ബിസിനസിലെ ഉണര്‍വിന്റെ സൂചനകള്‍ തെറ്റിദ്ധാരണാ ജനകം: മുന്‍ ആര്‍ ബി ഐ ഗവര്‍ണര്‍ സുബ്ബറാവു

ഗുരുതര മാന്ദ്യത്തില്‍ നിന്ന് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കരകയറുന്നതായും ബിസിനസ് മേഖല ഉണര്‍ന്നു വരുന്നതുമായുള്ള അവകാശവാദങ്ങള്‍ തള്ളി റിസര്‍ബാങ്ക് മുന്‍ ഗവര്‍ണര്‍ ഡി. സുബ്ബറാവു. സമ്പദ് വ്യവസ്ഥയുടെ ഹ്രസ്വ, ഇടത്തരം വളര്‍ച്ചാ സാധ്യതകള്‍ ഇപ്പോഴും ദയനീയാവസ്ഥയിലാണ്. ലോക്ക്ഡൗണ്‍ മൂലം രൂക്ഷമായ മാന്ദ്യത്തിന്റെ അടിത്തറയില്‍ നിന്ന് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തിരിച്ചുവരുന്നുവെന്നതു ശരി. പക്ഷേ, ഇതിന്റെ പേരില്‍ അമിത ആത്മവിശ്വാസത്തിനു സമയമായിട്ടില്ലെന്ന് സര്‍ക്കാരിനെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കോവിഡ് -19 പകര്‍ച്ചവ്യാധി ലോകത്തെ ബാധിച്ചപ്പോള്‍ തന്നെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ പ്രതിസന്ധിയിലായിരുന്നു. പ്രതിസന്ധി എത്തുന്നതിനു മുമ്പേ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 2017-18 ലെ 7 ശതമാനത്തില്‍ നിന്ന് 2018-19 ല്‍ 6.1 ശതമാനമായും 2019-20 ല്‍ 4.2 ശതമാനമായും കുറഞ്ഞിരുന്നുവെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.സാമ്പത്തിക പുനരുജ്ജീവനത്തിന്റെ സൂചനകള്‍ ശക്തമാണെന്ന വാദത്തിനു ബലം പകരാന്‍ പലരും പരാമര്‍ശിക്കുന്ന 'പച്ച ചിനപ്പുപൊട്ടലി' ന്റെ കാര്യത്തില്‍ തനിക്കു വലിയ വിശ്വാസം ഇതുവരെയില്ലെന്ന് അദ്ദേഹം പറഞ്ഞു.ലോക്ക്ഡൗണിന്റെ വിഷാദാവസ്ഥയില്‍ നിന്നുള്ള ഒരു യാന്ത്രിക തിരിച്ചുവരവ് മാത്രമാണ് കാണാനാവുന്നത്.സുഗമമായ വീണ്ടെടുക്കല്‍ സംഭവിച്ചുവരുന്നതായുള്ള നിരീക്ഷണത്തോട് അദ്ദേഹം വിയോജിപ്പു പ്രകടിപ്പിച്ചു.

'പകര്‍ച്ചവ്യാധി ഇപ്പോഴും തീവ്രമായിക്കൊണ്ടിരിക്കുകയാണ്. ദിവസേനയുള്ള കേസുകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു. രോഗം പുതിയ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ് ' സുബ്ബറാവു കൂട്ടിച്ചേര്‍ത്തു. സമ്പദ്വ്യവസ്ഥയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുമെന്ന ഭയമാണ് തനിക്കുള്ളത്. ധനക്കമ്മി വളരെ കൂടുതലാകും. കടഭാരം ഏറെ ഉയര്‍ന്നു. സാമ്പത്തിക മേഖല മോശമായ അവസ്ഥയിലുമാണ്- അദ്ദേഹം പറഞ്ഞു.

2020 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് വരെ ഇന്ത്യയുടെ ധനക്കമ്മി ജിഡിപിയുടെ 6.6 ശതമാനമായി ഉയരുമെന്നും അടുത്ത വര്‍ഷം ഇത് 5.5 ശതമാനമാകുമെന്നുമാണ് ലോക ബാങ്ക് കണക്കാക്കുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച ലക്ഷ്യം 3.5 ശതമാനമായിരുന്നു. ഈ വെല്ലുവിളികളെ എത്രത്തോളം ഫലപ്രദമായി പരിഹരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും രാജ്യത്തിന്റെ ഇടത്തരം പ്രതീക്ഷകള്‍ -സുബ്ബറാവു പറഞ്ഞു.കോവിഡിന് മുമ്പുള്ള 2019-20 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഒരു ദശകത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലേക്ക് നീങ്ങിയിരുന്നു. ആഗോള, ആഭ്യന്തര ഏജന്‍സികള്‍ ജിഡിപിയില്‍ കണക്കാക്കിയ സങ്കോചം 3.2 ശതമാനം മുതല്‍ 9.5 ശതമാനം വരെയാണ്. നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന സങ്കോചമാണിത്.

ഈ വിപരീത സാഹചര്യത്തില്‍ പോസിറ്റീവ് സൂചനകള്‍ നാമമാത്രം. ഗ്രാമീണ സമ്പദ്വ്യവസ്ഥ നഗര സമ്പദ്വ്യവസ്ഥയെക്കാള്‍ വേഗത്തില്‍ മെച്ചപ്പെട്ടുവരുന്നത് അതിലൊന്നാണ്. വിപുലീകരിച്ച എംഎന്‍ആര്‍ജിഎ ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്ക് ജീവ വായു നല്‍കിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്നത്തെ സമ്പദ്വ്യവസ്ഥയ്ക്ക് ചില അടിസ്ഥാന സുരക്ഷാ വലകളുണ്ടെന്നതാണ് മറ്റൊരു പോസിറ്റീവ് ഘടകമെന്നും സുബ്ബറാവു പറഞ്ഞു.ലോക്ക്ഡൗണ്‍ വന്നശേഷം 40 ദശലക്ഷം നഗര തൊഴിലാളികള്‍ ഗ്രാമങ്ങളിലേക്ക് തിരിച്ചുപോയി. എന്നിട്ടും വലിയ പട്ടിണി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനു രാജ്യത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ വേണ്ടത്ര ചെലവഴിക്കുന്നില്ലെന്ന വിമര്‍ശനം മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ തള്ളിക്കളയുന്നില്ല. സര്‍ക്കാര്‍ വായ്പയെടുത്ത് കൂടുതല്‍ ചെലവഴിക്കേണ്ടത് ആവശ്യമാണ്. വാസ്തവത്തില്‍, സര്‍ക്കാര്‍ ചെലവുകള്‍ മാത്രമാണ് ഹ്രസ്വകാല വളര്‍ച്ചയ്ക്ക് ഇനിയുപകരിക്കുക.സ്വകാര്യ ഉപഭോഗം, നിക്ഷേപം, അറ്റ കയറ്റുമതി എന്നിവയെല്ലാം നിരാശയിലായിരിക്കവേ പ്രത്യേകിച്ചും.

സമ്പദ് വ്യവസ്ഥയിലെ ഇടിവ് തടയാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ കൂടുതല്‍ ചെലവഴിക്കുന്നില്ലെങ്കില്‍, മോശം വായ്പകള്‍ പോലുള്ള നിരവധി പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവും. സമ്പദ്വ്യവസ്ഥയ്ക്കു കൂടുതല്‍ വെല്ലുവിളികള്‍ നേരിടേണ്ടിവരും- സുബ്ബറാവു പറഞ്ഞു.അതേസമയം,
സര്‍ക്കാര്‍ വായ്പയെടുക്കലിന് സ്വയം പരിധി നിശ്ചയിക്കണം.അധിക ചെലവ് ഉപഭോഗത്തിലേക്കോ ഉല്‍പാദനത്തിലേക്കോ ആണ് പോകേണ്ടതെന്നും സുബ്ബറാവു അഭിപ്രായപ്പെട്ടു.എങ്കിലും ഉപഭോഗത്തെക്കാള്‍ ഉല്‍പാദനത്തിന് മുന്‍ഗണന നല്‍കണം.

വായ്പാ പുനര്‍സംഘടനയ്ക്ക് റിസര്‍വ് ബാങ്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയത് നല്ല കാര്യം.പക്ഷേ, എംഎസ്എംഇകളുടെയും മുദ്ര വായ്പകളുടെയും വായ്പഭാരം ഭാഗികമായി സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതുണ്ട്. ബാങ്കുകളുടെ അധിക മൂലധനവല്‍ക്കരണത്തിന് വീണ്ടും സര്‍ക്കാര്‍ ഗണ്യമായ തുക ചെലവഴിക്കണം. അതിലൂടെ എന്‍ബിഎഫ്സികളെ വീണ്ടും മൂലധനവല്‍ക്കരിക്കുന്നതിന് പിന്തുണ നല്‍കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

ദീര്‍ഘകാലത്തെ ലോക്ക്ഡൗണ്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ദാരിദ്ര്യത്തിന്റെ വക്കിലെത്തിച്ചേക്കുമെന്ന് ഡി. സുബ്ബറാവു ഏപ്രിലില്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, കൊറോണ ഭീതി ഒഴിയുന്നതോടെ ഇന്ത്യ മറ്റു രാജ്യങ്ങളേക്കാള്‍ വേഗത്തില്‍ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറുമെന്നാണ് കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ സെമിനാറില്‍ അദ്ദേഹം പറഞ്ഞത്.ചുഴലിക്കാറ്റോ ഭൂകമ്പമോ പോലെയുള്ള പ്രകൃതി ദുരന്തമല്ല ഇത് എന്നതാണ് കാരണം. നമ്മുടെ അടിസ്ഥാന സൗകര്യങ്ങളൊന്നും നശിച്ചുപോയിട്ടില്ല. ഫാക്ടറികളും കടകമ്പോളങ്ങളും എല്ലാം അതേപടി നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ പ്രതിന്ധിയില്‍നിന്ന് കരകയറാന്‍ കഴിയും. 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ഇന്ത്യ കരകയറിയത് മറ്റുരാജ്യങ്ങളെക്കാള്‍ വേഗത്തിലാണ്. ജീവന്‍ സംരക്ഷിക്കണോ വരുമാനമാര്‍ഗം സംരക്ഷിക്കണോ എന്നതു സംബന്ധിച്ച ആശയക്കുഴപ്പം നീണ്ടു നില്‍ക്കില്ലെന്നും ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ നിരീക്ഷിച്ചിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Related Articles

Next Story

Videos

Share it