ചൈനയ്ക്കു പൂട്ടിടുമോ? സ്റ്റാര്‍പ്പുകള്‍ക്ക് ആശങ്ക

ചൈന-ഇന്ത്യ സംഘര്‍ഷം മൂര്‍ച്ഛിക്കുമ്പോള്‍ ഒട്ടേറെ ഇന്ത്യന്‍ സ്റ്റാര്‍പ്പുകള്‍ക്കു മേല്‍ ആശങ്ക നിറയുന്നു. ചൈനയില്‍ നിന്ന് വരുന്ന നിക്ഷേപങ്ങളുടെ സൂക്ഷ്മപരിശോധനയ്ക്ക് ഇന്ത്യ തയ്യാറെടുക്കുന്നതാണ് കാരണം. പേടിഎം, ഓല, ബിഗ് ബാസ്‌ക്കറ്റ്, ബൈജൂസ്, ഡ്രീം 11, മെയ്ക്ക് മൈട്രിപ്പ്, സ്വിഗ്ഗി തുടങ്ങിയവയിലെ പുതിയ നിക്ഷേപങ്ങളില്‍ ഇത് വലിയ സ്വാധീനം ചെലുത്തുമെന്ന് വിദഗ്ധരും വ്യവസായ മേഖലയിലെ വ്യക്തികളും അഭിപ്രായപ്പെടുന്നു. അലിബാബ, ടെന്‍സെന്റ്, ഷവോമി തുടങ്ങിയവയുടെ നിക്ഷേപം സ്വീകരിക്കുകയും അധിക നിക്ഷേപത്തിന് ഉറ്റുനോക്കുകയും ചെയ്യുന്ന ഇന്ത്യന്‍ സംരംഭങ്ങള്‍ നിരവധിയാണ്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ നേരിടുന്ന സാമ്പത്തിക ഞെരുക്കം മുതലെടുത്ത് ഓഹരികള്‍ ചുളുവിലയ്ക്ക് വാങ്ങിക്കൂട്ടാനുള്ള ചൈനീസ് തന്ത്രങ്ങള്‍ക്ക് പൂട്ടിടാന്‍ നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാര്‍ നീക്കമാരംഭിച്ചിരുന്നു. ചൈന ഉള്‍പ്പെടെ എല്ലാ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകരും ഇന്ത്യയില്‍ നേരിട്ടോ (എഫ്.ഡി.ഐ) അല്ലാതെയോ നിക്ഷേപിക്കാന്‍ മുന്‍കൂര്‍ അനുമതി തേടണമെന്ന നിബന്ധന വന്നു. നേരത്തേ ബംഗ്‌ളാദേശിനും പാകിസ്ഥാനും മാത്രമായിരുന്നു വിലക്ക്.

മുംബൈ ആസ്ഥാനമായുള്ള മുന്‍നിര ഭവന വായ്പാ കമ്പനിയായ എച്ച്.ഡി.എഫ്.സിയിലെ ഓഹരി പങ്കാളിത്തം ചൈനീസ് കേന്ദ്രബാങ്കായ പീപ്പിള്‍സ് ബാങ്ക് ഒഫ് ചൈന 1.01 ശതമാനമായി ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം എഫ്.ഡി.ഐ നയം തിരുത്തിയത്.പത്തു ശതമാനമോ അതിലധികമോ ഓഹരികളില്‍ നിക്ഷേപിക്കുമ്പോഴാണ് പുതിയ ചട്ടം ബാധകം. ഇന്ത്യയിലെ 30 യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളില്‍ 18ലും ചൈനീസ് നിക്ഷേപമുണ്ട്. ഇത് ഏകദേശം 400 കോടി ഡോളര്‍ (31,000 കോടി രൂപ) വരും.

അസേസമയം, പുതിയ സംഭവ വികാസങ്ങള്‍ക്കിടയിലും ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണ് ചൈനീസ് വാഹന ഭീമനായ ഗ്രേറ്റ് വാള്‍ മോട്ടോര്‍സ്. മൂവായിരത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്ന പദ്ധതിക്കായി മഹാരാഷ്ട്ര സര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചതായി ചൈന ആസ്ഥാനമായുള്ള നിര്‍മ്മാതാക്കള്‍ അറിയിച്ചു. മഹാരാഷ്ട്രയില്‍ അത്യാധുനിക ഓട്ടോമോട്ടീവ് നിര്‍മാണ കേന്ദ്രത്തിനായുള്ള നിക്ഷേപം ബ്രാന്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്ലാന്റില്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുമെന്നു കമ്പനി അറിയിച്ചു. കൂടാതെ ബെംഗളൂരുവിലെ ഗ്രേറ്റ് വാള്‍ മോട്ടോര്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് യൂണിറ്റില്‍ മൂവായിരത്തിലധികം ആളുകള്‍ക്ക് ഘട്ടംഘട്ടമായി തൊഴില്‍ നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു.

ഇതിനിടെ, ചൈനയുടെ ചോരക്കളിയെത്തുടര്‍ന്ന് ബഹിഷ്‌കരിക്കേണ്ട 500 ലധികം 'മെയ്ഡ് ഇന്‍ ചൈന' ഉല്‍പ്പന്നങ്ങളുടെ പട്ടിക കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (സിഐടി) പുറത്തിറക്കി. ചൈനയുടെ മനോഭാവം ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നു വ്യാപാരികളുടെ സംഘടന ചൂണ്ടിക്കാട്ടി. കളിപ്പാട്ടങ്ങള്‍, തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, ദൈനംദിന ഉപയോഗ വസ്തുക്കള്‍, അടുക്കള ഇനങ്ങള്‍, ഫര്‍ണിച്ചര്‍, ഹാര്‍ഡ്‌വെയര്‍, പാദരക്ഷകള്‍, ഹാന്‍ഡ്ബാഗുകള്‍, ലഗേജ്, ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, വാച്ചുകള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍, സ്റ്റേഷനറി, പേപ്പര്‍, വീട്ടുപകരണങ്ങള്‍, ആരോഗ്യ ഉല്‍പ്പന്നങ്ങള്‍, ഓട്ടോ പാര്‍ട്സ് എന്നിവ പട്ടികയിലെ ഉല്‍പ്പന്നങ്ങളില്‍ ഉള്‍പ്പെടുന്നു. 'ഇന്ത്യയുടെ ഉത്പന്നങ്ങള്‍ - നമ്മുടെ അഭിമാനം' എന്ന പേരിലാണ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍, 2021 ഡിസംബറോടെ ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ 13 ബില്യണ്‍ ഡോളറിന്റെ (ഏകദേശം ഒരു ലക്ഷം കോടി രൂപ) കുറവുണ്ടാക്കാനാണ് ലക്ഷ്യം. നിലവില്‍ ചൈനയില്‍ നിന്നുള്ള വാര്‍ഷിക ഇറക്കുമതി 5.25 ലക്ഷം കോടി രൂപയാണ്.

ആദ്യ ഘട്ടത്തില്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന ഉല്‍പ്പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെങ്കിലും ഇറക്കുമതി ചെയ്യുമ്പോള്‍ വില നിര്‍ണ്ണായക ഘടകമാണ്. ഈ വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ പ്രത്യേക സാങ്കേതികവിദ്യ ആവശ്യമില്ല. ഈ ചരക്കുകള്‍ ഇന്ത്യയില്‍ എളുപ്പത്തില്‍ നിര്‍മ്മിക്കാനും ചൈനീസ് ഇറക്കുമതിക്ക് പകരം വയ്ക്കാനും കഴിയും. ചരക്കുകള്‍ക്കായി ഇന്ത്യ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്ന് സിഐടി ദേശീയ പ്രസിഡന്റ് ബി.സി ഭാരതിയയും ദേശീയ ജനറല്‍ സെക്രട്ടറി പ്രവീണ്‍ ഖണ്ടേല്‍വാളും വ്യക്തമാക്കി.കോവിഡ് ഉത്തേജക സാമ്പത്തിക പാക്കേജില്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് നല്‍കിയ പ്രത്യേക ഊന്നലും ബോയ്ക്കോട്ട് ചൈന പദ്ധതിയുമായി ചേര്‍ത്ത് മനസിലാക്കേണ്ടതുണ്ട്.

പ്രത്യേക സാങ്കേതികവിദ്യ ആവശ്യമുള്ള സാധനങ്ങള്‍ ഇപ്പോള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഭാരതിയയും ഖണ്ടേല്‍വാളും വ്യക്തമാക്കി. 'നിലവില്‍, ഇത്തരം ഇനങ്ങള്‍ ബഹിഷ്‌കരണത്തിന്റെ പരിധിയില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്. കാരണം ഇത്തരത്തിലുള്ള സാങ്കേതികവിദ്യയുടെ ബദല്‍ ഇന്ത്യയില്‍ വികസിപ്പിക്കുകയോ അല്ലെങ്കില്‍ ഏതെങ്കിലും സൗഹൃദ രാഷ്ട്രങ്ങള്‍ നിര്‍മ്മിക്കുകയോ ചെയ്യുന്നതുവരെ, മറ്റ് മാര്‍ഗങ്ങളില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. ചെറുകിട വ്യവസായങ്ങള്‍, സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവ വഴി ഉത്പാദനം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പിന്തുണയും സഹായവും നല്‍കുന്നതിന് വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലിനെ ഇക്കാര്യം അറിയിക്കുമെന്നും സംഘടന വ്യക്തമാക്കി.

സര്‍ക്കാര്‍ ടെലികോം സംരംഭങ്ങള്‍ക്ക് ടെലികോം ഉപകരണങ്ങള്‍ നല്‍കുന്നതില്‍ നിന്ന് ചൈനീസ് കമ്പനികളെ വിലക്കാനും ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാര്‍ ഹുവാവേ, ഇസഡ്ടിഇ തുടങ്ങിയ കമ്പനികള്‍ വിതരണം ചെയ്യുന്ന ഗിയര്‍ ഉപയോഗിക്കുന്നതും വിലക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചൈനീസ് കമ്പനിയുമായി 417 കോടി രൂപയുടെ കരാര്‍ ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കി.

തങ്ങളുടെ ഉത്പാദന മേഖലയ്ക്കുവേണ്ട അസംസ്‌കൃതവസ്തുക്കള്‍ ലക്ഷ്യമാക്കുന്നതിനുമപ്പുറം ഇന്ത്യയില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ക്കുള്ള വന്‍ വിപണിയും ചൈനയുടെ ചിരകാല ആകര്‍ഷണമായിരിക്കവേയാണ് നാടകീയമായി സംഘര്‍ഷം തീവ്രമായത്. ഇന്ത്യയിലെ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് വിപണിയുടെ 50 ശതമാനമാണ് ചൈനീസ് കമ്പനികള്‍ കയ്യടക്കിയിട്ടുള്ളത്. ഷവോമി ആധിപത്യം തുടരുന്നു. റിയല്‍മി, വിവോ, ഓപ്പോ എന്നിവയുമുണ്ട് പിന്നില്‍. ധാരാളം ചൈനീസ് കമ്പനികള്‍ ഊര്‍ജം, നിര്‍മാണം, അടിസ്ഥാന സൗകര്യമേഖലകള്‍ എന്നിവയിലൊക്കെ കരാറുകള്‍ നേടി ഇവിടെ വേരുറപ്പിച്ചുവരുന്നു. ഐ.ടി., ഇലക്ട്രോണിക്‌സ് മേഖലയില്‍ വാവേയ് കോര്‍പ്പറേഷന്‍ പോലുള്ള വന്‍കിട കമ്പനികള്‍ക്കും ഇന്ത്യയില്‍ ശക്തമായ സാന്നിധ്യമുണ്ട്.

ചൈന ആഗോളനിര്‍മാണ ഹബ്ബായി വളര്‍ന്നപ്പോള്‍ തങ്ങളുടെ ആഗോള സാന്നിധ്യം ഉറപ്പിക്കാന്‍ സഹായകമാകുന്ന സാഹചര്യങ്ങള്‍ മുതലെടുത്ത് അവിടെ ചുവടുറപ്പിക്കാന്‍ പല ഇന്ത്യന്‍ കമ്പനികളും തയ്യാറായി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ സണ്‍സ്, മഹീന്ദ്ര ആന്‍ഡ് ആംപ്, മഹീന്ദ്ര, ടി.സി.എസ്., ഡോ. റെഡ്ഡീസ് ലബോറട്ടറീസ് എന്നീ ഇന്ത്യന്‍ കമ്പനികളൊക്കെ ചൈനയിലുണ്ട്. വിവിധ ചൈനീസ് സര്‍വകലാശാലകളിലായി നിലവില്‍ 18,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നു.അതേസമയം, ഇന്ത്യയില്‍ പഠിക്കുന്ന ചൈനീസ് വിദ്യാര്‍ഥികളുടെ എണ്ണം കുറവാണ്.

ചൈന ലോക വ്യാപാര സംഘടനയില്‍ (ഡബ്ലിയുടിഒ) 2001ല്‍ അംഗമായതിനു ശേഷമാണ് ഇന്ത്യ ചൈന വ്യാപാരം വികസിക്കാന്‍ തുടങ്ങിയത്. 2003- 04 കാലത്ത് ചൈനയില്‍ നിന്നുള്ള ഇറക്കുമതി 410 കോടി ഡോളറിന്റേതും കയറ്റുമതി 300 കോടി ഡോളറിന്റേതുമായിരുന്നു. 2017 - 18 ല്‍ ഇറക്കുമതി 7600 കോടി ഡോളറിലെത്തി. അതേസമയം, കയറ്റുമതി 2012- 13 ല്‍ 1800 കോടി ഡോളര്‍ ആയിരുന്നത് 1300 കോടി ഡോളറായി ചുരുങ്ങി. കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍ ഇറക്കുമതി 6500 കോടി ഡോളറായി താഴുകയും കയറ്റുമതി 1600 കോടി ഡോളറിലേക്ക് ഉയരുകയും ചെയ്തു.2019 ലെ ലോകബാങ്ക് കണക്ക് കാണിക്കുന്നത് ഇന്ത്യയുടെ ചൈനയിലേക്കുള്ള കയറ്റുമതിയുടെ 72 ശതമാനവും അസംസ്‌കൃത വസ്തുക്കളോ അസംസ്‌കൃത ഉല്‍പന്നങ്ങളോ ആണെന്നും ഇറക്കുമതിയില്‍ മൂന്നില്‍ രണ്ടും ഉപഭോക്തൃ സാധനങ്ങളോ അടിസ്ഥാന യന്ത്രോപകരണങ്ങളോ ആണെന്നുമാണ്.

ചൈനയില്‍ നിന്നുള്ള ഇറക്കുമതിയിലെ 2 പ്രധാന ഘടകങ്ങള്‍ ഇലക്ട്രോണിക് ഉപകരണങ്ങളും ഭാഗങ്ങളും, മരുന്നുനിര്‍മാണ ഘടകങ്ങളുമാണ്. അതിനാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ചില നിര്‍ണായക മേഖലകള്‍ ചൈനയെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. 201718 ല്‍ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് രംഗത്ത് ഇന്ത്യയുടെ ആവശ്യത്തിന്റെ 60 ശതമാനവും മരുന്നുനിര്‍മാണമേഖലയുടെ 69 ശതമാനവും നിറവേറ്റിയത് ചൈനയാണ്. ഇന്ത്യക്ക് പല പ്രധാന മരുന്നുകളുടെയും നിര്‍മാണ ഘടകങ്ങള്‍ക്ക് ചൈനയെ അതിരുകടന്ന് ആശ്രയിക്കേണ്ടി വരുന്നു.

നിക്ഷേപവും തൊഴിലവസരങ്ങളും വളര്‍ച്ചയും മുന്നില്‍ കണ്ടുള്ള സംയുക്ത സഹകരണം മുന്നോട്ടുവെക്കുന്ന അവസരങ്ങള്‍ക്കു മുന്നില്‍ 1962 ലെ യുദ്ധ സാഹചര്യം അപ്രസക്തമായി മാറുന്നു. അതിശക്തമായ സാമ്പത്തിക ഘടകങ്ങള്‍ വിളിപ്പാടകലെയുള്ളതാണു കാരണമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടന്നു. ഹിമാലയനിരകളിലെ അതിര്‍ത്തിത്തര്‍ക്കം ഉരുകിത്തീരാതെ ഘനീഭൂതമായി നിന്നേക്കാമെങ്കിലും നിലവിലെ പദ്ധതികള്‍ക്കും വ്യവസായങ്ങള്‍ക്കും പ്രതിസന്ധി സൃഷ്ടിക്കുന്ന നീക്കങ്ങളുണ്ടാകുന്നത് എന്തു വിലകൊടുത്തും തടയാന്‍ ഡല്‍ഹിയും ബെയ്ജിങ്ങും തയ്യാറാകുമെന്നാണ് വിലയിരുത്തല്‍. കോര്‍പ്പറേറ്റുകള്‍ക്ക് ഇരു രാജ്യങ്ങളുടെയും അധികാര കേന്ദ്രങ്ങളിലുള്ള സ്വാധീനം അത്ര വലുതാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it