Begin typing your search above and press return to search.
ബി.ജെ.പിക്ക് അധികാരം നഷ്ടമായാല്‍ നിഫ്റ്റിക്ക് എന്തു സംഭവിക്കും? യു.ബി.എസിന്റെ പ്രവചനമിങ്ങനെ
ലോക്‌സഭാ തെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് കടന്നു കൊണ്ടിരിക്കുമ്പോള്‍ നരേന്ദ്ര മോദിയുടെ തേൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമോ എന്നതാണ് നിക്ഷേപക ലോകം ഉറ്റു നോക്കുന്നത്. ജൂലൈ നാലിന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഓഹരി വിപണികള്‍ കുതിക്കുമെന്നാണ് നരേന്ദ്ര മോദിയും അമിത്ഷായും അടക്കമുള്ള നേതാക്കള്‍ നിക്ഷേപകരോട് കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞത്. വിപണി പ്രതീക്ഷിക്കുന്നതും ഭൂരിപക്ഷമുള്ള എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നതാണ്. ജൂണ്‍ ഒന്നിന് നടക്കുന്ന ഏഴാം ഘട്ട വോട്ടെടുപ്പു കൂടി കഴിയുമ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂര്‍ണമാകും. പിന്നെ എല്ലാ കണ്ണുകളും ജൂണ്‍ നാലിലെ ഫലപ്രഖ്യാപനത്തിലാണ്. ഫലപ്രഖ്യാപനശേഷം വിപണിയില്‍ സംഭവിച്ചേക്കാവുന്ന നാല് സാഹചര്യങ്ങളെ കുറിച്ച് പ്രവചനവുമായെത്തിയിരിക്കുകയാണ് ആഗോള ബ്രോക്കറേജായ യു.ബി.എസ്.
നിഫ്റ്റി 10 വര്‍ഷം മുമ്പത്തെ അവസ്ഥയില്‍
ബി.ജി.പിക്ക് അധികാര തുടര്‍ച്ച നഷ്ടമായാല്‍ സംഭവിക്കാവുന്ന ഏറ്റവും മോശം സാഹചര്യം എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പുള്ള അവസ്ഥയിലേക്ക് നിഫ്റ്റി എത്തിയേക്കും എന്നതാണെന്ന് യു.ബി.എസ് മുന്നറിയിപ്പ് നല്‍കുന്നു. ഭരണതുടര്‍ച്ചയുണ്ടായില്ലെങ്കില്‍ നയപരമായ കാര്യങ്ങളില്‍ ഒരു സ്തംഭനം ഉണ്ടായേക്കാമെന്നതാണ് ബിസിനസുകളുടെ സെന്റിമെന്റ്‌സിനെ ബാധിക്കുന്നത്. ഇത് നിക്ഷേപകരുടെ ആത്മവിശ്വാസത്തെയും സ്വാധീനിക്കും. അതുവഴി എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പത്തെ അവസ്ഥയിലേക്ക് ഇക്വിറ്റി മൂല്യം ഇടിയാമെന്ന് യു.ബി.എസ് സെക്യൂരിറ്റീസിന്റെ പ്രേംലാല്‍ കാംദര്‍ പറയുന്നത്.
എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം എങ്ങനെയായാലും മദ്ധ്യ-ദീര്‍ഘകാലയളവില്‍ വിപണിയും ബിസിനസുകളുമൊക്കെ പുതിയ സര്‍ക്കാരിന്റെ നയങ്ങള്‍ ഉള്‍ക്കൊള്ളുന്നതായാണ് ഇതിനു മുമ്പുള്ള തിരഞ്ഞെടുപ്പ് കാലങ്ങള്‍ കാണിച്ചിട്ടുള്ളത്.
നാല് സാഹചര്യങ്ങളില്‍ വിപണി
ജൂണ്‍ നാലിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോഴുള്ള നാല് സാഹചര്യങ്ങളാണ് യു.ബി.എസ് പ്രവചിക്കുന്നത്.
ബി.ജി.പിക്ക് തനിച്ച് ഭൂരിപക്ഷം നിലനിറുത്താനായാലുള്ള സാഹചര്യമാണ് ആദ്യത്തേത്. അങ്ങനെയാണെങ്കില്‍ വിപണിക്ക് ആത്മവിശ്വാസം കൂടും. കാരണം ഇപ്പോഴത്തെ നയങ്ങള്‍ക്കെല്ലാം തുടര്‍ച്ചയുറപ്പാകും. അതായത് ഓഹരി വിറ്റഴിക്കല്‍, ഏകീകൃത സിവില്‍ കോഡ് തുടങ്ങിയവ അടക്കമുള്ള കാര്യങ്ങളില്‍ തുടര്‍ച്ചയുണ്ടാകുന്നത് വിപണിയില്‍ അനുകൂല വികാരമുണ്ടാക്കും.
രണ്ടാമത്തെ സാഹചര്യം ബി.ജെ.പിക്ക് ഒറ്റപാര്‍ട്ടി ഭൂരിപക്ഷം നേടാനാകാതെ പോയാലാണ്. അതായത് 272 സീറ്റിന് മുകളില്‍ നേടാനാകാതെ വന്നാല്‍ വിപണിക്ക് വിശ്വാസം കുറച്ച് നഷ്ടമാകും. എന്നാലും പോളിസി സ്ഥിരതയുണ്ടാകുമെന്നാണ് വിപണി കരുതുക. അത് വലിയ ചലനങ്ങളിലേക്ക് വിപണിയെ നയിച്ചേക്കില്ലെന്നാണ് കരുതുന്നത്.
മൂന്നാമത്തേത് എന്‍.ഡി.എയ്ക്ക് ഭൂരിപക്ഷമില്ലാതെ തൂക്ക് മന്തിസഭ വന്നലാണ്. ഇത് രാഷ്ട്രിയ പാര്‍ട്ടികള്‍ക്കിടയില്‍ വലിയ നീക്കുപോക്കുകള്‍ക്ക് വഴിവയ്ക്കും. തീരുമാനങ്ങളില്‍ നിര്‍ണായക സ്വാധീനമില്ലാത്ത സര്‍ക്കാരിന് പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ ബുദ്ധിമുട്ടാകും. ഇത് വിപണികളെ സ്വാധീനിക്കും.
നാലാമത്തെ സാധ്യത പുതുതായി രൂപീകരിച്ച പ്രതിപക്ഷ മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചാലാണ്. നിലവിലുള്ള പല നയങ്ങളിലും പെട്ടെന്നുള്ളൊരു മാറ്റത്തിന് ഇത് വഴി തെളിക്കുമെന്നതിനാല്‍ വിപണിയില്‍ വലിയ അനിശ്ചതത്വം ഇത് ഉണ്ടാക്കും.
നിക്ഷേപകര്‍ക്ക് അവസരമോ
ഏത് സാഹചര്യത്തിലാണെങ്കിലും വിപണികള്‍ അടിസ്ഥാന ഘടകങ്ങളിലേക്ക് മാറുന്ന സമയം കുറഞ്ഞ വിലയില്‍ നിക്ഷേപത്തിനുള്ള അവസരമാണ് വാഗ്ദാനം ചെയ്യുന്നതെന്ന് യു.ബി.എസ് പറയുന്നു.
നിലവില്‍ നിഫ്റ്റി പ്രീ ഇലക്ഷന്‍ റാലിയുടെ ഫലമായി 23,000മെന്ന റെക്കോഡ് ഉയരം മറികടന്നിരുന്നു. ബി.ജെ.പി 290 സീറ്റ് നേടിയാല്‍ മാര്‍ക്കറ്റില്‍ ഹ്രസ്വകാല വില്‍പ്പന സമ്മര്‍ദ്ദത്തിന് ശേഷം റാലിയുണ്ടാകുമെന്നാണ് പ്രൈവറ്റ് വെല്‍ത്ത് മാനേജ്‌മെന്റ് കമ്പനിയായ ബെര്‍ണ്‍സ്റ്റെന്‍ അടുത്തിടെ പ്രവചിച്ചത്.
Next Story
Videos