നേരിട്ടുള്ള വിദേശ നിക്ഷേപം കുത്തനെ ഉയര്‍ന്നു, നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഇരട്ടിയിലധികം വര്‍ധന

രാജ്യത്തേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം കുത്തനെ ഉയരുന്നു. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍-ജുലൈ കാലയളവിലെ വിദേശ നിക്ഷേപത്തില്‍ ഇരട്ടിയിലധികം വര്‍ധനവാണുണ്ടായത്. 2021-22 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ നാല് മാസങ്ങളില്‍ മൊത്തം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 27.37 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 16.92 ബില്യണ്‍ ഡോളറായിരുന്നു.

അതേസമയം,ഈ കാലയളവിലെ നേരിട്ടുള്ള ഇക്വിറ്റി എഫ്ഡിഐ 112 ശതമാനം വര്‍ധിച്ച് 20.42 ബില്ല്യണ്‍ ഡോളറായി. വ്യവസായ വാണിജ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ''2021--22 ലെ ആദ്യ നാല് മാസങ്ങളില്‍ എഫ്ഡിഐ ഇക്വിറ്റി ഇന്‍ഫ്‌ളോ 112 ശതമാനം വര്‍ധിച്ചു'' മന്ത്രാലയം ഒരു പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 9.61 ബില്യണ്‍ ഡോളറായിരുന്ന ഇക്വിറ്റി എഫ്ഡിഐ ആണ് 20.42 ബില്യണ്‍ ഡോളറായി ഉയര്‍ന്നത്.

അവലോകന കാലയളവില്‍ ഓട്ടോമൊബൈല്‍ വ്യവസായ മേഖലയിലാണ് കൂടുതല്‍ നിക്ഷേപമെത്തിയത്. മൊത്തം എഫ്ഡിഐ ഇക്വിറ്റി ഇന്‍ഫ്‌ളോയുടെ 23 ശതമാനം വിഹിതം. 18 ശതമാനം വിഹിതവുമായി കമ്പ്യൂട്ടര്‍ സോഫ്‌റ്റ്വെയര്‍ & ഹാര്‍ഡ്വെയര്‍ മേഖല, 10 ശതമാനം വിഹിതവുമായി സേവന മേഖല എന്നിവയാണ് പിന്നിലുള്ളത്. മൊത്തം എഫ്ഡിഐ ഇക്വിറ്റി ഇന്‍ഫ്‌ളോയുടെ 45 ശതമാനം വിഹിതവും കര്‍ണാടകയിലേക്കാണ്. മഹാരാഷ്ട്ര (23 ശതമാനം), ഡല്‍ഹി (12 ശതമാനം) എന്നിവയാണ് പിന്നിലുള്ളത്.

നേരിട്ടുള്ള വിദേശ നിക്ഷേപത്തിലെ നയ പരിഷ്‌കാരങ്ങള്‍, നിക്ഷേപം സുഗമമാക്കല്‍, ബിസിനസ് എളുപ്പമാക്കുക എന്നീ മേഖലകളില്‍ സര്‍ക്കാര്‍ സ്വീകരിച്ച ഇളവുകള്‍ രാജ്യത്തേക്ക് എഫ്ഡിഐയുടെ ഒഴുക്ക് വര്‍ധിപ്പിക്കാന്‍ കാരണമായതായി വ്യവസായ വാണിജ്യ മന്ത്രാലയം പറഞ്ഞു.

Related Articles

Next Story

Videos

Share it