ചെറുകിട വ്യവസായങ്ങള്‍ക്ക് 3 ലക്ഷം കോടി രൂപ ബാങ്ക് വായ്പ; നിര്‍ദേശം സര്‍ക്കാര്‍ പരിഗണനയില്‍
കോവിഡ് പ്രതിസന്ധിയില്‍ നിന്നും രാജ്യത്തെ കരകയറ്റാനുള്ള പദ്ധതിയുടെ ഭാഗമായി ചെറുകിട വ്യവസായങ്ങള്‍ക്ക് മൂന്ന് ട്രില്യണ്‍ രൂപ (3 ലക്ഷം കോടി രൂപ) ബാങ്ക് വായ്പ ഉറപ്പ് നല്‍കാനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. ഈ നിര്‍ദ്ദേശപ്രകാരം, ചെറുകിട വ്യവസായങ്ങള്‍ക്ക് അവരുടെ കുടിശ്ശിക ക്രെഡിറ്റ് പരിധിയുടെ 20% അധികമാകാന്‍ അര്‍ഹതയുണ്ട്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയോടെ ആയിരിക്കും.
2.7 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയുടെ അടിത്തറയായി മാറുന്ന ചെറുകിട ബിസിനസുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കിയതോടെ ഈ മേഖല കനത്ത പ്രതിസന്ധിയിലാണ്. മൈനിംഗ്, കണ്‍സ്ട്രക്ഷന്‍, മാനുഫാക്ചറിംഗ്, മേഖലകളിലെ 100 ദശലക്ഷം തൊഴിലാളികള്‍ക്കാണ് ഇതോടെ ജോലി നഷ്ടപ്പെട്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ ചെറുകിട ബിസിനസുകളെ സഹായിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.
ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഷാഡോ വായ്പ നല്‍കുന്നവര്‍ എന്നിവ വഴിയായിരിക്കും വായ്പ നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. വായ്പകളുമായി ബന്ധപ്പെട്ട വീഴ്ചകള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക ഫണ്ട് രൂപീകരിക്കുമെന്നും ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം രാജ്യത്തെ സെന്‍ട്രല്‍ ബാങ്ക് മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് 500 ബില്യണ്‍ രൂപയുടെ ക്രെഡിറ്റ് വാഗ്ദാനം ചെയ്തിരുന്നു. ദ്രവ്യതക്കുറവ് ചൂണ്ടിക്കാട്ടി ഫ്രാങ്ക്‌ലിന്‍ ടെമ്പിള്‍ട്ടണ്‍ ആറ് ഫണ്ടുകള്‍ കഴിഞ്ഞയാഴ്ച അവസാനിപ്പിക്കുന്നതായി വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline