ദുബൈയില്‍ വീട് വാങ്ങാന്‍ ഇന്ത്യക്കാര്‍ ചെലവിട്ടത് 35,500 കോടി രൂപ!

ഇന്ത്യന്‍ പ്രവാസികളുടെ പറുദീസയെന്ന് അറിയപ്പെടുന്ന ദുബൈയില്‍ സ്വന്തമായി വീട് വാങ്ങിക്കൂട്ടുന്നവരുടെ എണ്ണം കൂടുന്നു. ദുബൈയില്‍ ഏറ്റവുമധികം വീട് വാങ്ങുന്നവരും ഇന്ത്യക്കാരാണെന്ന് ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞവര്‍ഷം ഇന്ത്യക്കാര്‍ ഇതിനായി ചെലവിട്ടത് 35,500 കോടി രൂപയാണ്. 2021 മായി നോക്കുമ്പോള്‍ തുകയില്‍ ഇരട്ടിയിലധികം വര്‍ധനയുണ്ട്. മാത്രമല്ല ദുബൈയില്‍ വീടു വാങ്ങിയ വിദേശ രാജ്യക്കാരില്‍ 40 ശതമാനവും ഇന്ത്യക്കാരാണ്. ശരാശരി 3.6 കോടി രൂപ മുതല്‍ 3.8 കോടി രൂപ വരെയാണ് ഇന്ത്യക്കാര്‍ ദുബൈയില്‍ വീട് വാങ്ങാന്‍ ചെലവിട്ടത്.

മലയാളികളും പിന്നിലല്ല

'ഡല്‍ഹി, എന്‍.സി.ആര്‍ (National Capital Region), അഹമ്മദാബ്ദ്, സുറത്ത്, ഹൈദരാബാദ്, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് വീടു വാങ്ങുന്നവരില്‍ മുന്നില്‍. എണ്ണത്തില്‍ കുറവാണെങ്കിലും കേരളത്തില്‍ നിന്നുള്ളവരും വീട് സ്വന്തമാക്കിയവരില്‍ ഉള്‍പ്പെടുന്നുവെന്ന് അടുത്തിടെ പ്രമുഖ രാഷ്ട്രീയ-സാമൂഹ്യ നിരീക്ഷകനായ മുരളി തുമ്മാരുകുടി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു.

''ദുബൈയില്‍ ഇപ്പോഴുള്ള, സാമ്പത്തികമായി നല്ല നിലയിലുള്ള വലിയ ശതമാനം മലയാളികളുടെയും പദ്ധതി ദുബൈയില്‍ ഒരു വീട് വാങ്ങുക, കുട്ടികളെ വിദേശത്തേക്ക് പഠിക്കാന്‍ വിടുക എന്നതാണ്. കുട്ടികള്‍ അവിടെ സെറ്റില്‍ ചെയ്‌തോളും, പറ്റിയാല്‍ അവരെ പിന്തുടരുക, ഇല്ലെങ്കില്‍ ദുബൈയില്‍ തുടരുക എന്നതാണ് നയം.'' മുരളി തുമ്മാരുകുടി പറയുന്നു.

വന്‍കിട ബിസിനസുകാര്‍ മാത്രമല്ല ഉയര്‍ന്ന ശമ്പളമുള്ള പ്രൊഫഷണലുകളും വീടു വാങ്ങുന്നുണ്ട്. നാട്ടിലേതുപോലെ തന്നെ വീടു വാങ്ങാനുള്ള സൗകര്യം ഇവിടെ ലഭിക്കുന്നതാണ് പലരേയും വീട് വാങ്ങാന്‍ പ്രേരിപ്പിക്കുന്നതെന്ന് കഴിഞ്ഞ 25 വര്‍ഷമായി ദുബൈയില്‍ ജോലി ചെയ്യുന്ന ഒരു മലയാളി പ്രൊഫഷണല്‍ പറഞ്ഞു. താമസിക്കാനായി മാത്രമല്ല വാടകയ്ക്ക് കൊടുക്കാനും വീട് വാങ്ങുന്നവരുണ്ട്. നല്ല മൂല്യ വര്‍ധന ലഭിക്കുന്നതുകൊണ്ടു തന്നെ ദുബൈയില്‍ വീടുവാങ്ങുന്നത് ഒരു നിക്ഷേപമായി പലരും കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്തുകൊണ്ട് ദുബൈ?

മുന്‍പ് ദുബൈയില്‍ ഇന്ത്യക്കാര്‍ക്ക് വീട് വാങ്ങാന്‍ സാധിക്കില്ലായിരുന്നു. പാശ്ചാത്യ രാജ്യങ്ങളിലേത് പോലെ ഏറെ നാള്‍ താമസിച്ചാലും പൗരത്വം കിട്ടാത്തത് കൊണ്ട് അവിടെ സ്ഥിരമായി താമസിക്കാമെന്ന ചിന്ത ഇന്ത്യക്കാര്‍ക്കുണ്ടായിരുന്നില്ല. എന്നാല്‍ യു.എ.ഇ.യില്‍ പലയിടത്തും ഇപ്പോള്‍ ഇന്ത്യക്കാര്‍ക്ക് വീട് വാങ്ങാം. വീടുള്ളവര്‍ക്ക് അവിടെ ദീര്‍ഘകാലം താമസിക്കുകയും ചെയ്യാം. വിദേശരാജ്യക്കാര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളോടെ യു.എ.ഇയില്‍ ദീര്‍ഘകാലം ജീവിക്കാനും ജോലി ചെയ്യാനും പഠിക്കാനും അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ പദ്ധതി 2022 ല്‍ വിപുലമാക്കിയതും
ദുബൈ
യിലേക്ക് ഇന്ത്യക്കാരെ കൂടുതലായി ആകര്‍ഷിക്കുന്നുണ്ട്.
കേരളത്തില്‍ സ്ഥലവില കുറയും
കേരളത്തിന്റെ റിയല്‍ എസ്റ്റേറ്റ്‌മേഖല മുഖ്യമായും നിലനില്‍ക്കുന്നത് പ്രവാസി മലയാളികളെ ആശ്രയിച്ചാണ്. പലരും തങ്ങളുടെ സമ്പാദ്യം സുരക്ഷിത നിക്ഷേപമെന്നനിലയിലും ദീര്‍ഘകാല നേട്ടം എന്ന രീതിയിലും ഭൂമിയിലും ഫ്‌ളാറ്റ്, വീട് പോലുള്ള മാര്‍ഗങ്ങളിലുമാണ് നീക്കി വയ്ക്കുന്നത്. ദുബൈയിയില്‍ വീട് വാങ്ങാന്‍ അവസരമുണ്ടാകുന്നതോടെ കൂടുതല്‍ പേര്‍ അവിടെ നിക്ഷേപിക്കാന്‍ താത്പര്യപ്പെടുന്നത് നാട്ടില്‍ ഭൂമിയുടെ വില കുറയ്ക്കാനിടയാക്കുമെന്നാണ് വിലയിരുത്തുന്നത്.
''കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ പണം അയക്കുന്ന പ്രദേശങ്ങളില്‍ ഒന്നാണ് യു.എ.ഇ. അവിടെ നിന്നും വരുന്ന പണത്തിലാണ് കുറവ് വരുന്നത്. ദുബായില്‍ വീട് വാങ്ങാന്‍ സാധിക്കും എന്ന് വരുമ്പോള്‍ നാട്ടില്‍ സ്ഥലവും വീടും സ്ഥലം വാങ്ങില്ലെന്നു മാത്രമല്ല നാട്ടില്‍ ഇപ്പോഴുള്ള വീടും സ്ഥലവും വിറ്റ് ആ പണം ദുബൈയില്‍ വീട് വാങ്ങാന്‍ കൊണ്ടുപോകുകയും ചെയ്യും. ഇപ്പോള്‍ തന്നെ പലരും അങ്ങനെ ചെയ്യുന്നുണ്ട്. '' മുരളി തുമ്മാരുകുടി പറയുന്നു.
യു.എ.ഇ. മാത്രമല്ല മറ്റു ഗള്‍ഫ് രാജ്യങ്ങളിലും വിസ നിയമങ്ങളില്‍ മാറ്റങ്ങള്‍ നടക്കുന്നുണ്ട്. അപ്പോള്‍ ഗള്‍ഫില്‍ വീടു വാങ്ങുന്ന മലയാളികളുടെ എണ്ണം ഇനിയും ഉയരും. ഇത് രാജ്യത്തേക്കുള്ള പണമൊഴുക്ക് ഇനിയും കുറയാനിടയാക്കിയേക്കാം. ഇന്ത്യയ്ക്ക് പിന്നാലെ റഷ്യ, ചൈന, പാക്കിസ്ഥാന്‍, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ദുബൈയില്‍ വീട് വാങ്ങിയിട്ടുണ്ട്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it