800 കോടി ജനങ്ങള്‍; ജൂലൈയില്‍ ഇന്ത്യ ഒന്നാമതെത്തും, വേണ്ടത് നിക്ഷേപങ്ങള്‍

യുഎന്‍ റിപ്പോര്‍ട്ട് പ്രകാരം ലോകജനസംഖ്യ ഇന്ന് 800 കോടി എന്ന നാഴികക്കല്ല് പിന്നിടുകയാണ്. 2023 ജൂലൈയില്‍ ജനസംഖ്യയില്‍ ചൈനയെ ഇന്ത്യ മറികടക്കും. വരുന്ന ജൂലൈയില്‍ രാജ്യത്തെ ജനസംഖ്യ 142.8 കോടിയിലെത്തും. ഈ സമയം 142.5 കോടി ജനങ്ങളാവും ചൈനയില്‍ ഉണ്ടാവുക.

അതേ സമയം 2023ല്‍ ഇന്ത്യയിലെ മൊത്തം പ്രത്യുല്‍പ്പാദന നിരക്ക് (Total Fertility Rate-TFR) 2ല്‍ താഴെയായിരിക്കും എന്നാണ് യുഎന്‍ പറയുന്നത്. പ്രത്യുല്‍പ്പാദന നിരക്ക് 2.1 എന്നതാണ് യുഎന്‍ കണക്കാക്കുന്ന ശരിയായ തോത് (Ideal replacement rate). 2.31 എന്ന നിലയിലായിരിക്കും ഇക്കാലയളവില്‍ ആഗോളതലത്തില്‍ ടിഎഫ്ആര്‍. 2063ല്‍ ഇന്ത്യയുടെ ജനസംഖ്യ ഏറ്റവും ഉയര്‍ന്ന നിലയായ 169 കോടിയിലെത്തും എന്നാണ് യുഎന്‍ വിലയിരുത്തല്‍.

സ്വകാര്യ ഫണ്ട് കണ്ടെത്താന്‍ നഗര ഭരണകൂടങ്ങളെ പ്രാപ്തമാക്കണം

ഇന്ത്യന്‍ നഗരങ്ങളിലെ ജനസംഖ്യ കുതിച്ചുയരുകയാണ്. 2030ഓടെ ഇന്ത്യന്‍ ജനസംഖ്യയുടെ 40 ശതമാനവും നഗരങ്ങളിലായിരിക്കും താമസിക്കുക. ഈ സാഹചര്യത്തെ നേരിടാന്‍ ഇന്ത്യന്‍ നഗരങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് 15 വര്‍ഷം കൊണ്ട് 840 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തണമെന്നാണ് ലോകബാങ്ക് പറയുന്നത്. അതായത് ഒരു വര്‍ഷം 56 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം.

India's Infrastructure Needs: Constraints to Commercial Financing and Prospects for Policy Action എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ നഗര ഭരണകൂടങ്ങള്‍ സ്വകാര്യ വായ്പകള്‍ കണ്ടത്തേണ്ടതിന്റെ ആവശ്യകത ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നുണ്ട്. 2011-18 കാലയളിവില്‍ ശരാശരി, ജിഡിപിയുടെ 0.63 ശതമാനം മാത്രമാണ് ഇന്ത്യയില്‍ നഗരങ്ങളുടെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് (Capital Expenditure) ചെലവഴിച്ചത്. കോര്‍പറേഷനുകള്‍ ഉള്‍പ്പെടെയുള്ള വികേന്ദ്രീകൃത ഭരണ സംവിധാനങ്ങളാണ് നഗരങ്ങളിലെ ഇത്തരം വികസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

സ്മാര്‍ട്ടും സുസ്ഥിരവുമായ നഗരവത്കരണത്തിന് വലിയ നിക്ഷേപങ്ങള്‍ ആവശ്യമാണ്. അതിനായി പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് സ്വകാര്യ ശ്രേതസ്സുകളില്‍ നിന്ന് കൂടുതല്‍ കടമെടുക്കുന്നതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കണമെന്ന് ലോക ബാങ്ക് ഇന്ത്യ ഡയറക്ടര്‍ അഗസ്‌റ്റെ ടാനോ കോവാമെ പറയുന്നു. നിലവില്‍ രാജ്യത്തെ നഗരങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുന്ന തുകയുടെ 75 ശതമാനവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണ് നല്‍കുന്നത്. 15 ശതമാനം അതത് മേഖലകളിലെ കോര്‍പറേഷനുകളുടെ വരുമാനത്തില്‍ നിന്നാണ്. വെറും 5 ശതമാനത്തോളം നിക്ഷേപമാണ് സ്വകാര്യ മേഖലയില്‍ നിന്ന് വരുന്നത്.

2011-18 കാലയളവില്‍ ഇന്ത്യന്‍ നഗരങ്ങളിലെ വസ്തു നികുതി (Property tax) ജിഡിപിയുടെ 0.15 ശതമാനം മാത്രമായിരുന്നു. താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ ജിഡിപിയുടെ 0.3-0.6 ശതമാനം എന്ന തോതില്‍ നികുതി ഈടാക്കുമ്പോഴാണ് ഇന്ത്യയിലെ താഴ്ന്ന നിരക്ക്. കുറഞ്ഞ നികുതി നിരക്ക് പ്രദേശിക ഭരണ സംവിധാനത്തിന്റെ സാമ്പത്തിക ശേഷിയെയും സ്വകാര്യ മേഖലയില്‍ നിന്ന് ഫണ്ട് കണ്ടെത്താനുള്ള കഴിവിനെയും ബാധിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ ഫണ്ടിംഗിന്റെ കാര്യത്തില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിലൂടെ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടിന്റെ രചയിതാക്കളില്‍ ഒരാളായ റോളണ്ട് വൈറ്റ് പറയുന്നത്. സ്വാകാര്യ ധനസഹായത്തിനായി പ്രദേശിക, സംസ്ഥാന, കേന്ദ്ര ഏജന്‍സികള്‍ക്ക് സ്വീകരിക്കാവുന്ന നിരവധി നടപടികളും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it