മാലദ്വീപിന് വേണം ഇന്ത്യയുടെ അരി മുതല്‍ പഞ്ചസാര വരെ; 'അവശ്യവസ്തു' നയതന്ത്രത്തിന് പച്ചക്കൊടി

ഇന്ത്യാ വിരുദ്ധ പ്രചരണങ്ങളുമായി മുന്നോട്ടു പോകുമ്പോഴും അവശ്യവസ്തുക്കള്‍ക്കായി ഇന്ത്യയെ ആശ്രയിച്ച് മാലദ്വീപ്. പഞ്ചസാരയും ഗോതമ്പും ഉള്ളിയും ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ മാലദ്വീപിലേക്ക് കയറ്റുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. രാജ്യത്ത് വില നിയന്ത്രിച്ചു നിറുത്തുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി നിരോധിക്കുകയോ നിജപ്പെടുത്തുകയോ ചെയ്തിരുന്നു.
മാലദ്വീപിന്റെ ആഭ്യര്‍ത്ഥന മാനിച്ചാണ് ഇന്ത്യ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തി കയറ്റുമതിക്ക് സമ്മതം മൂളിയത്. മുട്ട, ഉരുളക്കിഴങ്ങ്, ഉള്ളി, അരി, ഗോതമ്പ്, പഞ്ചസാര, പരിപ്പ് എന്നിവയ്‌ക്കൊപ്പം കെട്ടിട നിര്‍മാണത്തിനാവശ്യമായ മണല്‍, കല്ല് എന്നിവയും ഈ സാമ്പത്തിക വര്‍ഷം മാലദ്വീപിലേക്ക് കയറ്റുമതി ചെയ്യും.
42 കോടിയിലധികം മുട്ട, 21,513 ടണ്‍ ഉരുളക്കിഴങ്ങ്, 35,749 ടണ്‍ ഉള്ളി, 1,24,218 ടണ്‍ അരി, 1,09,162 ടണ്‍ ഗോതമ്പ്, 64,494 ടണ്‍ പഞ്ചസാര എന്നിവയാണ് മാലദ്വീപിലേക്ക് കയറ്റുമതി ചെയ്യുക. കെട്ടിട നിര്‍മാണത്തിന് ആവശ്യമായ 10 ലക്ഷം ടണ്‍ കല്ലും മണലും മാലദ്വീപിന് നല്‍കും.
പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭ്യമാകുന്ന മുറയ്ക്കായിരിക്കും ഇവ കയറ്റുമതി നടത്തുക. കെട്ടിട നിര്‍മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളില്‍ മുഖ്യപങ്കും മാലദ്വീപ് ഇറക്കുമതി നടത്തുന്നത് ഇന്ത്യയില്‍ നിന്നാണ്. 2024-25 സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ വിലക്കയറ്റത്തിന് കാരണമാകുന്ന വസ്തുക്കളുടെ കയറ്റുമതി നിജപ്പെടുത്തുകയോ പൂര്‍ണനിയന്ത്രണം ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടുണ്ട് കേന്ദ്രസര്‍ക്കാര്‍.
മേഖലയിലെ തന്ത്രപ്രധാന ദ്വീപ് രാഷ്ട്രമായ മാലദ്വീപിന് നിയന്ത്രണങ്ങളില്‍ ഇളവു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ചൈനാ വിധേയത്വമുള്ള മുഹമ്മദ് മുയിസു പ്രസിഡന്റായി ചുമതലയേറ്റ ശേഷം മാലദ്വീപ് ഇന്ത്യയുമായി അകലുന്നതാണ് കണ്ടത്. ഇന്ത്യാ വിരുദ്ധ ക്യാമ്പയിനുമായി ഭരണം പിടിച്ചെങ്കിലും ഇപ്പോള്‍ മുയിസു സര്‍ക്കാരിനെതിരേ മാലദ്വീപില്‍ രോഷം ശക്തമാണ്.
നഷ്ടം മാലദ്വീപിന് മാത്രം
ഇന്ത്യയെ പിണക്കിയതിലൂടെ നഷ്ടമേറെ സംഭവിച്ചത് മാലദ്വീപിന് തന്നെയാണ്. അവരുടെ പ്രധാന വരുമാന മാര്‍ഗം വിനോദസഞ്ചാരമാണ്. മാലദ്വീപ് സന്ദര്‍ശിക്കുന്നവരില്‍ ഏറെയും ഇന്ത്യക്കാരാണ്. ഇന്ത്യ വിരുദ്ധ ക്യാംപെയ്ന്‍ മാലദ്വീപില്‍ ഉയര്‍ന്നതോടെ ഇവിടെ നിന്നുള്ള വിനോദ സഞ്ചാരികള്‍ അങ്ങോട്ടേക്കുള്ള യാത്ര കൂട്ടത്തോടെ റദ്ദാക്കി.
ചൈനയില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായില്ലെന്ന് മാത്രമല്ല ഇന്ത്യക്കാരുടെ എണ്ണം നന്നേ കുറയുകയും ചെയ്തു. ഇത് മാലദ്വീപിന്റെ വരുമാനത്തെ വലിയ തോതില്‍ ബാധിച്ചു. ടൂറിസം രംഗത്ത് നിക്ഷേപം നടത്തിയ കമ്പനികളെല്ലാം സര്‍ക്കാരിനെതിരേ രംഗത്തു വരികയും ചെയ്തു. ഇതോടെ പതുക്കെയെങ്കിലും ഇന്ത്യ വിരുദ്ധത കുറയ്ക്കാന്‍ മുയിസു സര്‍ക്കാര്‍ നിര്‍ബന്ധിതരായി. ഭക്ഷ്യ വിഭവങ്ങളുടെ കയറ്റുമതി ഇന്ത്യ നടത്തുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാന്‍ സഹായിച്ചേക്കും.

Related Articles

Next Story

Videos

Share it