ഗുരുവായൂരപ്പന് കാണിക്ക കിട്ടിയ വെള്ളി ഉടന്‍ 'സ്വര്‍ണമാക്കും'

ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് ഭക്തര്‍ കാണിക്കയായി സമര്‍പ്പിച്ച 5 ടണ്ണോളം വരുന്ന വെള്ളി, സ്വര്‍ണമാക്കി മാറ്റാനുള്ള നടപടിയുമായി ദേവസ്വം ബോര്‍ഡ്. ഇതിനായി കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ഹൈദരാബാദിലുള്ള നാണയ നിര്‍മ്മാണശാലയുമായി (മിന്റ്/Mint) ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് കരാര്‍ ഒപ്പുവച്ചു.

വര്‍ഷങ്ങളായി ലഭിച്ച വെള്ളി ഉത്പന്നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവ നിലവില്‍ ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. ഹൈദരാബാദില്‍ വെള്ളി കട്ടികളായി (Silver Bars) മാറ്റുന്ന ഇവ പിന്നീട് മുംബൈയിലെ കേന്ദ്ര മിന്റില്‍ നല്‍കി തത്തുല്യ തുകയ്ക്കുള്ള സ്വര്‍ണക്കട്ടികള്‍ (Gold Bars) വാങ്ങും. തുടര്‍ന്ന്, മുംബൈയിലെ എസ്.ബി.ഐ ശാഖയില്‍ അവ നിക്ഷേപിക്കാനാണ് തീരുമാനം.
നേരത്തെ, ഭക്തര്‍ സമര്‍പ്പിച്ച സ്വര്‍ണ ആഭരണങ്ങളും വസ്തുക്കളും ഇത്തരത്തില്‍ സ്വര്‍ണക്കട്ടികളാക്കി ബാങ്കില്‍ നിക്ഷേപിച്ചത് വഴി ആറ് കോടി രൂപ പലിശയിനത്തില്‍ മാത്രം ഗുരുവായൂര്‍ ക്ഷേത്രം നേടിയിരുന്നു. മൊത്തം 1,700 കോടി രൂപയോളം ബാങ്ക് നിക്ഷേപവും 263 കിലോഗ്രാം സ്വര്‍ണ ശേഖരവും ഗുരുവായൂര്‍ ക്ഷേത്രത്തിനുണ്ടെന്ന് ദേവസ്വം നേരത്തേ വ്യക്തമാക്കിയിരുന്നു. സ്വര്‍ണ ലോക്കറ്റുകള്‍ മാത്രം 20,000ഓളമുണ്ട്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it