ജിഡിപി കണക്കുകൾ പുറത്തു വന്നപ്പോൾ അൽപം ആശ്വാസം

സെപ്റ്റംബർ 30-നവസാനിച്ച പാദത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 6.3 ശതമാനമാണ്. തലേ പാദത്തിലെ 13.5 ശതമാനത്തിൻ്റെ പകുതിയിൽ താഴെ. കഴിഞ്ഞ വർഷം രണ്ടാം പാദത്തിലെ 8.4 ശതമാനം വളർച്ചയെക്കാളും താഴെ. എങ്കിലും റിസർവ് ബാങ്ക് ഒന്നര മാസം മുൻപു കണക്കാക്കിയ തോതിൽ വളർച്ച വന്നത് ആശ്വാസകരമാണ്.

റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്ന ഏഴു ശതമാനം വാർഷിക വളർച്ച സാധ്യമായേക്കും എന്ന് ഇതു പ്രതീക്ഷ പകരുന്നു.

രണ്ടാം പാദ ജിഡിപി സ്ഥിരവിലയിൽ 38.17 ലക്ഷം കോടി രൂപയാണ്. കോവിഡിനു മുൻപുള്ള 2019 ജൂലൈ - സെപ്റ്റംബറിൽ 35.62 ലക്ഷം കോടി ഉണ്ടായിരുന്നു. അവിടെ നിന്നു മൂന്നു വർഷം കൊണ്ടുള്ള വർധന 7.1 ശതമാനം മാത്രമാണ്. അതായതു കഴിഞ്ഞ മൂന്നു വർഷങ്ങളിലെ പ്രതിവർഷ ശരാശരി വളർച്ച 233 ശതമാനം മാത്രം.

ഒന്നാം പാദത്തിലെ 1.09 ശതമാനം ശരാശരി വളർച്ചയേക്കാൾ മെച്ചം എന്നു മാത്രം. കോവിഡ് മഹാമാരി സമ്പദ്ഘടനയിൽ വരുത്തിയ ക്ഷതത്തിൻ്റെ നഷ്ടം നികത്താൻ ഇനിയുമേറെ ദൂരം പോകണമെന്നു ചുരുക്കം.

തന്നാണ്ടു വിലയിൽ രണ്ടാം പാദ ജിഡിപി 65.31 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വർഷം 56.2 ലക്ഷം കോടിയായിരുന്നു. 16.2 ശതമാനം വളർച്ച. ഒന്നാം പാദത്തിൽ 26.7 ശതമാനം ഉണ്ടായിരുന്നു. വിലക്കയറ്റത്തോത് കുറഞ്ഞതാണു വലിയ വ്യത്യാസത്തിനു കാരണം.

വ്യവസായ മേഖലയിൽ തളർച്ച തുടരുമോ?

രണ്ടാം പാദത്തിൽ വ്യവസായ മേഖല 0.8 ശതമാനം ഇടിഞ്ഞു. മൂല്യവർധന (ജിവിഎ-ഗ്രോസ് വാല്യു ആഡഡ്) കണക്കിൽ വ്യവസായ മേഖല 4.3 ശതമാനം ചുരുങ്ങി.

ഇന്നലെ പുറത്തു വന്ന കാതൽ മേഖലയിലെ വ്യവസായ ഉത്പാദന കണക്ക് ഒട്ടും ആശ്വാസകരമല്ല. ഒക്ടോബറിൽ കാതൽ മേഖലയിലെ എട്ടു വ്യവസായങ്ങളിലെ ഉൽപാദന വർധന വെറും 0.1 ശതമാനമായി ഇടിഞ്ഞു. സെപ്റ്റംബറിൽ 7.8 ശതമാനം വളർച്ച ഉണ്ടായിരുന്നു.

വ്യവസായ ഉൽപാദന സൂചികയുടെ 40 ശതമാനം കാതൽ മേഖലയുടേതാണ്. വരുന്ന മാസങ്ങളിലെ വ്യവസായ ഉൽപാദന വളർച്ചയുടെ മേൽ കരിനിഴൽ വീഴ്ത്തുത്തുന്നതാണ് ഈ കണക്ക്. രണ്ടാം പാദത്തിലെ തളർച്ച വ്യവസായ മേഖല തുടരുമോ എന്ന ആശങ്ക ജനിപ്പിക്കുന്നതാണ് ഈ കണക്കുകൾ.

കൂട്ടത്തില്‍ സേവന മേഖലയാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. മൂന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 9.3 ശതമാനം വളര്‍ച്ചയാണ് സേവന മേഖല നേടിയത്. കാര്‍ഷിക മേഖല 4.6 ശതമാനവും നിര്‍മാണ രംഗം 6.6 ശതമാനവും വളര്‍ന്നു.


Related Articles
Next Story
Videos
Share it