Begin typing your search above and press return to search.
ഹരിയാനയുടെ മണ്ണിന്റെ മക്കള്‍ നിയമം കോര്‍പററ്റ് മേഖല ആശങ്കയില്‍
ഹരിയാനയില്‍ സ്വകാര്യ മേഖലയില്‍ 75,000 രൂപയില്‍ കുറഞ്ഞ മാസശമ്പളം ലഭിക്കുന്ന ജോലികള്‍ ഹര്യാനക്കാര്‍ക്ക് മാത്രമായി സംവരണം ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിയമം കോര്‍പറേറ്റ് മേഖലയെ ആശങ്കയിലാഴ്ത്തി. ഹരിയാന സര്‍ക്കാരിന്റെ ഈ നീക്കം മറ്റു സംസ്ഥാനങ്ങളെയും സമാനമായ നിയമ നിര്‍മാണത്തിന് പ്രേരണയാകുമെന്നും അത് നിക്ഷേപകാന്തരീക്ഷത്തെ ദുഷ്‌ക്കരമാക്കമെന്നും കോര്‍പറേറ്റ് മേഖല വ്യാകുലപ്പെടുന്നു.
സ്വകാര്യ മേഖലയില്‍ തദ്ദേശവാസികള്‍ക്ക് തൊഴില്‍ ഉറപ്പു വരുത്തുന്ന ഹരിയാന സ്റ്റേറ്റ് എംപ്ലോയ്‌മെന്റ് ഓഫ് ലോക്കല്‍ ക്യാന്‍ഡിഡേറ്റ്‌സ് ബില്‍ ഒരു കൊല്ലത്തിലധികമായി സര്‍ക്കാരിന്റെ പരിഗണനയിലായിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച സംസ്ഥാന ഗവര്‍ണര്‍ ബില്ലില്‍ ഒപ്പു വെച്ചതോടെ നിയമം പ്രാബല്യത്തില്‍ വന്നു. കേരളത്തില്‍ നിന്നുള്ള പതിനായിരങ്ങള്‍ 1970-കളില്‍ ഉയര്‍ന്നു വന്ന ഹരിയാനയിലെ ഫരീദാബാദ് വ്യവസായ മേഖലയിലും, 90-കള്‍ക്കു ശേഷം പ്രബലമായ ഗുഡ്ഗാവോണ്‍, മനേസര്‍ വ്യവസായ മേഖലകളിലും ജോലി ചെയ്യുന്നു.
ഗുഡഗാവ്-മനേസര്‍ മേഖലയാണ് ഐടി, ബിപഒ, ആട്ടോമൊബൈല്‍ പാര്‍ട്‌സ് തുടങ്ങിയ പുതിയകാല വ്യവസായങ്ങളുടെ സിരാകേന്ദ്രം. ഹരിയാനയിലെ പുതിയ തൊഴില്‍ നിയമം ഈ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യവസായ മേഖലയിലെ പ്രമുഖര്‍ അഭിപ്രായപ്പെട്ടതായി ദ ഹിന്ദു-ബിസിനസ്സ്‌ലൈന്‍ പത്രം റിപോര്‍ട് ചെയ്യുന്നു. ഐടി, ആട്ടോമൊബൈല്‍സ് തുടങ്ങിയ മേഖലകളിലെ ജോലിയുടം മാനദണഡം പ്രധാനമായും കഴിവും, മെറിറ്റുമാണ്. പുതിയ നിയമം ഈ മാനദണ്ഡങ്ങളെ ദുര്‍ബലമാക്കുന്നു, എന്ന് അവര്‍ ഭയക്കുന്നു.
'വീട്ടില്‍ ഇരുന്ന് മാത്രമല്ല ലോകത്തിന്റെ ഏതു ഭാഗത്ത് ഇരുന്നും ജോലി ചെയ്യാമെന്ന നയം നടപ്പിലാവുന്ന കാലമാണിത്. അത്തരമൊരു സാഹചര്യത്തെ പിന്തുണയ്ക്കുന്ന പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് യോജിക്കുന്നതല്ല ഹരിയാനയുടെ നടപടി' ഐടി വ്യവസായത്തിന്റെ കൂട്ടായ്മയായ നാസ്‌കോമിന്റെ പബ്ലിക് പോളിസി തലവനും, സീനിയര്‍ ഡയറക്ടറുമായ അഷീഷ് അഗര്‍വാള്‍ പറഞ്ഞു. ടെക്‌നോളജി വ്യവസായത്തിലെ കമ്പനികളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ബിസിനസ്സിന് ആവശ്യമായ പ്രാഗല്‍ഭ്യവും, കഴിവുമുള്ള ഉദ്യോഗര്‍ത്ഥികളെ ഏതെങ്കിലും ഒരു സംസ്ഥാനത്തു നിന്നു മാത്രമായി കണ്ടെത്തണമെന്ന നിബന്ധന പ്രയോഗികമല്ല. മിക്കവാറും കമ്പനികളും പരമാവധി അവയുടെ പരിസരത്തു നിന്നുള്ള ഉദ്യോഗാര്‍ത്ഥികളെ ജോലിക്കെടുക്കുന്നതിനാവും താല്‍പര്യപ്പെടുക. അതിന്റെയര്‍ത്ഥം അങ്ങനൊയൊരു നയം നിയമം മൂലം നടപ്പിലാക്കാമെന്നല്ല.
ഇന്ത്യയിലെ വാഹനങ്ങളും, അവയുടെ പാര്‍ട്‌സുകളും നിര്‍മിക്കുന്ന വ്യവസായം ആഗോളതലത്തിലെ ബിസിനസ്സാണ്. ആട്ടോ പാര്‍ട്‌സുകളുടെ ഉല്‍പ്പാദനത്തിന്റെ 25 ശതമാനത്തിലധികം കയറ്റുമതിയാണ്. യൂറോപ്പും, അമേരിക്കയുമാണ് പ്രധാന വിപണികള്‍. ആഗോളതലത്തില്‍ മത്സരക്ഷമമായ ഈ മേഖലയ്ക്കു അതിനു പറ്റിയ നൈപുണ്യമുള്ള ഉദ്യോഗാര്‍ത്ഥികളെയാണ് ആവശ്യെന്ന് ആട്ടോമോട്ടീവ് കണ്‍പോണന്റ്‌സ് മാനുഫാക്ചറേര്‍സ് അസ്സോസിയേഷന്റെ പ്രസിഡണ്ടായ ദീപക് ജെയിന്‍ പറഞ്ഞു. വ്യവസായ സൗഹൃദസ്ഥലമെന്ന ഹരിയാനയുടെ ഇമേജിന് ദോഷകരമാണ് പുതിയ നിയമം, അദ്ദേഹം വ്യക്തമാക്കി.
പുതിയ നിയമം കൂടുതല്‍ വിശദീകരണം ആവശ്യപ്പെടുന്നു എന്നാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ (സിഐഐ) ഹരിയാന സംസ്ഥാന കൗണ്‍സിന്റെ ചെയര്‍മാനായ സന്‍ജയ് കപൂറിന്റെ അഭിപ്രായം. ഏറ്റവും മികച്ച നൈപുണ്യമുള്ളവരെ ജോലിക്ക് എടുക്കാനുള്ള വ്യവസായ മേഖലയുടെ സ്വാതന്ത്യത്തെ ഹനിക്കുന്നതാണ് ഈ നിയമം. സംസ്ഥാന സര്‍ക്കരുമായും ഇക്കാര്യം ചര്‍ച്ച ചെയ്യും, കപൂര്‍ പറഞ്ഞു. ഭക്ഷ്യോല്‍പ്പന്ന മേഖലയില്‍ പുതിയ നിബന്ധന നടപ്പിലാക്കുക ബുദ്ധിമുട്ടാവുമെന്ന് ആള്‍ ഇന്ത്യ ഫുഡ് പ്രോസ്സസേര്‍സ് അസ്സോസിയേഷന്‍ പ്രസിഡണ്ട് സുബോധ് ജിന്‍ഡാല്‍ പറഞ്ഞു.
1960-കളില്‍ മുംബെയില്‍ ശിവസേന തുടക്കം കുറിച്ച മണ്ണിന്റെ മക്കള്‍ വാദത്തിന്റെ മറ്റൊരു പതിപ്പിനാണ് ഹരിയാന തുടക്കമിട്ടതെന്ന് കരുതേണ്ടിയിരിക്കുന്നു. ദക്ഷിണേന്ത്യയില്‍ നിന്നുള്ളവരെയാണ് ശിവസേന പ്രധാനമായും ലക്ഷ്യം വച്ചത്. ഹരിയാനയിലെ നിയമവും ഫലത്തില്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയാണ് കൂടുതലും പ്രതികൂലമായി ബാധിക്കുക എന്നു കരുതപ്പെടുന്നു.
Next Story
Videos