സ്വര്‍ണവില ഉയരുമോ, താഴുമോ?
ഇന്ത്യയില്‍ പത്തുഗ്രാം സ്വര്‍ണത്തിന് ഒറ്റദിവസം കൊണ്ട് 1800 രൂപ കുറഞ്ഞതോടെ,വീണ്ടും ആചോദ്യത്തിന് ജീവന്‍ വെച്ചു.ഇനിയും സ്വര്‍ണ വില കുറയുമോ?എന്നാല്‍ തിങ്കളാഴ്ച ആഗോള വിപണികള്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ മുതല്‍ സ്വര്‍ണത്തിന് വില കൂടാനും തുടങ്ങി. കഴിഞ്ഞ ആഴ്ചയില്‍ സ്വര്‍ണം, വെള്ളി വിലകളിലുണ്ടായ ഇടിവ് ഹ്രസ്വമായതാണെന്നും ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ ലോകരാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ സ്വീകരിക്കുന്ന എല്ലാ ഉത്തേജക നടപടികളും സ്വര്‍ണ വില വര്‍ധനയ്ക്ക് തന്നെ കാരണമാക്കുമെന്നുമാണ് വിദഗ്ധരുടെ നിഗമനം.
എംസിഎക്‌സില്‍ (മള്‍ട്ടി കമോഡിറ്റി എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ) തിങ്കളാഴ്ച വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ സ്വര്‍ണവില തിരിച്ചുകയറിയിരുന്നു. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ വരുത്തിയ കുറവാണ് ഇതിന് കാരണമായ ഒരു പ്രധാന ഘടകം. സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് സമ്പദ് വ്യവസ്ഥയെ സംരക്ഷിച്ചു നിര്‍ത്താന്‍ ലോകത്തിലെ പ്രമുഖ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകളെല്ലാം പലിശ നിരക്ക് കുറച്ചിരിക്കുകയാണ്. ഇത് സ്വര്‍ണവില
വര്‍ധിക്കാന്‍ കാരണമാകും.
ഓഹരി വിപണികള്‍ ഇടിയുമ്പോള്‍ നിക്ഷേപകര്‍ സുരക്ഷിത താവളമായാണ് സ്വര്‍ണത്തെ കണക്കാക്കുക. എല്ലാ വിപണികളിലും നിന്ന് കനത്ത തിരിച്ചടി നേരിട്ടപ്പോള്‍ നിക്ഷേപകര്‍ നഷ്ടം നികത്താന്‍ കൂട്ടത്തോടെ നടത്തിയ
വിറ്റൊഴിക്കലാണ് കഴിഞ്ഞ ആഴ്ചയിലെ വന്‍ ഇടിവിന് കാരണമായതെന്ന് നിരീക്ഷകര്‍ പറയുന്നു.
''2018 മുതല്‍ സ്വര്‍ണത്തിന്റെ അഞ്ചുവര്‍ഷത്തെ ബുള്ളിഷ് സൈക്കിള്‍ ആരംഭിച്ചിട്ടുണ്ട്. 2023 വരെ ഇത് തുടരും. ഇപ്പോഴുള്ള എല്ലാ ഘടകങ്ങളും ഈ ബുള്ളിഷ് ട്രെന്‍ഡിന് അനുകൂലമാണ്. അടിസ്ഥാനപരമായി സ്വര്‍ണം ദുര്‍ബലമാണെന്ന് പറയാനുള്ള ഘടകങ്ങളൊന്നും ഇപ്പോഴില്ല. ഓരോ ഇടിവിലും നിക്ഷേപകര്‍ സ്വര്‍ണം വാങ്ങാനുള്ള അവസരമാക്കുകയാണ് വേണ്ടത്. നിലവില്‍ രാജ്യാന്തര വിപണിയില്‍ വില ട്രോയ് ഔണ്‍സിന് 1500 ഡോളറിലാണ്. ഇത് 1330 ഡോളര്‍ വരെ എത്തിയാലും നിക്ഷേപകര്‍ പേടിക്കേണ്ട,'' ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമോഡിറ്റി റിസര്‍ച്ച് ഹെഡ് വി. ഹരീഷ് പറയുന്നു. സ്വര്‍ണ വിലയില്‍ ഓരോ അഞ്ചുവര്‍ഷത്തിലും ചാക്രികമായ കയറ്റിറക്കങ്ങളുണ്ടാകുമെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. 2013 മുതല്‍ 18 വരെയുള്ള കാലം സ്വര്‍ണത്തെ സംബന്ധിച്ചിടത്തോളം അത്ര അനുകൂലമായിരുന്നില്ല. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട അവസ്ഥയിലായതിനാല്‍ ഓഹരി വിപണികള്‍ ഇക്കാലഘട്ടത്തില്‍ മികച്ച പ്രകടനമായിരുന്നു.
എന്നാല്‍ 2018 മുതല്‍ ലോക സമ്പദ് വ്യവസ്ഥയില്‍ പലവിധ പ്രശ്‌നങ്ങള്‍ തലപൊക്കാന്‍ തുടങ്ങി. അമേരിക്ക - ചൈന വ്യാപാര യുദ്ധം, ലോക രാജ്യങ്ങളില്‍ ഉരുണ്ടുകൂടിയ സാമ്പത്തിക പ്രതിസന്ധി, ഇപ്പോഴത്തെ കോറോണ ബാധ തുടങ്ങിയവയെല്ലാം പ്രശ്‌നം രൂക്ഷമാക്കി. അതോടെ സ്വര്‍ണത്തിന്റെ ബുള്ളിഷ് ട്രെന്‍ഡിന് കരുത്തുകൂടുകയും ചെയ്തുവെന്ന് വിദഗ്ധര്‍ നിരീക്ഷിക്കുന്നു.
സ്വര്‍ണത്തില്‍ എങ്ങനെ നിക്ഷേപിക്കണം?
വിവാഹാവശ്യത്തിനോ മറ്റോ സ്വര്‍ണം വാങ്ങുന്നവരാണെങ്കില്‍ ആഭരണമായി വാങ്ങുന്നതാണ് നല്ലത്. അതല്ല, സ്വര്‍ണത്തില്‍ ഗൗരവമായി നിക്ഷേപിക്കുന്നവരാണെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുന്ന സോവറിന്‍ ഗോള്‍ഡ് ബോണ്ടാണ് നല്ല മാര്‍ഗമെന്ന് ഹരീഷ് വ്യക്തമാക്കുന്നു. ഇത് ഓണ്‍ലൈനായി വാങ്ങുമ്പോള്‍ ഗ്രാമിന് 50 രൂപ ഇളവും ലഭിക്കും. ആഭരണം പോലെ ഇത് പെട്ടെന്ന് പണമാക്കി മാറ്റാന്‍ സാധിക്കില്ലെന്നതാണ് പോരായ്മ.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline