ജിഎസ്ടി ഓഡിറ്റ് നിര്‍ത്തലാക്കിയോ?

കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതിന് ശേഷം ചിലര്‍ ജി എസ് ടി ഓഡിറ്റ് നിര്‍ത്തലാക്കിയെന്ന ധാരണ പുലര്‍ത്തുന്നുണ്ട്. ഫിനാന്‍സ് ബില്‍ 2021 (Finance Bill 2021) ലെ ചില വ്യവസ്ഥകളാണ് ജിഎസ്ടി ഓഡിറ്റ് നിര്‍ത്തലാക്കി എന്ന ആശയം രൂപപ്പെടുവാന്‍ കാരണമായിരിക്കുന്നത്.

ജിഎസ്ടി ഓഡിറ്റ് (GST Audit) മൊത്തം വിറ്റുവരവ് അഞ്ച് കോടിയില്‍ കൂടിയ എല്ലാ വാണിജ്യ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്. ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത് സിജിഎസ്ടി നിയമം വകുപ്പ് 35 (5) അനുസരിച്ചിട്ടുള്ള ജിഎസ്ടി ഓഡിറ്റാണ്. ഇപ്രകാരമുള്ള ഓഡിറ്റ് നടത്തുക സിഎ/സിഎംഎ ആണ്. ബന്ധപ്പെട്ട സ്ഥാപനത്തിന്റെ നിയമന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സിഎ/സിഎംഎ ഓഡിറ്റ് നടത്തുകയും പ്രസ്തുത ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ കോപ്പി എല്ലാവര്‍ഷവും ഡിസംബര്‍ 31 ാം തീയതിക്കുള്ളില്‍ (സാമ്പത്തിക വര്‍ഷം അവസാനിച്ചതിന് ശേഷമുള്ള) GSTR-9C എന്ന പേരില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്ന് ജിഎസ്ടി നിയമം അനുശാസിക്കുന്നു. മേല്‍ പറഞ്ഞ ഓഡിറ്റ് കൂടാതെ താഴെ പറയുന്ന രണ്ട് തരത്തിലുള്ള ഓഡിറ്റ് കൂടി ജിഎസ്ടിയില്‍ ഉണ്ട്. സിജിഎസ്ടി നിയമം (1) വകുപ്പ് 65 അനുസരിച്ചിട്ടുള്ള ജിഎസ്ടി ഡിപ്പാര്‍ട്ട്‌മെന്റിലെ ഓഫീസര്‍മാരുടെ ഓഡിറ്റ് (2) വകുപ്പ് 66 അനുസരിച്ചിട്ടുള്ള സ്‌പെഷല്‍ ഓഡിറ്റ് (സിഎ/സിഎംഎ ജിഎസ്ടി കമ്മിഷണറുടെ നിര്‍ദേശം അനുസരിച്ച് ചെയ്യുന്നത്).
ജി എസ് ടി ഓഡിറ്റ് നിര്‍ത്തലാക്കി എന്ന നിഗമനം പലര്‍ക്കുമുള്ള സാഹചര്യത്തില്‍ ജി എസ് ടി ബില്ലുമായി ബന്ധപ്പെട്ട് പധാനപ്പെട്ട വ്യവസ്ഥകള്‍ (ജിഎസ്ടി ഓഡിറ്റുമായി ബന്ധപ്പെട്ടത്) ഇവിടെ ചേര്‍ക്കുന്നു.
(1) വകുപ്പ് 35 (5) നിര്‍ത്തലാക്കാനുള്ള വ്യവസ്ഥയുണ്ട്. ആയതിനാല്‍ ഈ ബില്‍ ആക്ട് ആകുന്ന മുറയ്ക്ക് 2021 ഏപ്രില്‍ ഒന്നു മുതല്‍ സിഎ/സിഎംഎ ജിഎസ്ടി ഓഡിറ്റ് നിര്‍ബന്ധമല്ല.
റിട്ടേണ്‍ GSTR-9C ഫയല്‍ ചെയ്യേണ്ട ആവശ്യമില്ല. പകരം GSTR-9C എന്ന റിട്ടേണില്‍ സ്വയം സാക്ഷ്യപ്പെടുത്തലും റികണ്‍സിലേഷന്‍ സ്‌റ്റേറ്റ്‌മെന്റും (Reconciliation Statement) വെച്ചാല്‍ മതിയാകുന്നതാണ്. അതുപോലെ 2021 ഏപ്രില്‍ ഒന്നു മുതല്‍ ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനത്തിന് വിധേയമായി ചില ഗ്രൂപ്പില്‍പ്പെട്ട വ്യക്തികള്‍ ആന്വല്‍ റിട്ടേണ്‍ (Annual Return) ഫയല്‍ ചെയ്യേണ്ട ആവശ്യമില്ലെന്ന് ഉത്തരവ് ഇറക്കുവാന്‍ കമ്മീഷണര്‍ക്ക് കഴിയുന്നതാണ്.
(2) അതുപോലെ ആന്വല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട തീയതി റൂള്‍സ് വഴി നിര്‍ദേശിക്കുവാന്‍ ജിഎസ്ടി ഡിപ്പാര്‍ട്ട്‌മെന്റിന് കഴിയുന്നതാണ്.
(3) ഇവിടെ 'റികണ്‍സിലേഷന്‍' എന്ന ബാധ്യത 'ഓഡിറ്റില്‍' നിന്നും നികുതി ദായകനിലേക്ക് വന്നുചേരുകയാണ്.
(4) മേല്‍പ്പറഞ്ഞ എല്ലാ കാര്യങ്ങളും 2021 ഏപ്രില്‍ ഒന്നു മുതല്‍ മാത്രമാണ് ബാധകമാകുന്നത്.
(5) ജിഎസ്ടി നടപ്പിലാക്കി മൂന്ന് വര്‍ഷം കഴിയുമ്പോള്‍ വരുവാന്‍ പോകുന്ന ഈ മാറ്റങ്ങള്‍ ബിസിനസ് സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് വളരെ നിര്‍ണാകയമാണ്.
(6) വകുപ്പ് 65, വകുപ്പ് 66 എന്നിവ അനുസരിച്ചിട്ടുള്ള ഓഡിറ്റ് നിര്‍ത്തലാക്കിയിട്ടില്ല.




Related Articles

Next Story

Videos

Share it