ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയ്ക്ക് ഗുണമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

ആഗോള സാമ്പത്തിക മാന്ദ്യം (Global Economic Slowdown) ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ.വി. അനന്ത നാഗേശ്വരന്‍. രാജ്യം നടപ്പ് സാമ്പത്തിക വര്‍ഷം 7.2-7.4 ശതമാനം വളര്‍ച്ച (മൊത്ത ആഭ്യന്തര ഉദ്പാതനം-GDP) കൈവരിക്കുമെന്നും ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഇക്കാലയളവില്‍ ഇന്ത്യയുടെ ജിഡിപി 7.2 ശതമാനം വളര്‍ച്ച നേടുമെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമാനം. അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) വളര്‍ച്ചാ പ്രവചനം 7.4 ശതമാനം ആണ്. വികസിത രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ കടുത്ത പണനയം സ്വീകരിച്ചാലും ഇല്ലെങ്കിലും ആഗോള വളര്‍ച്ചയെ അത് ബാധിക്കും. കാരണം വിലക്കയറ്റം (Inflation) ജനങ്ങളുടെ വാങ്ങല്‍ ശേഷിയെ സ്വാധിനിക്കുന്നുണ്ട്. ക്രൂഡ് ഓയിലിന്റെ ഉള്‍പ്പടെയുള്ള വിലകളില്‍ ഇതുണ്ടാക്കുന്ന മാറ്റം ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നും അനന്ത നാഗേശ്വരന്‍ ചൂണ്ടിക്കാട്ടി.

റഷ്യ-യുക്രെയ്ന്‍ പ്രതിസന്ധികളുടെ ആദ്യ ആറുമാസം നേരിട്ടപോലെ ഇനിയും നമ്മള്‍ മുന്നോട്ട് പോവുകയാണെങ്കില്‍ ആര്‍ബിഐയും ഐഎംഫും പ്രവചിച്ച നേട്ടം കൈവരിക്കാന്‍ സാധിക്കുമെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വ്യക്തമാക്കി. ആര്‍ബിഐ മോണിറ്ററി പോളിസിയുടെ പരിധിക്ക് അപ്പുറമുള്ള കാര്യങ്ങളും രാജ്യത്തെ പണപ്പെരുപ്പത്തെ സ്വാധിനിക്കുന്നുണ്ടെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞിരുന്നു.

ഇത് ചൂണ്ടിക്കാട്ടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ നയമാറ്റങ്ങള്‍ (Fiscal policy) ഉണ്ടാകുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം അനന്ത നാഗേശ്വരന്‍ നല്‍കിയില്ല. വില നിയന്ത്രിക്കാന്‍ കേന്ദ്രം കയറ്റുമതി നിയന്ത്രണങ്ങളും ഇറക്കുമതി-എക്‌സൈസ് നികുതി ഇളവുകളും മറ്റും നല്‍കിയിരുന്നു. ഇക്കാര്യങ്ങളാവും മോണിറ്ററി പോളിസിക്ക് അപ്പുറമുള്ള കാര്യങ്ങള്‍ കൊണ്ട് ധനമന്ത്രി ഉദ്ദേശിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ നിക്ഷേപങ്ങളും ഐപിഒകളുമൊക്കെ രാജ്യത്തെ സ്വകാര്യ മേഖല കോവിഡിന് ശേഷം വീണ്ടും ശക്തി പ്രാപിക്കുന്നതിന്റെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വികസിത രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ കടുത്ത പണനയം സ്വീകരിച്ചാലും ഇല്ലെങ്കിലും ആഗോള വളര്‍ച്ചയെ അത് ബാധിക്കുമെന്നും ഡോ.വി. അനന്ത നാഗേശ്വരന്‍

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it