ആര്‍ബിഐ മുതല്‍ എല്‍ഐസി വരെ; ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് എത്തിയ തുക ഇങ്ങനെ

പിഎം കെയേഴ്സ് ഫണ്ട് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്ന് വാദിച്ച് അതിലേക്കുളള സംഭാവനകളുടെ വിവരങ്ങള്‍ പുറത്ത് വിടാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിസമ്മതിച്ചതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ ആയിരുന്നു സോഷ്യല്‍മീഡിയയിലും അല്ലാതെയും. എന്നാലപ്പോള്‍ പിഎം കെയേഴ്‌സ് ഫണ്ടിലേക്കെത്തിയ തുകയുടെ വിവരങ്ങള്‍ ലഭിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആര്‍ടിഐ വിഭാഗത്തോട് പ്രതികരിച്ച, രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ അടക്കമുളള സ്ഥാപനങ്ങളില്‍ നിന്നും പ്രധാനമന്ത്രിയുടെ പിഎം കെയേഴ്സ് ഫണ്ടിലേക്ക് 349.25 കോടി രൂപയെത്തിയതായാണ് കണക്ക്. 7 പൊതുമേഖലാ ബാങ്കുകള്‍, 7 ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, റിസര്‍വ് ബാങ്ക് എന്നിവയില്‍ നിന്ന് ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നുള്ള സംഭാവനയായി 204.75 കോടി രൂപ പിഎം കെയേഴ്സ് ഫണ്ടിലേക്ക് എത്തിയെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആര്‍ബിഐ മാത്രം സ്റ്റാഫ് സാലറി വിഭാഗത്തില്‍ നിന്നും പിഎം കെയേഴ്‌സിലേക്ക് നല്‍കിയത് 7.34 കോടി രൂപയാണ്. എസ്ബിഐ ബാങ്ക് 107.95 കോടി രൂപയും. രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും കഴിഞ്ഞ ആഴ്ച എത്തിയത് മാത്രം 21.81 കോടി രൂപയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിവരാവകാശത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ എക്‌സ്പ്രസ് പങ്കിടുന്ന രേഖകള്‍ പ്രകാരം രാജ്യത്തെ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും മറ്റ് ആനുകൂല്യങ്ങളില്‍ നിന്നുമായി മാത്രം നല്‍കിയ ഫണ്ട് വിവരങ്ങള്‍ ചുവടെ:

  • കാനറാ ബാങ്ക് 15.53 കോടി നല്‍കിയത് മാത്രമാണ് വ്യക്തമാക്കുന്നത്.
  • യൂണിയന്‍ ബാങ്ക് 14.81 കോടി (ജീവനക്കാരുടെ ഒരു ദിവസത്തെ ലീവ് എന്‍കാഷ്‌മെന്റ് )
  • സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 11.89കോടി രൂപ (ജീവനക്കാരുടെ രണ്ടു ലീവ് എന്‍കാഷ്‌മെന്റ് )
  • ബാങ്ക് ഓഫ് മഹാരാഷ്ട്ര 5 കോടി രൂപ (ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം, രണ്ട് ദിവസത്തെ ലീവ് എന്‍കാഷ്‌മെന്റ് )
  • സിഡ്ബി( Small Industries Development Bank of India, ) 80 ലക്ഷം രൂപ (ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നുള്ള വോളണ്ടറി കോണ്‍ട്രിബ്യൂഷന്‍)
    ജിഐസി 14.51 ലക്ഷം രൂപ (ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം)
  • ഐആര്‍ഡിഎഐ (Insurance Regulatory and Development Authortiy) 16.08 ലക്ഷം രൂപ. (ജീവനക്കാരുടെ വോളണ്ടറി കോണ്‍ട്രിബ്യൂഷന്‍)
  • നബാര്‍ഡ് (National Bank for Agriculture and Rural Developmetn) 9.04 കോടി രൂപ (ജീവനക്കാരുടെയും റിട്ടയേര്‍ഡ് സ്റ്റാഫിന്റെയും ശമ്പളത്തില്‍ നിന്നുള്ള പിടിക്കല്‍)
  • നാഷണല്‍ ഹൗസിംഗ് ബാങ്ക് 3.82 ലക്ഷം (ജീവനക്കാരുടെ കോണ്‍ട്രിബ്യൂഷന്‍)

എല്‍ഐസി മാത്രം പിഎം കെയേഴ്സിലേക്ക് 113. 63 കോടി രൂപ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. അതില്‍ 8.64 കോടി രൂപ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും 100 കോടി കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ വകയും 5 കോടി ഗോള്‍ഡന്‍ ജൂബിലി ഫൗണ്ടേഷന്‍ വകയിലുമാണ് നല്‍കിയിരിക്കുന്നത്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് പുറമേ പ്രൈം മിനിസ്റ്റേഴ്സ് സിറ്റിസണ്‍ അസിസ്റ്റന്‍ഡ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍സ് അഥവാ പിഎം കെയേഴ്സ് ഫണ്ട് രൂപീകരിച്ചത്. 2020 മാര്‍ച്ച് 28 ന് ആരംഭിച്ച പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് മാര്‍ച്ച് 31 കൊണ്ട് തന്നെ 3076.62 കോടി എത്തിയെന്ന് വെബ്‌സൈറ്റ് രേഖകളില്‍ വ്യക്തമായിരുന്നു. ഓഗസ്റ്റ് 19 ന് പുറത്തുവന്ന ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് 38 പിഎസ് യു കളില്‍ നിന്നായി സിഎസ്ആര്‍ ഫണ്ടായി മാത്രം 2,105 കോടി രൂപ നല്‍കിയിട്ടുണ്ടെന്നാണ്.

പിഎം കെയേഴ്സ് ഫണ്ട് സുതാര്യമല്ലെന്ന് കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇപ്പോള്‍ കണക്കുകള്‍ക്ക് പിന്നാലെയാണ് പ്രതിപക്ഷ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നത്. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോഴും എങ്ങുമെത്താത്ത ആരോഗ്യപരിരക്ഷാ സംവിധാനങ്ങളെയാണ് ഇവര്‍ വിമര്‍ശിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it