എന്‍ ബി എഫ് സികള്‍ക്കുള്ള മെച്ചമെന്ത്?
സാമ്പത്തിക വളര്‍ച്ചയ്ക്ക് വ്യക്തമായ ഊന്നല്‍ നല്‍കിക്കൊണ്ടുള്ളതാണ് കേന്ദ്ര ബജറ്റ്. വളര്‍ച്ചയ്ക്കും തൊഴിലുകള്‍ സൃഷ്ടിക്കുന്നതിനും ഉപകരിക്കുന്ന വിധത്തില്‍ മൂലധന ചെലവ് ബജറ്റില്‍ വിഭാവനം ചെയ്തിട്ടുണ്ട്. എംഎസ്എംഇ മേഖലയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളും ഡിജിറ്റല്‍ ബാങ്കിംഗിന് നല്‍കിയ ഊന്നലും സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകരും. കോവിഡ് മഹാമാരിക്കാലത്ത് ഏറ്റവും വെല്ലുവിളികള്‍ നേരിട്ട രംഗമാണ് ചെറുകിട, ഇടത്തരം വ്യവസായ മേഖല. ഈ മേഖലയിലെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും താങ്ങ് നല്‍കുന്നതിനും ഇസിഎല്‍ജിഎസ് സ്‌കീം നീട്ടുകയും സൂക്ഷ്മ നാമമാത്ര സംരംഭങ്ങള്‍ക്കുള്ള സാമ്പത്തിക പദ്ധതി പരിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ ഫണ്ട് അനുവദിച്ചുകൊണ്ടാണ് ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റ് ഫോര്‍ മൈക്രോ സ്‌മോള്‍ എന്റര്‍പ്രൈസസ് (സിജിടിഎംഎസ്ഇ) പരിഷ്‌കരിച്ച് അവതരിപ്പിക്കുന്നത്. എംഎസ്എംഇകള്‍ക്കായി രണ്ട് ലക്ഷം കോടി രൂപ അധിക വിഹിതം വരുമ്പോള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ കൂടിയാണ് സൃഷ്ടിക്കപ്പെടുന്നത്.