മാന്ദ്യമുണ്ടെന്നു സമ്മതിച്ചുള്ള തിരുത്തല്‍ നടപടികളാണ് ആവശ്യം: മന്‍മോഹന്‍ സിംഗ്

രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന യാഥാര്‍ത്ഥ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാത്തതു മൂലം പ്രശ്നത്തിന് വിശ്വസനീയ പരിഹാരം കണ്ടെത്താനുള്ള സാധ്യതയും മങ്ങുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. അഭിമുഖീകരിക്കുന്ന പ്രശ്‌നം തിരിച്ചറിഞ്ഞില്ലെങ്കില്‍, തിരുത്തല്‍ നടപടി അസാധ്യമാകുമെന്നത് വലിയ അപകടമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മുന്‍ ആസൂത്രണ കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ മോണ്ടെക് സിംഗ് അലുവാലിയ എഴുതിയ 'ബാക്ക്‌സ്റ്റേജ്: ദി സ്റ്റോറി ബിഹൈന്‍ഡ് ഇന്ത്യാസ് ഗ്രോത്ത് ഇയേഴ്‌സ് 'എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുന്‍ പ്രധാനമന്ത്രി. ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ രാജ്യം കൈവരിച്ച സാമ്പത്തിക പുരോഗതിയുടെ വിവരങ്ങളും അനുബന്ധ നിരീക്ഷണങ്ങളുമാണ് പുസ്തകത്തിലുള്ളത്

രാജ്യം 2024-25 ഓടെ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകണമെന്ന ലക്ഷ്യം അഭിലഷണീയമായ ചിന്തയ്ക്കപ്പുറം നിലവില്‍ പ്രസക്തല്ലെന്ന നിരീക്ഷണമാണ് അലുവാലിയ തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് മുന്‍ പ്രധാനമന്ത്രി പറഞ്ഞു. മൂന്നു വര്‍ഷത്തിനുള്ളില്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രതീക്ഷിക്കാനും കാരണങ്ങളില്ല.

രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് 8% വളര്‍ച്ച സാധ്യമായ ഒരു നിര്‍ദ്ദേശമാണെങ്കിലും, ധനനയത്തിന്റെ പങ്ക് പുനര്‍നിര്‍മ്മിക്കേണ്ടതുണ്ട്. നികുതി പരിഷ്‌കാരങ്ങള്‍ കൂടുതല്‍ ധീരമായി നടപ്പാക്കേണ്ടതുണ്ടെന്നും ഡോ. മന്‍മോഹന്‍ സിംഗ് പറഞ്ഞു. 'കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും യഥാര്‍ത്ഥ ധനക്കമ്മി 9% വരെ ഉയര്‍ന്നതാണ്. ചലനാത്മക സമ്പദ് വ്യവസ്ഥ 8% എന്ന തോതില്‍ വളരുകയെന്ന അഭിലാഷവുമായി ഇതിനു പൊരുത്തമില്ല,'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസം, പ്രതിരോധം എന്നീ ദിശകളിലെ ചെലവുകളുടെ അര്‍ഹമായ വര്‍ദ്ധന വേണ്ടെന്നു വയ്ക്കാനാകില്ല. ഈ രംഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം മുന്‍കാലങ്ങളില്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. സാമ്പത്തിക പരിഷ്‌കാരങ്ങളും നികുതി പരിഷ്‌കാരങ്ങളും നടത്തുന്നത് ഇക്കാര്യം മറന്നാകരുത് - സിംഗ് പറഞ്ഞു.

ഒരു ആധുനിക സമ്പദ്വ്യവസ്ഥ പ്രവര്‍ത്തിപ്പിക്കുന്നതിന് പുതിയ ചിന്തകള്‍ ആവശ്യമാണെന്ന് അലുവാലിയ പറഞ്ഞു.കാരണം ആധുനിക സമ്പദ്വ്യവസ്ഥ കൂടുതല്‍ സങ്കീര്‍ണ്ണമാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍, 1991 ലെ പരിഷ്‌കാരങ്ങള്‍ ലളിതമായിരുന്നു. സമ്പദ്വ്യവസ്ഥ താരതമ്യേന ലളിതവും വെല്ലുവിളി ലളിതവുമായിരുന്നു. ഇപ്പോഴാകട്ടെ, ലോകവുമായി ഇടപഴകുന്ന കൂടുതല്‍ സങ്കീര്‍ണ്ണമായ സമ്പദ് വ്യവസ്ഥ പ്രവര്‍ത്തിപ്പിക്കുന്നതിന് നമുക്ക് നവീനമായ നയ ചട്ടക്കൂടും പുതിയ ചിന്തയും ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വളര്‍ച്ചാ നിരക്ക് വളരെ കുറവായി തുടരുന്നതില്‍ അലുവാലിയ നിരാശ പ്രകടമാക്കി. ഇപ്പോള്‍ 5 ശതമാനത്തില്‍ താഴെയുള്ള വളര്‍ച്ചാ നിരക്ക് അടുത്ത വര്‍ഷം 5 ശതമാനത്തിന് മുകളില്‍ പോകാന്‍ സാധ്യതയില്ല. നിര്‍ദ്ദിഷ്ട 5 ട്രില്യണ്‍ ഡോളര്‍ ലക്ഷ്യം നേടണമെങ്കില്‍ 9% വളര്‍ച്ചാ നിരക്ക് ആവശ്യമാണ്. ലക്ഷ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, രാജ്യം എങ്ങുമെത്തുന്നില്ല - അദ്ദേഹം നിരീക്ഷിച്ചു.

സാമ്പത്തിക പ്രതിസന്ധി പല ഘട്ടങ്ങളിലും ഇന്ത്യ അഭിമുഖീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ തിരുത്തല്‍ നയ നടപടികളിലൂടെ മേല്‍ഗതിയുണ്ടായെന്നും അലുവാലിയ പറഞ്ഞു. ' 1979 ല്‍ സ്ഥിതി വളരെ മോശമായിരുന്നു. 1990 ലും ഇത് ആവര്‍ത്തിച്ചു. പക്ഷേ സമ്പദ് വ്യവസ്ഥയെ തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞു. സാഹചര്യത്തിന് അനുയോജ്യമായ നയങ്ങള്‍ നടപ്പിലാക്കുകയാണെങ്കില്‍ പ്രതികരിക്കാനുള്ള ശേഷി നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്കുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് നിര്‍ദ്ദേശിക്കാന്‍ ശേഷിയുള്ള വൈദഗ്ദ്ധ്യവും രാജ്യത്ത് ഉണ്ട്. ആ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്താനുള്ള സന്നദ്ധതയുണ്ടാവുകയെന്നതാണു പ്രധാന കാര്യമെന്ന് അലുവാലിയ ചൂണ്ടിക്കാട്ടി.

2019-20 ല്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച 4.8 ശതമാനമേ ഉണ്ടാകൂ എന്നാണ് അന്താരാഷ്ട്ര നാണയ നിധി കണക്കാക്കുന്നത്.11 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയാകും ഇത്. മൂഡിയുടെ നിഗമനത്തില്‍ 2020 കലണ്ടര്‍ വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം നേരത്തെ പ്രതീക്ഷിച്ച 6.6 ശതമാനത്തില്‍ നിന്ന് 5.4 ശതമാനമായി കുറയും. വീണ്ടെടുക്കല്‍ പ്രക്രിയയുടെ സങ്കീര്‍ണ്ണത തുറന്നുകാട്ടുന്നു ഈ കണക്കുകളെന്ന് അദ്ദേഹം പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it