കൊറോണ കാലം ഇന്ത്യയ്ക്ക് സമ്മാനിച്ചത് 40 ശതകോടീശ്വരന്‍മാരെ, അറിയാം

ലോകത്ത് ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനമാണ് ഇത്തവണ. ഇന്ത്യയില്‍ ജീവിക്കുന്ന 177 പേരാണ് ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് 2021ല്‍ ഉള്‍പ്പെട്ടത്. ഇതില്‍ 100 കോടി ഡോളറിലധികം ആസ്തിയുള്ള ഇന്ത്യക്കാര്‍ 209 പേരുണ്ട്. മാത്രമല്ല. കോവിഡ് വ്യാപനത്തിനിടയിലും 40 സംരംഭകരാണ് പട്ടികയില്‍ പുതുതായി ഇടം പിടിച്ചത്.

83 ബില്യണ്‍ യുഎസ് ഡോളര്‍ ആസ്തിയുള്ള മുകേഷ് അംബാനി തന്നെ ആയിരുന്നു ഇത്തവണത്തെയും ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരന്‍. ഹൂറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി 24 ശതമാനം മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുകയും ആഗോളതലത്തില്‍ എട്ടാമത്തെ സമ്പന്നത നേടുകയും ചെയ്തിരുന്നു.
ആഗോള തലത്തില്‍ ഒന്നാമനായ ഇലോണ്‍ മസ്‌ക് പക്ഷെ കഴിഞ്ഞയാഴ്ച നേരിട്ട വന്‍ തിരിച്ചടിയില്‍ ബെസോസിന് പിന്നിലേക്കാക്കപ്പെടുകയും ചെയ്തു. ആസ്തികളുടെ മൂല്യത്തിനനുസരിച്ച് ഇന്ത്യക്കാരായ സമ്പന്നരുടെ പട്ടികയിലും ചിലപ്പോള്‍ ഏറ്റക്കുറച്ചിലുകള്‍ വന്നേക്കാം. എങ്കിലും ഇത്തവണ കോവിഡ് മഹാമാരി വിതച്ച കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാഷ്ട്രങ്ങളിലൊന്നായിട്ടും വ്യക്തിഗത സ്വത്ത് സമ്പാദനത്തില്‍ ഇന്ത്യ മുന്നില്‍ തന്നെ എന്ന് ഹുറൂണ്‍ ലിസ്റ്റ് ഉറക്കെ വിളിച്ചു പറയുന്നു. രാജ്യം 'കെ ആകൃതിയിലുള്ള' വീണ്ടെടുക്കലിലൂടെ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നുവരുന്ന സമയത്താണ് റിപ്പോര്‍ട്ട് വരുന്നത്.
അംബാനിയെ കൂടാതെ ഗൗതം അദാനി രണ്ടാമതെത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗുജറാത്തില്‍ നിന്നുള്ള ഗൗതം അദാനി ഹുറൂണിലെ മുന്‍നിര സാന്നിധ്യമാണ്. 2020 ല്‍ മാത്രം 32 ബില്യണ്‍ യുഎസ് ഡോളറായിട്ടാണ് അദാനിയുടെ സ്വത്ത് ഇരട്ടിയായത്.
20 സ്ഥാനങ്ങള്‍ കയറി ആഗോളതലത്തില്‍ 48-ാമത്തെ സമ്പന്നനും രണ്ടാമത്തെ സമ്പന്ന ഇന്ത്യക്കാരനുമായി ഇദ്ദേഹം. അദാനിയുടെ സഹോദരന്‍ വിനോദിന്റെ സമ്പത്ത് 128 ശതമാനം വര്‍ധിച്ച് 9.8 ബില്യണ്‍ ഡോളറായതായും ദേശീയ മാധ്യമങ്ങള്‍ ഇതിനൊപ്പം കൂട്ടിച്ചേര്‍ക്കുന്നു.
ഐടി കമ്പനിയായ എച്ച്‌സിഎല്ലിന്റെ ശിവ് നാടര്‍ 27 ബില്യണ്‍ യുഎസ് ഡോളര്‍ സമ്പാദിച്ച മൂന്നാമത്തെ സമ്പന്നനായ ഇന്ത്യക്കാരനാണ്. ടെക് വ്യവസായത്തിലെ ചില സഹപ്രവര്‍ത്തകരും അതിവേഗം വളരുന്ന സമ്പത്തിന്റെ പട്ടികയില്‍ ആധിപത്യം സ്ഥാപിച്ചു. ലക്ഷ്മി മിത്തല്‍, സൈറസ് പൂനവല്ല എന്നിവരും പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.
രാധാകൃഷ്ണന്‍ ധമാനി(160), ദിലീപ് സാംഘ് വി(194), കുമാര്‍ മംഗളം ബിര്‍ള(212), സൈറസ് മിസ്ത്രി(224), രാഹുല്‍ ബജാജ്(240), നൂസ് ലി വാഡിയ(336), ബീനു ഗോപാല്‍(359), രാജീവ് സിംഗ്(362), അശ്വിന്‍ എസ് ധാനി(382), മുരളി ഡിവി(385) തുടങ്ങിയവരും പട്ടികയിലുണ്ട്.

യുഎസിലെയും ചൈനയിലെയും സാങ്കേതിക വിദ്യയില്‍ നിന്നുള്ള സമ്പത്ത് സൃഷ്ടിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചാക്രികമോ പരമ്പരാഗതമോ ആയ വ്യവസായങ്ങളാണ് ഇന്ത്യന്‍ സമ്പത്ത് സൃഷ്ടിക്കുന്നതെന്ന് ഹുറൂന്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടറും ചീഫ് റിസര്‍ച്ചറുമായ അനസ് റഹ്‌മാന്‍ ജുനൈദ് വ്യക്തമാക്കുന്നു. 'സാങ്കേതിക വിദ്യയില്‍ നിന്നുള്ള സമ്പത്ത് സൃഷ്ടിക്കല്‍ പൂര്‍ണ്ണ ശേഷിയില്‍ എത്തുമ്പോള്‍, ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ഇന്ത്യ യുഎസിനെ തോല്‍പ്പിക്കാന്‍ സാധ്യതയുണ്ട്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it