ഇന്ത്യ വീണ്ടും ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തി
2017-18 സാമ്പത്തിക വർഷത്തിന്റെ അവസാന പാദം മൊത്ത ആഭ്യന്തര ഉല്പാദനത്തിൽ (ജിഡിപി) 7.7 ശതമാനം വളർച്ച നേടിക്കൊണ്ട് ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തി എന്ന സ്ഥാനം ഇന്ത്യ നിലനിർത്തി.
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തിറക്കിയ കണക്ക് പ്രകാരം ജനുവരി-മാർച്ച് പാദത്തിലെ വളർച്ച ആ വർഷത്തെ മറ്റ് മൂന്ന് പാദങ്ങളിലെ വളർച്ചാ നിരക്കിനേക്കാൾ കൂടുതലാണ്. ചൈന 6.8 ശതമാനം സാമ്പത്തിക വളർച്ചയാണ് ഈ കാലയളവിൽ നേടിയത്.
2017-18 / ജിഡിപി വളർച്ചാ നിരക്ക്
ഒന്നാം പാദം/ ഏപ്രിൽ-ജൂൺ 5.6%
രണ്ടാം പാദം/ ജൂലൈ-സെപ്റ്റംബർ 6.3%
മൂന്നാം പാദം/ഒക്ടോബർ-ഡിസംബർ 7.0%
നാലാം പാദം/ജനുവരി-മാർച്ച് 7.7%
കാർഷികോൽപാദനം, ഉല്പന്ന നിർമ്മാണം, കെട്ടിട നിർമ്മാണം, നിക്ഷേപം എന്നീ രംഗങ്ങളിലുണ്ടായ വളർച്ചയാണ് സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റത്തിന് ആക്കം കൂട്ടിയതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
കാർഷികോൽപ്പാദനത്തിൻറെ വളർച്ചാ നിരക്ക് മൂന്നാം പാദത്തിലെ 3.1 ശതമാനത്തിൽ നിന്നും 4.5 ശതമാനമായി ഉയർന്നു. ഉല്പന്ന നിർമ്മാണ മേഖല 9.1 ശതമാനം വളർച്ചയാണ് നാലാം പാദത്തിൽ കൈവരിച്ചത്. മൂന്നാം പാദത്തിലെ വളർച്ച 8.5 ശതമാനമായിരുന്നു. ഹൈവേ വികസനത്തിന് വേണ്ടിയുള്ള സർക്കാരിന്റെ നിക്ഷേപങ്ങളുടെ പിൻബലത്തിൽ കൺസ്ട്രക്ക്ഷൻ മേഖല 11.5 ശതമാനം വളർച്ച നേടി. മുൻ പാദത്തിൽ ഇത് 6.6 ശതമാനമായിരുന്നു.
സ്വകാര്യ ഉപഭോഗം, നിക്ഷേപ പ്രവർത്തനങ്ങൾ എന്നിവ രണ്ടക്ക വളർച്ച നേടി. സർക്കാരിന്റെ ധനവിനിയോഗത്തിൻറെ വളർച്ച നിരക്ക് അല്പം കുറഞ്ഞെങ്കിലും ദൃഢമായ സ്ഥിതിയിലാണ്.
എന്നാൽ, 2017-18 സാമ്പത്തിക വർഷത്തിന്റെ മൊത്തം ജിഡിപി വളർച്ചാ നിരക്ക് മുൻവർഷത്തെ 7.1 ശതമാനത്തിൽ നിന്നും 6.7 ശതമാനമായി കുറഞ്ഞു.
നാലാം പാദത്തിൽ പ്രതീക്ഷിച്ചതിലും കൂടുതൽ വളർച്ച നേടാനായതിനാൽ 2018-19 സാമ്പത്തിക വർഷത്തെ വളർച്ചാ ലക്ഷ്യം 7.5 ശതമാനമായി നിലനിർത്താനാണ് സർക്കാരിന്റെ തീരുമാനം