തീരുവ കുറയ്ക്കലിനായുള്ള ഇന്ത്യ-യു.എസ് ചര്‍ച്ചയില്‍ പ്രതീക്ഷ: പീയൂഷ് ഗോയല്‍
ഇറക്കുമതി തീരുവ ഉള്‍പ്പെടെ ചില പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഇന്ത്യയും യു.എസും ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും അനുകൂല തീരുമാനങ്ങള്‍ എത്രയും നേരത്തെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍. ഇരുരാജ്യങ്ങളും എന്തെങ്കിലും വ്യാപാര കരാര്‍ പ്രഖ്യാപിക്കുമോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കാണുമ്പോള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബര്‍ 21 മുതല്‍ 27 വരെയാണ് മോദി യുഎസ് സന്ദര്‍ശിക്കുന്നത്. അദ്ദേഹം യുഎന്‍ പൊതുസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഈ ആഴ്ച അവസാനം ഇന്ത്യന്‍ അമേരിക്കക്കാര്‍ക്കായുള്ള മോദിയുടെ ഹ്യൂസ്റ്റണ്‍ റാലിയില്‍ പ്രസിഡന്റ് ട്രംപ് പങ്കെടുക്കുന്നുണ്ട്.
നിര്‍ദ്ദിഷ്ട പ്രാദേശിക സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആര്‍സിഇപി) കരാറിലെ മറ്റ് അംഗങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്ത്യ കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചതായി ഗോയല്‍ പറഞ്ഞു. കരാറുമായി ബന്ധപ്പെട്ട് ചില നിര്‍ദേശങ്ങള്‍ ഇന്ത്യ മുന്നോട്ട് വച്ചിട്ടുണ്ട്.
ഏതെങ്കിലും ഉല്‍പ്പന്നത്തിന്റെ ഇറക്കുമതി അധികമാകുന്നതിലൂടെ ആഭ്യന്തര വ്യവസായത്തിനു ഹാനി വരുന്നപക്ഷം പെട്ടെന്ന് പരിഹാര മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ സാധ്യമാകണം - അദ്ദേഹം അഭിപ്രായപ്പെട്ടു.