19 ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഉയർത്തി; എസി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ വില കൂടും

കറന്റ് അക്കൗണ്ട് കമ്മി കുറക്കാനും രൂപയുടെ മൂല്യത്തകർച്ചക്ക് തടയിടാനും 19

ഉൽപ്പന്നങ്ങൾക്ക് കേന്ദ്ര സർക്കാർ ഇറക്കുമതിത്തീരുവ ഉയർത്തി.

ഈ ഉൽപ്പന്നങ്ങളുടെ വിപണി വില ഉയരും. വ്യാഴാഴ്ച മുതലാണ് നിരക്ക് വർധന പ്രാബല്യത്തിൽ വരുന്നത്. അവശ്യസാധനങ്ങളെ ഈ നടപടിയിൽ നിന്ന് തൽക്കാലം ഒഴിവാക്കിയിട്ടുണ്ട്.

ഈ 19 ഉൽപ്പന്നങ്ങളുടേയും ചേർന്നുള്ള ഇറക്കുമതി ചെലവ് ഏതാണ്ട് 86,000 കോടി രൂപയാണ്.

10 ശതമാനത്തിൽ നിന്ന് 20 ശതമാനമായി ഉയർത്തിയവ

 • എയർ കണ്ടീഷണറുകൾ
 • റഫ്രിജറേറ്ററുകൾ
 • വാഷിങ് മെഷീനുകൾ (10 കിലോഗ്രാമിൽ താഴെയുള്ളവ)

10 ശതമാനത്തിൽ നിന്ന് 15 ശതമാനം

 • സ്പീക്കറുകൾ
 • റേഡിയൽ കാർ ടയർ
 • ടേബിൾ വെയർ, കിച്ചൻ വെയർ, മറ്റ് പ്ലാസ്റ്റിക് ഗൃഹോപകരണ സാമഗ്രികൾ
 • ട്രങ്ക്, സ്യൂട്ട്‌കെയ്‌സുകൾ, എക്സിക്യൂട്ടീവ് കെയ്‌സുകൾ, ബ്രീഫ് കെയ്‌സുകൾ, യാത്രാ ബാഗുകൾ
 • ഓഫീസ് സ്റ്റേഷനറി, ഫർണീച്ചർ ഫിറ്റിങ്സ്, ഡെക്കറേറ്റീവ് ഷീറ്റുകൾ, വളകൾ, മുത്തുകൾ തുടങ്ങിയ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ
 • ബോക്സ്, കണ്ടെയ്നർ, ബോട്ടിൽ തുടങ്ങിയ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ
 • പ്ലാസ്റ്റിക് കൊണ്ടുള്ള ബാത്ത്, വാഷ് ബേസിൻ, സിങ്ക് തുടങ്ങിയവ

20 ശതമാനത്തിൽ നിന്ന് 25 ശതമാനം

 • പാദരക്ഷകൾ

5 ശതമാനത്തിൽ നിന്ന് 7.5 ശതമാനം

 • ഡയമണ്ട്സ്

5 ശതമാനം തീരുവ

 • ഏവിയേഷൻ ടർബൈൻ ഫ്യൂവൽ (ATF)

എ.റ്റി.എഫിൻമേൽ 5 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയത് മൂലം വിമാന യാത്ര കൂലി വർധിക്കാൻ ഇടയില്ല. കാരണം, ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിൽ സംസ്‌ക്കരിച്ച് ജെറ്റ് ഫ്യൂവൽ നിർമ്മിക്കുന്നത് ഇന്ത്യയിൽ തന്നെയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വെറും 181 ദശലക്ഷം ഡോളറിന്റെ എ.റ്റി.എഫ് മാത്രമേ ഇന്ത്യ ഇറക്കുമതി ചെയ്തിട്ടുള്ളൂ.

എന്നാൽ വിവിധ സാമഗ്രികളുടെ ഇറക്കുമതി തീരുവ കൂട്ടിയത് രൂപയുടെ മൂല്യത്തകർച്ചക്കിടയിൽ ഇറക്കുമതിക്കാർക്ക് വൻ തിരിച്ചടിയാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. ഇന്ത്യയുമായി ഫ്രീ-ട്രേഡ് കരാർ ഉള്ള രാജ്യങ്ങളിൽ നിന്ന് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന വ്യാപാരികളെ ഇത് ബാധിക്കില്ല.

അതേസമയം, വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ ഇൻഫോർമേഷൻ ടെക്നോളജി കരാറിന് കീഴിൽ വരുന്ന പല ഇലക്ട്രോണിക് സാമഗ്രികൾക്കും കസ്റ്റംസ് തീരുവ ഇല്ല. അതുകൊണ്ട് തന്നെ വലിയ രീതിയിൽ ഇറക്കുമതി ചെയ്യപ്പെടുന്ന ഇത്തരം ഉൽപന്നങ്ങൾക്ക് ഇറക്കുമതി തീരുവ ഏർപ്പെടുത്താൻ സർക്കാരിന് കഴിയാതെ വരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it