഥിര നിക്ഷേപത്തില്‍ 3.5 ശതമാനം കുറവുണ്ടായതായും ഫിച്ച് പറഞ്ഞു.

ആഗോള ജിഡിപി പ്രവചനങ്ങളിലും വലിയ വെട്ടിക്കുറവ് വരുത്തിയിട്ടുണ്ട്. 'ലോക ജിഡിപി 2020 ല്‍ 3.9 ശതമാനം കുറയുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് യുദ്ധാനന്തര കാലഘട്ടത്തിലെ അഭൂതപൂര്‍വമായ മാന്ദ്യത്തിന്റെ പ്രതിഫലനമാണ്' ഫിച്ച് റേറ്റിംഗ്‌സിലെ ചീഫ് ഇക്കണോമിസ്റ്റ് ബ്രയാന്‍ കോള്‍ട്ടണ്‍ പറഞ്ഞു. 2009 ലെ സാമ്പത്തിക മാന്ദ്യത്തിന്റെ ഇരട്ടി തീവ്രതയാണിപ്പോഴുള്ളത്. ആഗോള മഹാമാരിയുടെ വിനാശകരമായ സാമ്പത്തിക ആഘാതത്തില്‍ നിന്ന് ഒരു രാജ്യത്തെയോ പ്രദേശത്തെയോ ഒഴിവാക്കാനാവില്ലെന്നും റേറ്റിംഗ് ഏജന്‍സി അറിയിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it