10 വര്‍ഷം കൊണ്ട് കേരളത്തിന്റെ കുത്തഴിഞ്ഞ ധനകാര്യ രംഗം എങ്ങനെ നേരെയാക്കാം?

കൊറോണയോടു കൂടി കേരള ധനകാര്യം അടുത്ത കാലത്തൊന്നും കരകയറാനാവാത്ത വലിയ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ് . മറ്റ് പല സംസ്ഥാനങ്ങളും സമാനമായ പ്രതിസന്ധിയിലാണല്ലോ എന്ന് ആശ്വസിക്കാം എന്നു മാത്രം . അതിനപ്പുറം ഈ പ്രതിസന്ധിക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങളെ കുറിച്ച് ഇരു മുന്നണികളുടെയും പിന്നില്‍ അണിനിരന്നിട്ടുള്ള രാഷ്ടീയ പാര്‍ട്ടികള്‍ തയ്യാറല്ല . മാറി ചിന്തിക്കാന്‍ മാത്രം കേരള ധനകാര്യത്തിന് അടിസ്ഥാന പരമായ എന്തെങ്കിലും തകരാറുണ്ടെന്ന് അവര്‍ക്കാര്‍ക്കും തോന്നുന്നുമില്ല . ഇന്നത്തെ പ്രതിസന്ധിയില്‍ എത്തിച്ച വ്യവസ്ഥയെ അതുപോലെ തുടര്‍ന്ന് കൊണ്ടുപോകാന്‍ എവിടെ നിന്നൊക്കെ കടം വാങ്ങാം എന്നതാണല്ലോ അവരുടെ വേവലാതി .

ധനകാര്യത്തെ ഇന്നത്തെ രീതിയില്‍ തുടരാന്‍ അനുവദിച്ചാല്‍ അതിന് കേരള സമൂഹം വലിയ വില കൊടുക്കേണ്ടി വരും . കുറേക്കൂടി സമത്വവും സാമ്പത്തിക വളര്‍ച്ചയും സംതൃപ്തിയുമുള്ള കേരളം സാധ്യമാണ് എന്നതാണ് വസ്തുത . നീതിയില്‍ അധിഷ്ഠിതമായി കേരള ധനകാര്യത്തെ അഴിച്ചുപണിയാനുള്ള ചട്ടകൂടാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത് .

വര്‍ധിച്ചു വരുന്ന ചെലവുകള്‍

ഒരു വശത്ത് സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിക്കാനുള്ള സാധ്യതകള്‍ കുറഞ്ഞു വരുന്നു . മറുവശത്തകട്ടേ , ചെലവുകള്‍ വര്‍ധിച്ചും വരുന്നു . വൃദ്ധജനങ്ങളുടെ സംരക്ഷണത്തിനായി വലിയൊരു തുക മാറ്റിവെയ്‌ക്കേണ്ട സ്ഥിതിയാണ് . സര്‍ക്കാര്‍ പെന്‍ഷന്‍കാരുടെ എണ്ണം വരും വര്‍ഷങ്ങളില്‍ പതിന്മടങ്ങ് വര്‍ധിക്കും . ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുന്നതു മൂലം പെന്‍ഷനു വേണ്ടി മാറ്റി വെയ്‌ക്കേണ്ട തുക സംസ്ഥാന ഖജനാവിന് വലിയൊരു ചുമടായി മാറാന്‍ പോവുകയാണ് . എടുത്തു കൂട്ടിയിട്ടുള്ള കടത്തിന്റെ പലിശയാണ് മറ്റൊരു ബാധ്യത . പലിശച്ചെലവ് ഓരോ വര്‍ഷത്തിലെയും വരുമാനത്തില്‍ നിന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു . വായ്പകളുടെ തിരിച്ചടവാണ് മറ്റൊന്ന് . ധന ഉത്തരവാദിത്ത നിയമത്തില്‍ പറഞ്ഞിട്ടുള്ളതു പ്രകാരം റവന്യു കമ്മി കുറയ്ക്കാനാകാത്തതു മൂലം കടത്തിനുള്ള ധനകാര്യ കമ്മീഷനുകളുടെ ഇളവുകളൊന്നും പ്രയോജനപ്പെടുത്താന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ല . ചരക്ക് സേവന നികുതിയുടെ നഷ്ടപരിഹാരമായി ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന തുക 2022 വരെ മാത്രമേ ലഭിക്കൂ . അക്കൗണ്ടന്റ് ജനറലിന്റെ കണക്ക് പ്രകാരം മൊത്തം കടത്തില്‍ 71,693 കോടി രൂപ 2025 നുള്ളില്‍ തിരിച്ചടയ്‌ക്കേണ്ടി വരും . ഇതിന് പുറമേയാണ് കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകാനിടയുള്ള കെടുതികളും കൊറോണ പോലുള്ള മഹാമാരികളും . ഇവയൊക്കെ ഇനിയുള്ള വര്‍ഷങ്ങളില്‍ പ്രതീക്ഷിക്കുക തന്നെ വേണം .

അഴിച്ചുപണിയലിന്റെ ധന ശാസ്ത്ര യുക്തി

നികുതി നികുതിയിതര മാര്‍ഗ്ഗങ്ങളിലൂടെ വരുമാനം വര്‍ധിപ്പിക്കുകയും വരുമാന വര്‍ധനവിന് സഹായകരമാം വിധം പൊതു ചെലവുകള്‍ പുന:സംഘടിപ്പിക്കുകയുമാണ് കേരളത്തിന് മുമ്പിലുള്ള പരിഹാരം

നികുതി - നികുതിയേതര വരുമാനം വര്‍ധിപ്പിക്കാനുള്ള വഴികള്‍ തന്നെയെടുക്കാം. കേരളത്തിലെ പൊതുവിഭവ സമാഹരണം പാവങ്ങളുടെയും പുറംപോക്കില്‍ കിടക്കുന്നവരുടെയും മേല്‍ വിയ ഭാരം കയറ്റി വയ്ക്കുന്നതാണ്. മൊത്തം തനത് വരുമാനത്തിന്റെ 30 ശതമാനം മദ്യത്തില്‍ നിന്നും ഭാഗ്യക്കുറിയില്‍ നിന്നുമാണല്ലോ? വിവിധങ്ങളായ ഉപഭോഗവസ്തുക്കളില്‍ ചെലവാക്കപ്പെടുമായിരുന്ന പണമാണ് ഇങ്ങനെ എങ്ങും തൊടാതെ ഖജനാവില്‍ എത്തുന്നത്. ഇത് എത്തിച്ചേരുന്നതാകട്ടേ, വിപണിയില്‍ താരതമ്യേന കുറച്ചുമാത്രം ചെലവഴിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെയും ഉപഭോഗത്തില്‍ നിന്നും ഏറെക്കുറെ പിന്‍വാങ്ങിക്കഴിഞ്ഞ പെന്‍ഷന്‍കാരുടെയും കൈകളിലാണ്.

സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളും പൊതുഖജനാവിലേക്ക് സംഭാവന ചെയ്യുന്ന ഒരു വരുമാന ഘടനയ്ക്ക് മാത്രമേ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയുകയുള്ളൂ.

മദ്യത്തില്‍ നിന്നും ഭാഗ്യക്കുറിയില്‍ നിന്നുമുള്ള വരുമാനം ഘട്ടംഘട്ടമായി വേണ്ടെന്ന് വയ്ക്കുകയും അതുമൂലം ഉണ്ടാകുന്ന റവന്യു നഷ്ടം മധ്യവര്‍ഗ്ഗത്തില്‍ നിന്നും സമ്പന്നരില്‍ നിന്നും കൂടുതല്‍ പൊതുവിഭവങ്ങള്‍ സമാഹരിച്ച് പരിഹരിക്കുകയും ചെയ്യുകയാണ് ഇവിടെ വേണ്ട പോംവഴി. പ്രത്യക്ഷനികുതികളും പരോക്ഷ നികുതികളും നികുതിയിതര വരുമാനവും ഏറെക്കുറെ സന്തുലിതമായിരുന്ന അറുപതുകളിലെ വരുമാന ഘടനയിലേക്ക് തിരിച്ചുപോകണമെന്ന് അര്‍ത്ഥം.

ഇതെങ്ങനെ പ്രവര്‍ത്തി പഥത്തില്‍ കൊണ്ടുവരാനാകുമെന്ന് നോക്കാം.

മദ്യത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഇപ്പോള്‍ പിന്തുടരുന്ന നയം പൊളിച്ചെഴുതുകയാണ് വേണ്ടത്. മറ്റൊന്ന് ഭാഗ്യക്കുറിയുടെ ഘട്ടംഘട്ടമായുള്ള നിരോധനമാണ്. ഭാഗ്യക്കുറി നിരോധിച്ചാലുണ്ടാകുന്ന റവന്യു നഷ്ടത്തേക്കാള്‍ എത്രയോ കൂടുതലാണ് അതുമൂലമുണ്ടാകുന്ന നേട്ടങ്ങള്‍. ഭാഗ്യമാണ്; അധ്വാനമല്ല എല്ലാത്തിന്റെയും അടിസ്ഥാനമെന്ന തെറ്റായ സന്ദേശമാണ് ഭാഗ്യക്കുറി നല്‍കുന്നത്. ഭാഗ്യക്കുറി നിര്‍ത്തിയാല്‍ തൊഴില്‍ രഹിതരാകുന്നവര്‍ക്ക് ചെറുകിട കച്ചവട സ്ഥാപനങ്ങളും സൂക്ഷ്മസംരംഭങ്ങളും തുടങ്ങാന്‍ പലിശരഹിത വായ്പയും അഞ്ച് വര്‍ഷത്തേക്ക് വരുമാന പിന്തുണയും നല്‍കിയാല്‍ മതി.

കേരളത്തിലെ താഴ്ന്ന വരുമാനക്കാരുടെ കൈയില്‍ അഞ്ചു പൈസ മിച്ചമില്ലാതെ അവരെ നിരന്തരം കൊള്ളപ്പലിശക്കാരുടെ ചൂഷണത്തിന് വിധേയരാക്കുന്നതില്‍ മദ്യത്തിനും ഭാഗ്യക്കുറിക്കും ഒരു പ്രധാന പങ്കുണ്ട്. മദ്യത്തിന് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതോടെ പാവപ്പെട്ടവരുടെ ആരോഗ്യം, ജീവിത നിലവാരം എന്നിവ മെച്ചപ്പെടും. കൂടുതല്‍ അധ്വാനിക്കാനും സ്വന്തം ജീവിതത്തിന്റെ ഉടമസ്ഥത ഏറ്റെടുക്കാനും അവര്‍ക്ക് പ്രചോദനമുണ്ടാകും. ഇത് അവരുടെ ഇടയിലെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ ഇടയാക്കും. കൊള്ളപ്പലിശക്കാരില്‍ നിന്ന് മുക്തി നേടുന്നതോടെ സമ്പാദ്യശീലം വര്‍ധിക്കും. സമ്പാദ്യമുണ്ടാകുന്നതോടെ കൂടുതല്‍ വരുമാനത്തിനായി അധ്വാനിക്കാനും പ്രചോദനമുണ്ടാകും. രാഷ്ട്രീയക്കാരുടെ പിണിയാളുകളാകാന്‍ അവരെ കിട്ടില്ല. അതോടെ കേരളത്തിലെ വയറ്റിപ്പിഴപ്പ് രാഷ്ട്രീയത്തിനും അറുതിയാകും.

റവന്യു നഷ്ടം എങ്ങനെ പരിഹരിക്കാം?

മദ്യത്തില്‍ നിന്നും ലോട്ടറിയില്‍ നിന്നുമുള്ള വരുമാന നഷ്ടം എങ്ങനെ പരിഹരിക്കാം എന്നതാണ് വെല്ലുവിളി. അതിനും വഴിയുണ്ട്.

കേരളത്തിലെ മധ്യവര്‍ഗ്ഗവും സമ്പന്നരും വളരെ ചെറിയ നികുതി ഭാരം വഹിക്കുന്നവരാണ്. അവരുടെ ഉപഭോഗ പ്രവണത, വരുമാനവുമായി തട്ടിച്ചുനോക്കുമ്പോള്‍ പാവപ്പെട്ടവരേക്കാള്‍ വളരെ കുറവാണ്. വരുമാനത്തിന്റെ നല്ലൊരു ഭാഗം അവര്‍ സമ്പാദിക്കും. ഉപഭോഗം ഉണ്ടെങ്കിലേ ചരക്ക് സേവന നികുതി വഴിയായി അവരില്‍ നിന്നും പൊതുവിഭവങ്ങള്‍ സമാഹരിക്കാന്‍ സാധിക്കൂ. അവരില്‍ നിന്ന് പ്രത്യക്ഷ നികുതികളിലൂടെയും നികുതിയിതര വരുമാനമാര്‍ഗ്ഗങ്ങളിലൂടെയും കൂടുതല്‍ വരുമാനം ഉണ്ടാക്കുക എന്നതാണ് ഇവിടെ പ്രയോഗിക്കാവുന്ന തന്ത്രം. അതിനായുള്ള നാല് വഴികള്‍ ഇതൊക്കെയാണ്.

1. കെട്ടിട നികുതി: മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കെട്ടിട നികുതിയിലൂടെ പൊതുവിഭവ സമാഹരണം നടത്താന്‍ അപാര സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. കേരളം മുഴുവന്‍ ഒരു നഗരമാണ്. ഗള്‍ഫ് പണത്തിന്റെ 40 ശതമാനം വരെ ചെലവിട്ടിരിക്കുന്നത് വീടുകളും വാണിജ്യ സമുച്ചയങ്ങളും നിര്‍മിക്കാനാണ്. ഒന്നിലധികം വീടുകളും അപ്പാര്‍ട്ടുമെന്റുകളും ഉള്ള ഏറെ പേര്‍ കേരളത്തിലുണ്ട്. കെട്ടിട നികുതി കാലാനുസൃതമായി പുതുക്കി വരുമാനം വര്‍ധിപ്പിക്കണം. ഇക്കാര്യത്തില്‍ സങ്കുചിത താല്‍പ്പര്യങ്ങളും വികലമായ വീക്ഷണങ്ങളും ഇനി വെച്ചുപുലര്‍ത്തരുത്.

കേരളത്തിലെ കെട്ടിട നികുതിയുടെ അപാര സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സഹജമായ പരിമിതികള്‍ ഉണ്ട്. ഇത് മറികടക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന നികുതി നഷ്ടം പരിഹരിക്കാം എന്ന കരാറിന്മേല്‍ കെട്ടിട നികുതി ചുമത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിന് തിരികെ എടുക്കാം. ശാസ്ത്രീയമായ രീതിയില്‍ സംസ്ഥാനത്തെമ്പാടും കെട്ടിട നികുതി ഏര്‍പ്പെടുത്താം. മൂന്ന് നാല് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കുന്നതായതിനാല്‍ കെട്ടിട നികുതിയില്‍ വെട്ടിപ്പ് നടത്താന്‍ പ്രയാസമാണ്.

കെട്ടിടമുണ്ട്, പക്ഷേ വരുമാനമില്ല എന്ന സ്ഥിതിയുള്ളവരുണ്ട്. മതിയായ രേഖകളുടെ പിന്‍ബലത്തില്‍ അവര്‍ക്ക് ഇളവുകള്‍ നല്‍കാം.

വൈദ്യുതിക്കും തീരുവയാകാം

കേരളം കാര്യമായി പ്രയോജനപ്പെടുത്താത്ത ഒരു വരുമാന സ്രോതസ്സാണിത്. വൈദ്യുതിയുടെ ഉപഭോഗത്തിന്മേല്‍ കേന്ദ്ര നിയമപ്രകാരം ചുമത്തുന്ന ഇലക്ട്രിസിറ്റി തീരുവയുടെ വരുമാനം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. കേരളം കടുത്ത ഊര്‍ജ്ജ പ്രതിസന്ധി നേരിടാന്‍ പോവുകയാണ്. മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ ഉയര്‍ന്ന നികുതി ചുമത്തി വില ഉയര്‍ത്തുന്ന അതേ തന്ത്രം വൈദ്യുതിയുടെ കാര്യത്തിലുമാകാം. വൈദ്യുതി ഉപഭോഗം കുറവുള്ള സാധാരണക്കാരെ ഇതില്‍ നിന്ന് ഒഴിവാക്കാം.

ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിലെ ഫീസ് വര്‍ധന

തികച്ചും അര്‍ഹരായവര്‍ക്ക് ഇളവുകള്‍ നല്‍കുകയും ബാക്കിയുള്ളവരുടെ കാര്യത്തില്‍ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നായി തിരിച്ച് ഫീസ് ചുമത്താവുന്നതാണ്. ആരോഗ്യമേഖലയിലെ വിവിധ ആശുപത്രികളില്‍ ഇതുപോലെ മാനദണ്ഡം സ്വീകരിച്ച് വൈദ്യസഹായത്തിനും ഫീസ് ചുമത്താം.

സര്‍ക്കാര്‍ ഭൂമിയുടെ യുക്തിസഹമായ വിനിയോഗം

സംസ്ഥാനത്തെ ഭൂമി വില വെച്ചുനോക്കുമ്പോള്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള സംസ്ഥാന സര്‍ക്കാര്‍ ഒരു പക്ഷേ കേരള സര്‍ക്കാര്‍ ആകും. ഭൂമിയുടെ ലഭ്യത ഏറ്റവും കുറവുള്ള ഒരു സംസ്ഥാനത്ത് അങ്ങേയറ്റം കാര്യക്ഷമതയില്ലാതെയാണ് സര്‍ക്കാര്‍ ഭൂമി ഉപയോഗിക്കുന്നത്. വ്യക്തികളുടെ വാസ സ്ഥലങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ബഹുനില മന്ദിരങ്ങളാകുമ്പോള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു നില മന്ദിരങ്ങളായി ചിതറികിടക്കുകയാണ്. ഇവയൊക്കെ പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ ബഹുനില മന്ദിരങ്ങളിലേക്ക് ക്രമീകരിച്ചാല്‍ വളരെ അധികം ഭൂമി വാണിജ്യ- പാര്‍പ്പിട ആവശ്യങ്ങള്‍ക്കായി സ്വകാര്യ മേഖലയ്ക്ക് കൈമാറാനുമാകും.

കേരള ലാന്‍ഡ് ബാങ്കില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം 75,645.62 ഹെക്ടര്‍ ഭൂമി സര്‍ക്കാരിന്റെ കൈയിലുണ്ട്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതും പൂട്ടിക്കിടക്കുന്നതുമായ പൊതുമേഖല സ്ഥാപനങ്ങളുടെ ഭൂമിയും ഇതില്‍ പെടും. തുച്ഛമായ പാട്ടത്തിന് 40 ഉം 50ഉം വര്‍ഷത്തേക്ക് എടുത്തിട്ടുള്ള മത-സാമൂഹ്യ- സാംസ്‌കാരിക സംഘടനകളുമുണ്ട്.

ആസ്തികള്‍ കെട്ടിപ്പിടിച്ചിരുന്ന് ദാരിദ്ര്യം അനുഭവിക്കുന്നത് വ്യക്തികളുടെ ശീലമാണ്. സര്‍ക്കാരുകള്‍ അത് പിന്തുടരേണ്ടതില്ല. ഭൂമി സുതാര്യമായ രീതിയില്‍ വില്‍പ്പന നടത്തി കടത്തിന്റെ വലിയൊരു ഭാഗം തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കര്‍ണാടക ഈയിടെ ഈ മാര്‍ഗം സ്വീകരിച്ചിരുന്നു.

എത്ര ചെറുതും പ്രയോജപ്പെടുത്താം

സര്‍ക്കാര്‍ ഭൂമിയുടെ പാട്ടം, ഖനനത്തിന്മേലുള്ള റോയല്‍റ്റി എന്നിങ്ങനെ സര്‍ക്കാര്‍ ആസ്തികള്‍ ഉപയോഗിക്കുന്നവരില്‍ നിന്നും ഉയര്‍ന്ന ഫീസുകള്‍ ഈടാക്കി അധിക വരുമാനം ഉണ്ടാക്കാവുന്നതാണ്. അധിക വരുമാനം ഏത് സ്രോതസ്സില്‍ നിന്നായാലും എത്ര ചെറുതായാലും പ്രയോജനപ്പെടുത്തുന്ന സമീപനം സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

അതുപോലെ ചെലവുകളും പുനഃക്രമീകരിക്കണം. ചെലവ് ചുരുക്കി ഉണ്ടാക്കുന്ന മെച്ചം പാവപ്പെട്ടവരുടെയും പുറംപോക്കില്‍ താമസിക്കുന്നവരുടെയും കൈകളില്‍ നേരിട്ടെത്തിക്കാന്‍ സാധിച്ചാല്‍ അത് ഉടന്‍ തന്നെ പ്രാദേശിക വിപണികളില്‍ എത്തും. ഇത് പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകും. പ്രാദേശിക ഉല്‍പ്പാദനം കൂടും. ക്ഷേമപെന്‍ഷന്‍ ഇപ്പോഴത്തെ 1300 എന്നത് 2500 രൂപയായി വര്‍ധിപ്പിച്ചാല്‍ അതുമൂലം സംസ്ഥാനത്തിന്റെ ചരക്ക് സേവന നികുതി വര്‍ധിക്കും.

ഇതിനുള്ള വിഭവങ്ങള്‍ കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ ഇനി നോക്കാം.

ശമ്പളച്ചെലവ് മൊത്തം വരുമാനത്തിന്റെ നിശ്ചിത ശതമാനമാക്കാം

ആളോഹരി ശമ്പളച്ചെലവില്‍ രണ്ടാമതാണ് കേരളം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൊടുത്തുകഴിഞ്ഞ് ബാക്കിയുണ്ടെങ്കില്‍ അത് മറ്റുള്ളവര്‍ക്ക് കൊടുക്കാമെന്ന സമീപനം മാറ്റണം. 1983-84 മുതല്‍ കടമെടുത്ത് ശമ്പളം കൊടുത്തുവരികയാണ്. ഈ പതിവിന് അറുതി വരുത്താതെ കേരള ധനകാര്യത്തിന് ഇനി മുന്നോട്ടുപോകാനാവില്ല.

ശമ്പളച്ചെലവ് മൊത്തം വരുമാനത്തിന്റെ നിശ്ചിത ശതമാനമാക്കി നിജപ്പെടുത്തണം. 2017-18 ലെ മൊത്തം ശമ്പളം റവന്യു വരുമാനത്തിന്റെ 39.67 ശതമാനമാണ്. കര്‍ണാടകത്തില്‍ ഇത് 15.54 ശതമാനമാണ്. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് കേരളത്തിന്റെ ശമ്പളച്ചെലവ് റവന്യു വരുമാനത്തിന്റെ 25 ശതമാനത്തിലേക്ക് കുറച്ചുകൊണ്ടുവരണമെന്ന ലക്ഷ്യം വെയ്ക്കാം.

ശമ്പളച്ചെലവ് കുറയ്ക്കുന്നതിന്റെ ആഘാതം എല്ലാവര്‍ക്കും തുല്യമാകരുത്. ശമ്പളം കൂടുന്തോറും കുറവു വരുന്ന തുകയും കൂടുന്ന രീതിയില്‍ ഇത് ക്രമപ്പെടുത്താവുന്നതാണ്.

ആളോഹരി പെന്‍ഷന്‍ ചെലവിന്റെ കാര്യത്തില്‍ കേരളം ഒന്നാമതാണ്. വരും വര്‍ഷങ്ങളില്‍ പെന്‍ഷന്‍ ചെലവ് ശമ്പള ചെലവിനെ കടത്തിവെട്ടും. പെന്‍ഷന്‍ എന്നത് മാന്യമായി ജീവിച്ച് മരിക്കാന്‍ വ്യക്തിക്കള്‍ക്ക് സമൂഹത്തിന്റെ വക സൗമനസ്യമാണ്. കുറച്ചുപേര്‍ക്ക് ജോലി കൊടുത്തു എന്നതിന്റെ പേരില്‍ സമൂഹത്തെ ബന്ദിയാക്കുന്ന സമീപനം സ്വീകരിക്കരുത്. പെന്‍ഷനെ മാറ്റി വച്ച ശമ്പളമായി കരുതുന്ന സമീപനം അശാസ്ത്രീയവും അധാര്‍മികവുമാണ്. ഈ സ്വീകരിക്കുന്നത് മൂലമാണ് ശമ്പളക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കൊടുത്തതിന് ശേഷം മറ്റാവശ്യങ്ങള്‍ക്ക് ഒരിക്കലും വിഭവങ്ങള്‍ തികയാതെ വരുന്ന സാഹചര്യം ഉണ്ടാവുന്നത്.

പങ്കാളിത്ത പെന്‍ഷന്റെ പ്രഭാവം അനുഭവപ്പെടാന്‍ 2045 വരെ കാത്തിരിക്കണം. ഇന്നത്തെ രീതിയില്‍ പെന്‍ഷനും ക്ഷാമബത്തയും കൊടുത്തുകൊണ്ട് മുന്നോട്ട് പോയാല്‍ 2025 ആകുമ്പോള്‍ കേരള ഖജനാവ് കാലിയാകും.

പെന്‍ഷനെ ശമ്പളത്തില്‍ നിന്ന് വേറിട്ട് കാണുകയാണ് ഇവിടെ വേണ്ട പരിഹാരം. 'സര്‍ക്കാര്‍ ജോലി കുറച്ചുപേര്‍ക്ക്, പെന്‍ഷന്‍ എല്ലാവര്‍ക്കും' എന്ന മുദ്രാവാക്യം മുന്നോട്ട് വെയ്ക്കാം. മൊത്തം വരുമാനത്തിന്റെ നിശ്ചിത ശതമാനം പെന്‍ഷനായി മാറ്റിവെയ്ക്കാം. ഈ തുകയില്‍ നിന്നും എല്ലാവര്‍ക്കും പെന്‍ഷന്‍ കൊടുക്കാം. സര്‍ക്കാര്‍ പെന്‍ഷന്‍കാരും സാധാരണക്കാരനും തമ്മിലുള്ള വ്യത്യാസം നാല് ഇരട്ടിയില്‍ കൂടേണ്ടതില്ല.

എല്ലാ വൃദ്ധജനങ്ങള്‍ക്കും ആശുപത്രിവാസം അടക്കമുള്ള ചെലവുകള്‍ നികത്തുന്ന സമഗ്രമായ ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഇതോടൊപ്പം ആരംഭിച്ചാല്‍ ലഭിക്കുന്ന പെന്‍ഷന്‍ കൊണ്ട് മാന്യമായി ജീവിച്ച് മരിക്കാവുന്നതേയുള്ളൂ.

സര്‍ക്കാര്‍ പെന്‍ഷന്‍കാരുടെ തുക കുറഞ്ഞാല്‍ അവര്‍ എങ്ങനെ ജീവിക്കുമെന്ന ചോദ്യം ഉയരാം. സത്യത്തില്‍ പെന്‍ഷന്‍ കൊണ്ട് ജീവിച്ചുപോകുന്ന വളരെ ചെറിയ ശതമാനം ആളുകളെ ഉള്ളൂ. മറ്റ് നിരവധി വരുമാനമാര്‍ഗങ്ങള്‍ ബഹുഭീരിപക്ഷം ആളുകള്‍ക്കും ഉണ്ട്. പെന്‍ഷന്റെ ശരാശരി 25 ശതമാനം മാത്രമേ വിപണിയില്‍ തിരിച്ചെത്തുന്നുള്ളൂ. മാസം 1300 രൂപയ്ക്കും ജീവിക്കുന്ന വൃദ്ധന്മാര്‍ ഈ നാട്ടിലുണ്ട്!

റവന്യു ചെലവുകള്‍ക്ക് പരിധി

ശമ്പളത്തിനും പെന്‍ഷനും പരിധി നിര്‍ണയിച്ചതുപോലെ മറ്റ് റവന്യു ചെലവുകളും മൊത്തം വരുമാനത്തിന്റെ നിശ്ചിത ശതമാനമായി നിജപ്പെടുത്താം. ഓരോ വകുപ്പിന്റെയും ചെലവ് മൊത്തം വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനമായി നിജപ്പെടുത്തിയാല്‍ ഭരണത്തിലെ പാഴ്‌ച്ചെലവ് വളരെ അധികം കുറയ്ക്കാന്‍ സാധിക്കും. ഭരണച്ചെലവ് ഗണ്യമായി കുറയുന്നതോടെ രാഷ്ട്രീയം ഒരു അനാകര്‍ഷകമായ തൊഴിലായി മാറും. ഇതോടെ വയറ്റിപ്പിഴപ്പ് രാഷ്ട്രീയത്തിന് വിരാമമാകും.

നേരത്തെ സൂചിപ്പിച്ച വിഭവ സമാഹരണ നടപടികളും ചെലവുകളിലെ പുനഃക്രമീകരണവും വഴിയായി പത്തുവർഷം കൊണ്ട് കേരള ധനകാര്യം സുസ്ഥിരമാക്കാം. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ശരാശരി പത്തുശതമാനമാക്കി മാറ്റാന്‍ ഇതുകൊണ്ട് സാധിക്കും. പാവപ്പെട്ടവരുടെ ഉപഭോഗം വര്‍ധിക്കുമ്പോള്‍ ധാരാളം വാണിജ്യ സ്ഥാപനങ്ങള്‍ ഉയരും.

പാവപ്പെട്ടവര്‍ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ കൂടുതലായി ഉപയോഗിക്കും. അതുകൊണ്ട് പ്രാദേശിക കാര്‍ഷിക- വ്യാവസായിക ഉല്‍പ്പാദനം കൂടും. കയറ്റിറക്ക് ഗതാഗത മേഖലകള്‍ ഇതോടൊപ്പം വളരും. ഇങ്ങനെ ഉല്‍പ്പാദന സേവന മേഖലകളുടെ അന്യോന്യം പിന്തുണച്ചുകൊണ്ടുള്ള ഒരു ചാക്രിക വളര്‍ച്ചാ പ്രവണത കേരള സമ്പദ് വ്യവസ്ഥയില്‍ രൂപം കൊള്ളും. ഇത് നികുതി വരുമാനവും ക്ഷേമ പ്രവര്‍ത്തനങ്ങളും ത്വരിതപ്പെടുത്തും.

(ജോസ് സെബാസ്റ്റ്യന്‍ എഴുതിയ 'കേരള ധനകാര്യം ജനപക്ഷത്തു നിന്ന് ഒരു പുനര്‍വായന' എന്ന ഗ്രന്ഥത്തിലെ ഒരു അധ്യായത്തിന്റെ സംക്ഷിപ്ത രൂപം . ഐ ഇ സി ഇ ഡി പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകം ലഭിക്കാന്‍ വിളിക്കൂ 94479 24 874)

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it