ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളും കൃത്രിമബുദ്ധിയും ബുദ്ധിമുട്ടിക്കും; ആഗോള വളര്‍ച്ച മന്ദഗതിയിലാകും

ആഗോളതലത്തിലുള്ള പിരിമുറുക്കങ്ങളുടെയും സാമ്പത്തിക മേഖലയിലെ ചാഞ്ചാട്ടങ്ങളുടെയും പ്രത്യാഘാതങ്ങള്‍ കുറയ്ക്കാന്‍ ആഗോളതലത്തിലുള്ള സഹകരണം അത്യാവശ്യമായിരിക്കുന്നു.
2024 ലോക സാമ്പത്തിക മേഖലയ്ക്ക് അത്ര നല്ലതായിരിക്കില്ലെന്നാണ് വിലയിരുത്തല്‍. 2024ല്‍ ആഗോള സാമ്പത്തിക മേഖല ദുര്‍ബലമാകുമെന്നാണ് ഭൂരിഭാഗം സാമ്പത്തിക ശാസ്ത്രജ്ഞരും പ്രതീക്ഷിക്കുന്നത്. ഭൗമ-സാമ്പത്തിക മേഖലയിലെ പ്രശ്‌നങ്ങള്‍ അതിന്റെ വേഗം കൂട്ടും. കടുത്ത സാമ്പത്തിക സാഹചര്യങ്ങള്‍, ഭൗമ-രാഷ്ട്രീയ പ്രശ്‌നങ്ങള്‍, ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (Generative AI) ദ്രുതഗതിയിലുള്ള വികസനം എന്നിവയാണ് മറ്റു വെല്ലുവിളികള്‍. വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയ ചീഫ് ഇക്കണോമിസ്റ്റ് ഔട്ട്‌ലുക്ക് അനുസരിച്ച് ഉയര്‍ന്ന പണപ്പെരുപ്പ നിരക്കില്‍ കുറവുണ്ടാകാമെങ്കിലും 2024ല്‍ ഒരു മേഖലയും കരുത്തുറ്റ വളര്‍ച്ച നേടുമെന്ന പ്രതീക്ഷയില്ല.
വളര്‍ച്ച എങ്ങോട്ട്?
വളര്‍ച്ച സ്തംഭനാവസ്ഥയിലാണെന്നും സാമ്പത്തിക സ്ഥിതി കടുത്തതായിരിക്കുകയാണെന്നും ആഗോള പിരിമുറുക്കം വര്‍ധിച്ചു വരികയും അസമത്വം ഉയര്‍ന്നു വരികയും ചെയ്യുന്നുണ്ടെന്നും ലോക സാമ്പത്തിക ഫോറം മാനേജിംഗ് ഡയറക്റ്റര്‍ സാദിയ സാഹിദി പറയുന്നു. സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ സാമ്പത്തിക വളര്‍ച്ച നേടുന്നതിന് അടിയന്തരമായി ആഗോള സഹകരണത്തിന്റെ ആവശ്യകതയിലേക്കാണിത് വിരല്‍ചൂണ്ടുന്നത്. ഭൗമ-രാഷ്ട്രീയ ഘടകങ്ങള്‍ ആഗോള സമ്പദ്രംഗത്തും ഓഹരി വിപണിയിലും ചാഞ്ചാട്ടങ്ങള്‍ക്ക് കാരണമാകുമെന്നും പ്രാദേശികവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുമെന്നും ഭൗമ സാമ്പത്തിക ആശങ്കകള്‍ ശക്തിപ്പെടുത്തുമെന്നും മൂന്നു വര്‍ഷത്തിനുള്ളില്‍ വടക്കും തെക്കുമായുള്ള വിടവ് വ്യാപിക്കുമെന്നും പല സാമ്പത്തിക വിദഗ്ധരും കരുതുന്നു. ജാഗ്രതയോടെയുള്ള ശുഭാപ്തി വിശ്വാസമാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം.


(This article was originally published in Dhanam Magazine February 15th issue)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it