ട്രംപ് ചരിത്രം സൃഷ്ടിക്കുമോ, അതോ ആഗോള സാമ്പത്തിക ക്രമത്തിന്റെ അടിത്തറയിളക്കുമോ?

ട്രംപ് അനുകൂലികള്‍ ഒഴികെ ലോകമെമ്പാടുമുള്ള നേതാക്കളെല്ലാം ആശങ്കയിലാണ്. ലോകത്തിലെ ഏറ്റവും ശക്തനായ വ്യക്തിയെന്ന് പറയാവുന്ന അമേരിക്കയുടെ പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രവചനാതീതനാണ്. പരുക്കന്‍ സ്വഭാവവും പ്രതികാരബുദ്ധിയോടെ പെരുമാറുന്നയാളുമാണ്. മിക്കവരുടെയും ജീവിതം മാറ്റിമറിക്കാന്‍ അദ്ദേഹത്തിനാകും.
സമ്പദ്‌വ്യവസ്ഥയ്ക്ക് കോട്ടം തട്ടുന്നതും വ്യാപാര യുദ്ധത്തിന് ഇന്ധനം പകരുന്നതും കാലാവസ്ഥ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെയ്ക്കുന്നതും സമൂഹങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ നയങ്ങള്‍ ഡൊണാള്‍ഡ് ട്രംപ് കൊണ്ടുവരുമെന്ന ആശങ്കയിലാണവര്‍. വിവിധ വിഷയങ്ങളിലുള്ള തന്റെ നിലപാട് ഇതിനകം തന്നെ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രവചനാതീതമായ പെരുമാറ്റം അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെച്ചേക്കാമെന്ന് പലരും ഭയപ്പെടുന്നു.
യുഎസ് വിപണിയില്‍ നിറഞ്ഞുനില്‍ക്കുന്ന വിലകുറഞ്ഞ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള താരിഫ് ഉയര്‍ത്തല്‍ പോലുള്ള വ്യാപാര യുദ്ധങ്ങള്‍, നികുതിയിളവുകള്‍, അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തല്‍, കാലാവസ്ഥാ നിയമങ്ങളില്‍ വെള്ളം ചേര്‍ക്കല്‍, വെസ്റ്റ് ഏഷ്യയിലെയും യുക്രൈനിലേയും യുദ്ധങ്ങള്‍ സംബന്ധിച്ച വ്യത്യസ്ത നയങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ നയങ്ങളില്‍ മുന്‍ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ആഗോള സമ്പദ്‌വ്യവസ്ഥയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിതെളിക്കും.

പ്രവചനാതീതം

അദ്ദേഹത്തിന്റെ നയങ്ങള്‍ യുഎസിലും മറ്റു സമ്പദ്‌വ്യവസ്ഥകളിലും ഉയര്‍ന്ന പണപ്പെരുപ്പത്തിന് കാരണമാകുമെന്നും യുഎസ് ഡോളര്‍ ശക്തിപ്രാപിക്കുന്നത് മറ്റു സമ്പദ്‌വ്യവസ്ഥകളില്‍ നിന്നുള്ള നിക്ഷേപം അങ്ങോട്ടേക്ക് ഒഴുകുന്നതിന് കാരണമാകുമെന്നും സാമ്പത്തിക വിദഗ്ധര്‍ കരുതുന്നു.
ഉദാഹരണത്തിന്, മറ്റ് എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ഇറക്കുമതികള്‍ക്ക് 10 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്നും ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് അത് 60 ശതമാനമായിരിക്കുമെന്നും ചൈനയില്‍ നിന്നുള്ള കാറുകളുടെ ഇറക്കുമതി തീരുവ 100 ശതമാനമായിരിക്കുമെന്നും അദ്ദേഹം പറയുന്നു. ഇത് നടപ്പിലായാല്‍ പ്രതികാര നടപടികള്‍ യൂറോപ്പ്, ഏഷ്യ, ഓസ്‌ട്രേലിയ, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഉണ്ടാകുകയും വ്യാപാര യുദ്ധത്തിന് കാരണമാകുകയും ചെയ്‌തേക്കാം. രാജ്യങ്ങള്‍ ഇറക്കുമതി നിയന്ത്രിക്കുമ്പോള്‍ സ്വാഭാവികമായും പല രാജ്യങ്ങളുടെയും ഉല്‍പ്പാദനത്തെയും വളര്‍ച്ചയെയും അത് ബാധിക്കും. എല്ലാ അനധികൃത കുടിയേറ്റക്കാരെയും നാടുകടത്താനുള്ള അദ്ദേഹത്തിന്റെ പദ്ധതിയാകട്ടെ തൊഴിലാളി ക്ഷാമത്തിലേക്കും വിലക്കയറ്റത്തിലേക്കും നയിക്കും. ഉദാരമായ നികുതിയിളവുകളാണ് അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുള്ളത്. അതാകട്ടെ ധനക്കമ്മിയുണ്ടാക്കുകയും കൂടുതല്‍ പണപ്പെരുപ്പത്തിന് കാരണമാകുകയും ചെയ്യും.
ഇരുസഭകളുടെയും ജുഡീഷ്യറിയുടെയും പിന്തുണയുള്ളതിനാല്‍ ആഗോള സമാധാനത്തിനും ചിട്ടയായ സാമ്പത്തിക പുരോഗതിക്കും വിഘാതമായ നയങ്ങള്‍ പിന്തുടര്‍ന്നാല്‍ പോലും ട്രംപിനെ നിയന്ത്രിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.
അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും മഹത്തായ നാല് വര്‍ഷങ്ങളാണ് ട്രംപ് തന്റെ അനുയായികള്‍ക്ക് നല്‍കുന്ന വാഗ്ദാനം. മറ്റു രാജ്യങ്ങളുടെ ചെലവിലായിരിക്കുമോ അത്? അദ്ദേഹം ക്രിയാത്മകമായ രീതിയില്‍ ചരിത്രം സൃഷ്ടിക്കുമോ അതോ അരാജകത്വത്തിലേക്ക് നയിക്കുന്ന തരത്തില്‍ ആഗോള സാമ്പത്തിക ക്രമത്തിന്റെ അടിത്തറയിളക്കിക്കൊണ്ടായിരിക്കുമോ അത് എന്ന് കാലം പറയും.
Related Articles
Next Story
Videos
Share it