ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് പ്രതീക്ഷയുടെ കിരണങ്ങളുണ്ടോ, മൂന്നാം പാദത്തില്‍ എങ്കിലും വളര്‍ച്ച കൈവരിക്കുമോ?

കോവിഡ് മഹാമാരി ലോകം എമ്പാടും ദുരിതങ്ങള്‍ നല്‍കി ആണ് മുന്നോട്ടു പോകുന്നത്. നിരവധി ആളുകളുടെ ജോലി നഷ്ടപ്പെടുകയും, സാമ്പത്തിക രംഗത്ത്് വിവരിക്കാനാകാത്ത നഷ്ടങ്ങള്‍ ഏര്‍പ്പെടുത്തിയും ലോകത്തെ ദുരിതപര്‍വ്വത്തില്‍ ആക്കി. ഈ മഹാമാരി ഇന്ത്യയിലെ സമ്പത് രംഗത്തും ഒട്ടേറെ നാശനഷ്ടങ്ങള്‍ വരുത്തി കൊണ്ടിരിക്കുന്നു. പ്രധാനമായും വളര്‍ച്ച നിരക്ക് കുത്തനെ ഇടിയുകയും രാജ്യത്തെ സാമ്പത്തിക രംഗം കൂടുതല്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നതും ആണ് കുറെ നാളുകളായി കണ്ടു വന്നത്. ഇന്ത്യയുടെ GDP ആദ്യ പാദത്തില്‍ തകര്‍ന്നു അടിഞ്ഞത് 23.9 ശതമാനം ആയിരുന്നു. എന്നാല്‍ പുതിയ കണക്കുകള്‍ പ്രകാരം വന്‍ ഇടിവില്‍ കുറവ് ഉണ്ടാവുകയും അടുത്ത പാദത്തില്‍ എങ്കിലും വളര്‍ച്ചക്ക് സാധ്യത ഉണ്ടെന്നു സൂചിപ്പിക്കുകയും ചെയ്യുന്നു. ഇന്നലെ പുറത്തു വിട്ട കണക്കു പ്രകാരം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) ജൂലൈ സെപ്റ്റംബര്‍ കാലയളവില്‍ 7.5 ശതമാനമാണ് ഇടിഞ്ഞത്. ഇപ്പോളും വളര്‍ച്ച നിരക്ക് ഇല്ലെങ്കിലും ആദ്യ പാദത്തെ നിസ്സഹായ അവസ്ഥയില്‍ നിന്നും ഗണ്യമായ പുരോഗതി ആണ് സൂചിപ്പിക്കുന്നത്. പല വിദഗ്ധന്മാരും ഇതിലും മോശമായ ഒരു ഇടിവ് ആണ് പ്രതീക്ഷിച്ചിരുന്നത്.

സമ്പത് വ്യവസ്ഥയില്‍ ഏല്പിച്ച ആഘാതത്തില്‍ നിന്നും രാജ്യം പൂര്‍ണമായും വിടുതല്‍ നേടിയില്ലായെങ്കിലും പ്രതീക്ഷക്ക് വരും പാദങ്ങളില്‍ സാധ്യതയേറിയെന്നാണ് പുതിയ സാമ്പത്തിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യയിലെ പ്രമുഖ വ്യവസായികളും സാമ്പത്തിക വിദഗ്ധരും പുതിയ കണക്കുകളെ സ്വാഗതം ചെയ്തു.

വേദാന്ത ചെയര്‍മാന്‍ തന്റെ ട്വീറ്റില്‍ ഇങ്ങനെ പറഞ്ഞു: 'Q2 #GDP കണക്കുകള്‍ കാണിക്കുന്നത് ഇക്കോണമി കരകേറുന്നു എന്നാണ്. സര്‍ക്കാരിന്റെ ഉത്തേജന, പരിഷ്‌കാര നടപടികള്‍ ശരിയായ പാതയിലാണെന്ന് ആണ് ഇത് കാണിക്കുന്നത്. നമ്മള്‍ക്കു H2 FY21 വളര്‍ച്ചയും FY22 രണ്ടക്ക വളര്‍ച്ചയും രേഖപ്പെടുത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.'

കഴിഞ്ഞ കുറെ മാസങ്ങളായി വന്ന ലോക്ക്‌ഡൌണ്‍ ഇളവുകള്‍ സാമ്പത്തിക രംഗത്ത് നല്ല മാറ്റങ്ങള്‍ ഉണ്ടാക്കിയതായി ഇകക ഡയറക്ടര്‍ ചന്ദ്രജിത് ബാനെര്‍ജി അഭിപ്രായപ്പെട്ടു.

'ഈ ട്രെന്‍ഡ് നിലനില്‍ക്കുകയും മൂന്നാം പാദത്തില്‍ അതിന്റെ ഗുണങ്ങള്‍ ദൃശ്യമാകുകയും ചെയ്യുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്. Private consumption രണ്ടാം പാദത്തില്‍ മോശം ആയിരുന്നെങ്കിലും അടുത്ത പാദത്തില്‍ മെച്ചപ്പെടുമെന്ന് സൂചനകളുണ്ട്.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഈ സാമ്പത്തിക വര്‍ഷം ഇതുവരെ ആകെ 8.1 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം പ്രകടനമായാണ് ഇതിനെ കണക്കാക്കുന്നത്.

മുന്‍വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ ഇടിവ് തുടര്‍ച്ചയായ രണ്ടു പാദങ്ങളില്‍ രേഖപ്പെടുത്തുന്നതോടെ രാജ്യം ടെക്‌നിക്കല്‍ റിസഷനില്‍ എത്തുന്നതായാണ് കണക്കാക്കുന്നത്.

മാനുഫാക്ചറിംഗ് സെക്ടറില്‍ ഉണ്ടായ വളര്‍ച്ച പ്രോത്സാഹനകരമാണ് എന്ന് FICCI പ്രസിഡന്റ് സംഗീത റെഡ്ഡി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ പാദത്തില്‍ 39 ശതമാനം ഇടിഞ്ഞ മാനുഫാക്ചറിംഗ് ഇത്തവണ 0.6 ശതമാനം വളര്‍ന്നു.

നേരത്തെ ഉള്ള അനുമാനം വെച്ച് ഏകദേശം 10 ശതമാന ഇടിവ് ആണ് പലരും പ്രതീക്ഷിച്ചിരുന്നത് എന്ന് Assocham സെക്രട്ടറി ജനറല്‍ ദീപക് സൂദ് പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പകുതി നല്ല വാര്‍ത്തകള്‍ നല്‍കുമെന്ന് ഉറപ്പായും പ്രതീക്ഷിക്കാം എന്ന് സൂദ് കൂട്ടിച്ചേര്‍ത്തു.

പ്രതീക്ഷിച്ചതിലും മികച്ച രീതിയില്‍ ഉള്ള ഒരു തിരിച്ചു വരവ് നടത്തി എന്നത് ആശ്വാസകരമായ വാര്‍ത്ത ആണെങ്കിലും, കോവിടിന്റെ വ്യാപന രീതിയില്‍ ഉള്ള വ്യതിയാനങ്ങളും അവയെ നിയന്ത്രിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ അവലംബിക്കുന്ന പദ്ധതികളും തുടര്‍ന്നുള്ള വളര്‍ച്ചക്ക് പ്രധാനമാണ്. ഇന്ത്യ ചൈന അതിര്‍ത്തിയിലെ പ്രശനങ്ങള്‍ തല്ക്കാലം കെട്ടടങ്ങിയതും സാമ്പത്തിക രംഗത്തെ സംബന്ധിച്ച് ശുഭസൂചകമാണ്. നിലവിലെ സാഹചര്യത്തില്‍ അടുത്ത പാദത്തില്‍ നേരിയ തോതില്‍ എങ്കിലും ഒരു വളര്‍ച്ച ഇന്ത്യന്‍ സാമ്പത്തിക രംഗം നേടിയെടുക്കും എന്നാണ് പല വിദഗ്ധരും അഭിപ്രായപ്പെടുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it