ജിഡിപി വളര്‍ച്ച:ബംഗ്ലാദേശിനും പാക്കിസ്ഥാനും പിന്നില്‍ 11ാം സ്ഥാനത്താകും ഇന്ത്യ

ജിഡിപി വളര്‍ച്ചയുടെ കാര്യത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷം ഏഷ്യന്‍ രാജ്യങ്ങളില്‍ 11 ാം സ്ഥാനത്ത് ആകും ഇന്ത്യയെന്ന് ഐഎംഎഫ്. ചൈനയുടെ വളര്‍ച്ച മൂന്നാം പാദത്തില്‍ 4.9 ശതമാനം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് മറ്റു ഏഷ്യന്‍ രാജ്യങ്ങളുടെ ജിഡിപി വളര്‍ച്ചയും സാമ്പത്തിക ശാസ്ത്രജ്ഞര്‍ പ്രവചിച്ചത്. കോവിഡിന് മുമ്പുള്ള സ്ഥിതിയിലേക്ക് സാമ്പത്തിക വളര്‍ച്ച എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും മോശം അവസ്ഥയില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയായിരിക്കുമെന്നും ചൈനയും ബംഗ്ലാദേശുമാകും വീണ്ടെടുപ്പില്‍ ഏഷ്യന്‍ മേഖലയെ നയിക്കുകയെന്നും ഐഎംഎഫ് വിലയിരുത്തുന്നു. ഈ വര്‍ഷം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച 10.3 ശതമാനം കുറയുമെന്നാണ് കണക്കാക്കുന്നത്. ബംഗ്‌ളാദേശ് (3.8 ശതമാനം), ചൈന (1.9 ശതമാനം), വിയറ്റ്‌നാം (1.6 ശതമാനം) എന്നീ രാജ്യങ്ങളുടെ ജിഡിപി വര്‍ധിക്കുമ്പോള്‍ നേപ്പാളിന്റെ ജിഡിപി മാറ്റമില്ലാതെ തുടരും. പാകിസ്ഥാന്‍ (0.4 ശതമാനം), ഇന്തോനേഷ്യ (1.5 ശതമാനം), ശ്രീലങ്ക (4.6 ശതമാനം), അഫ്ഗാനിസ്ഥാന്‍ (5 ശതമാനം), മലേഷ്യ (6 ശതമാനം), തായ്‌ലന്‍ഡ് (7.1 ശതമാനം) എന്നിവയുടേത് കുറയും. ഈ രാജ്യങ്ങളില്‍ ഏറ്റവും വലിയ തിരിച്ചടി നേരിടുക ഇന്ത്യയുടെ സമ്പദ് രംഗത്തിനാവും.

ഡാറ്റ കളവ് പറയില്ലെന്നും തെറ്റ് സമ്മതിച്ച് തിരുത്താനുള്ള നടപടികള്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്നും കേന്ദ്ര ധനകാര്യ വകുപ്പിന്റെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൗശിക് ബസു ട്വീറ്റ് ചെയ്യുന്നു. സാമ്പത്തിക വളര്‍ച്ചാ നിരക്ക് കാട്ടുന്ന ഐഎംഎഫിന്റെ കണക്കുകള്‍ ഉദ്ധരിച്ചാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. ഏതാനും വര്‍ഷം മുമ്പ് വരെ ഇന്ത്യയുടെ സ്ഥിതി ഇതാവുമെന്ന് ചിന്തിക്കാന്‍ പോലും കഴിയില്ലായിരുന്നു. കോവിഡ് മാത്രമല്ല സാമ്പത്തിക പ്രതിസന്ധിയുടെ കാരണമെന്നും കൗശിക് ബസു പറയുന്നു.

എന്നിരുന്നാലും ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായ ഇന്ത്യ2021 ഓടെ 8.8 ശതമാനം വളര്‍ച്ചാ നിരക്കിലേക്ക് എത്താനും 8.2 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്ന ചൈനയെ പിന്നിലാക്കി ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന സ്ഥാനം തിരിച്ചുപിടിക്കാനും ഉള്ള സാധ്യതയും ഐഎംഎഫ് തള്ളിക്കളയുന്നില്ല.

അതേസമയം, കോവിഡിനെ ഇപ്പോള്‍ വേണ്ടത്ര ഗൗരവത്തോടെ ആളുകള്‍ കാണുന്നില്ല എന്നതും പ്രശ്‌നമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രോഗവ്യാപനം കാര്യമാക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപനം കൂടാന്‍ കാരണമാകും. അത് സ്ഥിതി വീണ്ടും വഷളാക്കുമെന്നും ആശങ്കയുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Related Articles
Next Story
Videos
Share it