ഇന്ത്യക്കാർക്ക് ബ്രിട്ടനോട് പ്രിയമേറുന്നു!

കഴിഞ്ഞ വർഷം യുകെയിൽ നിന്ന് ഏറ്റവുമധികം വിസ നേടിയവരിൽ ഒന്നാംസ്ഥാനത്ത് ഇന്ത്യൻ പ്രൊഫഷണലുകളും വിദ്യാർത്ഥികളും. യുകെ ഹോം ഓഫീസ് പുറത്തുവിട്ട കണക്ക് പ്രകാരം ടിയർ-2 സ്‌കിൽഡ് വിസ വിഭാഗത്തിൽ 54 ശതമാനം ഇന്ത്യക്കാരാണ്.

ഇതിൽ ഡോക്ടർമാരും എഞ്ചിനീയർമാരുമാണ് അധികവും. വിസ നേടിയവരുടെ എണ്ണത്തിൽ ഏറ്റവുമധികം വളർച്ച രേഖപ്പെടുത്തിയിരിക്കുന്നതും ഇന്ത്യയാണ്. കഴിഞ്ഞ വർഷത്തേക്കാൾ 3,023 വർക്ക് വിസകൾ അധികം നേടി 6 ശതമാനം വാർഷിക വളർച്ചയാണുണ്ടായിരിക്കുന്നത്.

സ്റ്റുഡന്റ് വിസ കാറ്റഗറിയിൽ കഴിഞ്ഞ വർഷത്തേക്കാൾ 35 വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 19,505 വിദ്യാർത്ഥികളാണ് കഴിഞ്ഞ വർഷം വിസ നേടിയത്. എന്നാൽ സ്റ്റുഡന്റ് കാറ്റഗറി മാത്രം പരിഗണിച്ചാൽ ചൈനയ്ക്കാണ് ആധിപത്യം. 99,723 വിദ്യാർത്ഥികളാണ് ചൈനയിൽ നിന്ന് യുകെ സ്റ്റുഡന്റ് വിസ നേടിയത്. എന്നാൽ വളർച്ചാ നിരക്ക് 13 ശതമാനം മാത്രമാണ്. ടൂറിസ്റ്റ് വിസയുടെ കാര്യത്തിലും ചൈനയാണ് മുന്നിൽ.

യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം 2004-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ്. തൊട്ടു മുൻപത്തെ വർഷത്തേക്കാൾ ഏകദേശം 261,000 അധികം ആളുകൾ ഈ രാജ്യങ്ങളിൽ നിന്ന് യുകെയിൽ എത്തി.

അതേസമയം, ബ്രെക്സിറ്റിനുള്ള മാർച്ച് 29 ഡെഡ്ലൈൻ അടുത്തതോടെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള ഇമിഗ്രേഷൻ ഗണ്യമായി കുറഞ്ഞു. ഇത് 2009-ലെ നിരക്കിലേക്ക് താഴ്ന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it