ജിഎസ്ടി ഓഡിറ്റ് നിര്‍ത്തലാക്കിയോ, ഈ വര്‍ഷം ജിഎസ്ടി ഓഡിറ്റ് വേണമോ? അറിയാം

വാര്‍ഷിക റിട്ടേണിന്റെ കൂടെ ഓഡിറ്റ് ചെയ്ത അക്കൗണ്ട്‌സിന്റെ കോപ്പി ഇനിമുതല്‍ സമര്‍പ്പിക്കേണ്ട ആവശ്യമില്ല

എല്ല ചെറുകിട സംരംഭകരും ഒരേ സ്വരത്തില്‍ ചോദിക്കുന്ന ഒരു കാര്യമാണ്, ജിഎസ്ടി ഓഡിറ്റ് കഴിഞ്ഞ ഫിനാന്‍സ് ആക്ടില്‍ ഒഴിവാക്കും എന്നൊരു വ്യവസ്ഥ ഉണ്ടായിരുന്നില്ലേ ? എന്താണ് ഇപ്പോഴത്തെ അവസ്ഥയെന്ന്. ഗവണ്‍മെന്റ് നോട്ടിഫിക്കേഷന്‍ വന്നോ ? 2020-21 വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ജിഎസ്ടി ഓഡിറ്റ് റിപ്പോര്‍ട്ട് വേണമോ എന്നൊക്കെ പലര്‍ക്കുമുള്ള സംശയമാണ്. എന്നാല്‍ ഗവണ്‍മെന്റ് നോട്ടിഫിക്കേഷന്‍ പുറത്തിറക്കിയിട്ടുണ്ട്. 30 ജൂലൈ 2021 ല്‍ സിബിഐസിയുടെ പ്രധാനപ്പെട്ട വിജ്ഞാപനങ്ങള്‍ വന്നിരിക്കുന്നു.

ഒരു വിജ്ഞാപനം അനുസരിച്ച് 01-08-2021 മുതല്‍ ജിഎസ്ടി ഓഡിറ്റ് ഒഴിവാക്കിയിരിക്കുന്നു. 2021 ലെ ഫിനാന്‍സ് ആക്ട് വകുപ്പ് 110 ഉം 111 ഉം ആഗസ്റ്റ് ഒന്നുമുതല്‍ നിലവില്‍ വന്നിരിക്കുന്നു.
മേല്‍സാഹചര്യത്തില്‍ സിഎ/സിഎംഎ ജിഎസ്ടി ഓഡിറ്റ് ഇനിമുതല്‍ ആവശ്യമില്ല. ജിഎസ്ടി ഓഡിറ്റ് പരാമര്‍ശിക്കുന്ന സിജിഎസ്ടി നിയമത്തിലെ വകുപ്പ് 35(5) ഒഴിവാക്കുന്ന കാര്യമാണ് വകുപ്പ് 110 ല്‍ ഉള്ളത്.
സിജിഎസ്ടി നിയമത്തിലെ വകുപ്പ് 44 ല്‍ മാറ്റം വരുത്തിയ കാര്യമാണ് വകുപ്പ് 111 ല്‍ പരാമര്‍ശിക്കുന്നത്. വകുപ്പ് 44 അനുസരിച്ച് ഓഡിറ്റ് ചെയ്ത അക്കൗണ്ട്‌സിന്റെ കോപ്പി വാര്‍ഷിക റിട്ടേണിന്റെ കൂടെ സമര്‍പ്പിക്കണം എന്നതായിരുന്നു വ്യവസ്ഥ. ആ വ്യവസ്ഥയിലാണ് 01/08/2021 മുതല്‍ മാറ്റം വന്നിരിക്കുന്നത്. വാര്‍ഷിക റിട്ടേണിന്റെ കൂടെ ഓഡിറ്റ് ചെയ്ത അക്കൗണ്ട്‌സിന്റെ കോപ്പി ഇനിമുതല്‍ സമര്‍പ്പിക്കേണ്ട ആവശ്യമില്ല. സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു അനുരഞ്ജന പ്രസ്താവന (Reconciliation statement) സമര്‍പ്പിച്ചാല്‍ മതി.
മറ്റൊരു വിജ്ഞാപനം അനുസരിച്ച് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ വാര്‍ഷിക വിറ്റുവരവ് (Aggregate turnover) രണ്ട് കോടി രൂപ വരെയുള്ള ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്തു. വ്യക്തികള്‍ ആ വര്‍ഷത്തെ വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കേണ്ട ആവശ്യമില്ല.



Related Articles
Next Story
Videos
Share it