സാമ്പത്തിക സർവേ; വളര്‍ച്ചാ നിരക്ക് കുറയും, വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരും

അടുത്ത സാമ്പത്തിക വര്‍ഷം 6-6.8 ശതമാനം നിരക്കിലായിരിക്കും വളര്‍ച്ച. ആഗോള തലത്തില്‍ വളര്‍ച്ച മന്ദഗതിയിലായതും വ്യാപാരം ചുരുങ്ങിയതും കയറ്റുമതി ഇടിയാന്‍ കാരണമായി. രൂപയുടെ വില പിടിച്ചുനിര്‍ത്താന്‍ മതിയായ വിദേശ നാണ്യ കരുതല്‍ ശേഖരം രാജ്യത്തിനുണ്ടെന്നും സാമ്പത്തിക സര്‍വേ
സാമ്പത്തിക സർവേ; വളര്‍ച്ചാ നിരക്ക് കുറയും,  വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരും
Published on

നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 7 ശതമാനം വളര്‍ച്ച നേടുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സര്‍വേ (Economic Survey 2023). ഇപ്പോഴത്തെ വില നിലവാരം അടിസ്ഥാനമാക്കിയുള്ള നോമിനല്‍ ജിഡിപി 3.5 ട്രില്യണ്‍ യുഎസ് ഡോളറായിരിക്കും. ജിഡിപിയുടെ 6.4 ശതമാനം ആയിരിക്കും ധനക്കമ്മി. കടവും ജിഡിപിയും തമ്മിലുള്ള അനുപാദം 84.5 ശതമാനമായി കുറയും. കഴിഞ്ഞ വര്‍ഷം ഇന്ത്യ 8.7 ശതമാനം വളര്‍ച്ച നേടിയിരുന്നു.

ആഗോള തലത്തില്‍ വളര്‍ച്ച മന്ദഗതിയിലായതും വ്യാപാരം ചുരുങ്ങിയതും 2022-23ലെ രണ്ടാം പകുതിയില്‍ രാജ്യത്തിന്റെ കയറ്റുമതി ഇടയാന്‍ കാരണമായെന്ന് സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടി. അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറയും. 6-6.8 ശതമാനം നിരക്കിലായിരിക്കും സമ്പദ് വ്യവസ്ഥ വളരുകയെന്നാണ് വിലയിരുത്തല്‍. അതേ സമയം ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരും.

വ്യാപാരക്കമ്മി ഉയരുകയാണെങ്കില്‍ അത് രൂപയുടെ വിലയെ ബാധിക്കും. എന്നാല്‍ രൂപയുടെ വില പിടിച്ചുനിര്‍ത്താന്‍ മതിയായ വിദേശ നാണ്യ കരുതല്‍ ശേഖരം രാജ്യത്തുനുണ്ടെന്നും സര്‍വേ വ്യക്തമാക്കി. 2022 ഡിസംബറിലെ കണക്ക് അനുസരിച്ച് 563 ബില്യണ്‍ ഡോളറാണ് ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം. കഴിഞ്ഞ വര്‍ഷം ഇത് 607 ബില്യണ്‍ ഡോളറായിരുന്നു.

നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ നോമിനല്‍ ജിഡിപി ഏകദേശം 3.5 ട്രില്യണ്‍ യുഎസ് ഡോളറായിരിക്കും. 2022-23 കാലയളവില്‍ രാജ്യം 7 ശതമാനം വളര്‍ച്ച കൈവരിക്കും. കഴിഞ്ഞ വര്‍ഷം 8.7 ശതമാനം വളര്‍ച്ച നേടിയിരുന്നു. ഏപ്രില്‍-ഡിസംബര്‍ (2022) കാലയളവിലെ ചില്ലറ പണപ്പെരുപ്പം 6.8 ശതമാനം ആണ്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ ഇത് 5.5 ശതമാനം ആയിരുന്നു. അതേ സമയം മുന്‍വര്‍ഷത്തെ 13 ശതമാനത്തില്‍ നിന്ന് മൊത്തവില പണപ്പെരുപ്പം 11.5 ശതമാനം ആയി കുറഞ്ഞു.

2022-23ല്‍ വ്യാവസായിക മേഖലയുടെ വളര്‍ച്ച 4.1 ശതമാനം മാത്രമായിരിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മേഖല 10.3 ശതമാനം വളര്‍ച്ച നേടിയിരുന്നു. 2020-21ല്‍ വ്യവസായിക മേഖല 3.3 ശതമാനം ചുരുങ്ങുകയാണ് ചെയ്തത്. സേവന മേഖലയുടെ 9.1 ശതമാനം വളര്‍ച്ച നേടും. 3.5 ശതമാനം വളര്‍ച്ചയാവും കാര്‍ഷിക മേഖല നേടുക. രാജ്യത്തെ 47 ശതമാനം ജനങ്ങളും കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com