ഇന്ത്യ ജിഡിപി കണക്കുകൂട്ടുന്ന രീതിയിൽ 'പ്രശ്നങ്ങൾ' ഉണ്ടെന്ന് ഗീത ഗോപിനാഥ്

ഇന്ത്യയുടെ 'ജിഡിപി ചർച്ച'യിൽ പങ്കുചേർന്ന് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥും. രാജ്യത്തിൻറെ വളർച്ചാ നിരക്ക് കണക്കുകൂട്ടുന്ന രീതിയിൽ ഇപ്പോഴും പ്രശ്നങ്ങൾ ഉണ്ടെന്നും ഇന്ത്യ പുറത്തിറക്കുന്ന കണക്കുകൾ അന്താരാഷ്ട്ര നാണയനിധിയുടെ (ഐഎംഎഫ്) സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും സിഎൻബിസിയ്ക്ക് നൽകിയ അഭിമുഖത്തിൽ അവർ ചൂണ്ടിക്കാട്ടി.

അതേസമയം 2015-ൽ ഇതുസംബന്ധിച്ച് ഇന്ത്യ വരുത്തിയ മാറ്റങ്ങൾ പ്രശംസനീയമാണെന്ന് അവർ കൂട്ടിച്ചേർത്തു.

"ജിഡിപി കണക്കുകൂട്ടുന്നതിലെ അടിസ്ഥാന വർഷം മാറ്റിയതും സ്വാഗതാർഹമായ കാര്യമാണ്. എന്നാൽ വളർച്ചാ നിരക്ക് കണക്കുകൂട്ടുമ്പോൾ ഉപയോഗിക്കുന്ന 'ഡീഫ്‌ളേറ്റർ' സംബന്ധിച്ച് ഐഎംഎഫിന് ചില ആശങ്കകളുണ്ട്. ഇന്ത്യയിലെ ഐഎംഎഫിന്റെ ഉദ്യോഗസ്ഥരുമായി ഞങ്ങൾ ഇക്കാര്യം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്," ഗീത ഗോപിനാഥ് പറഞ്ഞു.

ജിഡിപി ഡീഫ്‌ളേറ്റർ എന്നാൽ നാണയപ്പെരുപ്പത്തിന്റെ ഒരു അളവുകോലാണ്. വില സൂചിക ഉയരുന്നതനുസരിച്ച് ജിഡിപിയിൽ വന്ന മാറ്റം അളക്കാൻ ഇതു ഉപയോഗിക്കുമെന്നും അവർ വിശദീകരിച്ചു.

ഇന്ത്യ ഇന്ന് വലിയൊരു സാമ്പത്തിക ശക്തിയാണെന്നും അതുകൊണ്ടുതന്നെ സ്റ്റാറ്റിസ്റ്റിക്സും ജിഡിപി കണക്കുകളും കൂടുതൽ സുതാര്യമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇന്ന് ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ. ഈയവസരത്തിൽ ഇന്ത്യയെ ലോകം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഗീത കൂട്ടിച്ചേർത്തു.

മുൻ ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റും ആർബിഐ ഗവർണറുമായിരുന്ന രഘുറാം രാജൻ ഇന്ത്യയുടെ ജിഡിപി കണക്കുകൂട്ടുന്ന രീതിയെ ഈയിടെ വിമർശിച്ചിരുന്നു. ഇന്ത്യ 7 ശതമാനം വളരുമ്പോഴും തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്നതെങ്ങനെയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോർട്ടിൽ ഐഎംഎഫ് ഇന്ത്യയുടെ ജിഡിപി വളർച്ചാ എസ്റ്റിമേറ്റ് വെട്ടിക്കുറച്ചിരുന്നു. 2019-20 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 7.3 ശതമാനവും 2020-21 ൽ 7.5 ശതമാനവും വളർച്ച രേഖപ്പെടുത്തുമെന്നാണ് ഐഎംഎഫ് പ്രതീക്ഷിക്കുന്നത്. ഒക്ടോബറിൽ പ്രവചിച്ചതിനേക്കാൾ കുറഞ്ഞ നിരക്കാണിത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it