വികസിത രാജ്യമെന്ന സ്വപ്‌നം; 25 വര്‍ഷം മതിയാകുമോ ?

രാജ്യങ്ങളെ വികസിതമെന്നും വികസ്വരമെന്നും തരംതിരിക്കാന്‍ പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങളൊന്നും പുറത്തിറക്കിയിട്ടില്ല. അതേ സമയം, ലോക ബാങ്ക് 12,695 ഡോളറിന് മുകളില്‍ പ്രതിശീര്‍ഷ വരുമാനം ഉള്ളവയെ വികസിത രാജ്യങ്ങളായി ആണ് പരിഗണിക്കുന്നത്
വികസിത രാജ്യമെന്ന സ്വപ്‌നം; 25 വര്‍ഷം മതിയാകുമോ ?
Published on

25 വര്‍ഷം കൊണ്ട് ഇന്ത്യയെ വികസിത രാജ്യമാക്കുക എന്ന ലക്ഷ്യം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത് സ്വാതന്ത്യദിനത്തിലാണ്. വികസിക ഭാരതം, അടിമത്ത മനോഭാവം അവസാനിപ്പിക്കല്‍, പൈതൃകത്തില്‍ അഭിമാനിക്കൽ, ഏകത, പൗരധര്‍മ്മം പാലിക്കൽ എന്നിങ്ങനെ അഞ്ച് കാര്യങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ട് വച്ചത്.

ഇന്ത്യ ഒരു വികസ്വര രാജ്യമാണ് എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. വികസിത രാജ്യ പദവിയിലേക്ക് മാറാന്‍ 25 വര്‍ഷം കൊണ്ട് ഇന്ത്യയ്ക്ക് ആകുമോ എന്നതാണ് പ്രധാന ചോദ്യം. ജനങ്ങളുടെ പ്രതിശീര്‍ഷ വരുമാനം കണക്കിലെടുത്തു രാജ്യങ്ങളെ ഉയര്‍ന്ന വരുമാനമുള്ളവ (High Income Countrise), ഉയര്‍ന്ന- ഇടത്തരം വരുമാനമുള്ളവ (Upper-Middle), താഴ്ന്ന ഇടത്തരം വരുമാനമുള്ളവ (Lower-Middle), താഴ്ന്ന വരുമാനം ഉള്ളവ ( Low Income ) എന്നിങ്ങനെ ലോക ബാങ്ക് തരംതിരിച്ചിട്ടുണ്ട്. ഇവയില്‍ താഴ്ന്ന-ഇടത്തരം വരുമാനമുള്ളവയെ ആണ് വികസ്വര രാജ്യങ്ങളായി പരിഗണിക്കുന്നത്. എന്നാല്‍ ഐക്യരാഷ്ട്രസഭ രാജ്യങ്ങളെ വികസിതമെന്നും വികസ്വരമെന്നും തരംതിരിക്കാന്‍ പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങളൊന്നും പുറത്തിറക്കിയിട്ടില്ല.

ലോക ബാങ്കിന്റെ തരംതിരിക്കൽ പ്രകാരം 12,695 ഡോളറിന് മുകളില്‍ പ്രതിശീര്‍ഷ വരുമാനം ഉള്ള രാജ്യങ്ങളാണ് ഉയര്‍ന്ന വരുമാനമുള്ളവ. അതേ സമയം 25,000 ഡോളറിന് മുകളില്‍ പ്രതിശീര്‍ഷവരുമാനം ഉള്ള രാജ്യങ്ങളെ മാത്രമേ വികസിതമായി പരിഗണിക്കാവൂ എന്ന് വാദിക്കുന്നവരുണ്ട്. 2020ലെ കണക്ക് അനുസരിച്ച് അമേരിക്കയുടെ പ്രതിശീര്‍ഷ വരുമാനം 70,430 ഡോളറായിരുന്നു. ഇന്ത്യയുടേത് 1,907 യുഎസ് ഡോളറും. ആകെ വരുമാനത്തെ ജനസംഖ്യയുമായി ഹരിക്കുന്നതാണ് പ്രതീശീര്‍ഷ വരുമാനം. ഉയര്‍ന്ന വരുമാനമുള്ള, ജനസംഖ്യ കുറഞ്ഞ രാജ്യങ്ങളുടെ പ്രതീശിര്‍ഷ വരുമാനം എപ്പോഴും കൂടുതലായിരിക്കും. 141.71 കോടി ജനങ്ങളാണ് ഇന്ത്യയില്‍ ഉള്ളത്. യുഎസിലെ ജനസംഖ്യ വെറും 33.8 കോടിയാണ്.

ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ജനസംഖ്യയില്‍ ചൈനയെ മറികടന്ന് ഒന്നാമതാവും എന്നാണ് വിലയിരുത്തല്‍. രാജ്യത്തിന്റെ വരുമാനം ഉയരുന്നതിനൊപ്പം തന്നെ ജനസംഖ്യയും വര്‍ധിക്കുന്നത് കൊണ്ട് പ്രതിശീര്‍ഷ വരുമാനത്തില്‍ ഒരു കുതിച്ചുചാട്ടം രാജ്യത്തിന് സാധ്യമല്ല. നിലവില്‍ ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളില്‍ ആറാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. 2024-25 ഓടെ ഇന്ത്യയെ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കുകയാണ് ലക്ഷ്യമെന്ന് 2019ല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രാജ്യത്തിന്റെ ജിഡിപി 9 ശതമാനം നിരക്കില്‍ വളര്‍ന്നാല്‍ 2028-29 കാലയളവില്‍ രാജ്യം 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാകുമെന്നാണാണ് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി സുബറാവു കഴിഞ്ഞ ദിവസം പറഞ്ഞത്.

ഇന്ത്യ എവിടെ നില്‍ക്കുന്നു

ഉയര്‍ന്ന വരുമാനമുള്ള, മാനവ വികസന സൂചികയില്‍ മുന്നിട്ട് നില്‍ക്കുന്ന ഒഇസിഡി (Organisation for Economic Co-operation and Development) രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ എല്ലാക്കാര്യങ്ങളിലും ഏറെ പുറകിലാണ്. വാങ്ങല്‍ ശേഷിയെ അടിസ്ഥാനമാക്കിയുള്ള പ്രതിശീര്‍ഷ വരുമാനം ഇന്ത്യയുടേത് 7333.5 ഡോളറാണെന്നിരിക്കെ OECD രാജ്യങ്ങളുടേത് 48,482.1 ഡോളറാണ്. ഇന്ത്യയുടെ പ്രതിശീര്‍ഷവരുമാനം ഒഇസിഡി രാജ്യങ്ങളുടേതിനെക്കാള്‍ വേഗത്തിലാണ് ഉയരുന്നത്. എന്നിരുന്നാലും അടുത്ത 25 വര്‍ഷം തുടര്‍ച്ചയായി 12.4 ശതമാനം വളര്‍ച്ച നേടിയാല്‍ മാത്രമേ ഇവര്‍ക്കൊപ്പം എത്താന്‍ സാധിക്കു. 8.2 ശതമാനം നിരക്കില്‍ വളര്‍ന്നാല്‍ ഇപ്പോള്‍ ഒഇസിഡി രാജ്യങ്ങളുടെ നിലയിലേക്ക് എത്തും.

രാജ്യത്തെ ശിശുമരണ നിരക്ക് (Infant Mortality Rate at Birth) 1000 കുട്ടികളില്‍ 27 എന്ന നിലയിലാണ്. വികസിത രാജ്യങ്ങളിലെ ശരാശരി ശിശുമരണ നിരക്ക് 6 ആണ്. ഒഇസിഡി രാജ്യങ്ങളിലെ 77 ശതമാനം പേര്‍ക്കും ഉന്നത വിദ്യാഭ്യാസം ലഭിക്കുമ്പോള്‍ ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ മൂന്നില്‍ ഒന്നിന് പോലും കോളേജ് വിദ്യാഭ്യാസം ലഭിക്കുന്നില്ല. 2019-20 ലെ കണക്ക് അനുസരിച്ച് ഒരു ലക്ഷം പേര്‍ക്ക് 30 കോളജുകള്‍ എന്നതാണ് രാജ്യത്തെ സ്ഥിതി. തൊഴിലിടങ്ങളിലെ സ്ത്രീ സാന്നിധ്യം, നഗരവത്കരണം (Urbanisation) ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഇന്ത്യ ഇനിയും ഏറെ മുന്നോട്ട് പോവാനുണ്ട്. സാമൂഹ്യ-സാമ്പത്തിക ഉന്നമനം സൂചിപ്പിക്കുന്ന മാനവിക വികസന സൂചികയില്‍ (Human Development Index) ഇന്ത്യയുടെ സ്ഥാനം 131 ആണ്. പ്രതിശീര്‍ഷ വരുമാനം, ആയുര്‍ദൈര്‍ഘ്യം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കുന്നത്. ലോക വിശപ്പ് സൂചിക (Hunger Index) , അസമത്വ സൂചിക (Inequality Index) ഉള്‍പ്പടെയുള്ള പ്രമുഖ റിപ്പോര്‍ട്ടുകളിലെല്ലാം ഏറെ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com