2022 ലെ ലയന- ഏറ്റെടുക്കല്‍ ഇടപാടുകള്‍ ഇങ്ങനെ; ഒന്നാം സ്ഥാനത്ത് എച്ച്ഡിഎഫ്സി

2022-ല്‍ 1,185 ഇടപാടുകളിലായി ഇന്ത്യയിലെ ലയന- ഏറ്റെടുക്കല്‍ (Merger and Acquisition) ഇടപാടുകള്‍ 126.09 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇതില്‍ എച്ച്ഡിഎഫ്സി ബാങ്കിന്റെയും (HDFC Bank) ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെയും (HDFC) 57 ബില്യണ്‍ ഡോളറിന്റെ ലയനമാണ് പ്രധാന പങ്ക് വഹിച്ചത്. 2021-ലെ എല്ലാ ഇടപാടുകളുടെയും ആകെ മൂല്യമായ 52.31 ബില്യണ്‍ ഡോളറിനേക്കാള്‍ ഉയര്‍ന്നതാണ് ഇത്. 2.41 മടങ്ങാണ് ഇത്തവണ ഇത് ഉയര്‍ന്നത്.

സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായുള്ള ഹോള്‍സിം ഗ്രൂപ്പിന്റെ രണ്ട് ഇന്ത്യന്‍ കമ്പനികളായ അംബുജ സിമന്റ്സ്, എസിസി എന്നിവയുടെ മുഴുവന്‍ ഓഹരികളും ഏകദേശം 10.5 ബില്യണ്‍ ഡോളറിന് അദാനി ഗ്രൂപ്പ് (Adani Group) ഏറ്റെടുത്തതാണ് മറ്റൊരു ഇടപാട്. ഇതായിരുന്നു അദാനിയുടെ എക്കാലത്തെയും വലിയ ഏറ്റെടുക്കല്‍. 3.3 ബില്യണ്‍ ഡോളറിന്റെ മൂല്യമുള്ള രണ്ട് ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ സബ്സിഡിയറികളായ എല്‍ ആന്‍ഡ് ടി ഇന്‍ഫോടെക്, മൈന്‍ഡ്ട്രീ എന്നിവയുടെ ലയനം മൂന്നാമതായി.

ബ്ലൂംബെര്‍ഗ് ഡാറ്റ പ്രകാരം സ്റ്റീല്‍ നിര്‍മ്മാതാക്കളായ ആര്‍സെലര്‍ മിത്തലിന്റെ ഘടകമായ എഎം/എന്‍എസ് ഇന്ത്യ എസ്സാര്‍ ഗ്രൂപ്പില്‍ നിന്ന് ഏകദേശം 2.4 ബില്യണ്‍ ഡോളറിന്റെ രണ്ട് തുറമുഖ ആസ്തികളും ഒരു പവര്‍ പ്ലാന്റും ഏറ്റെടുക്കുകയും, ആക്‌സിസ് ബാങ്ക് (Axis Bank) 1.6 ബില്യണ്‍ ഡോളറിന് സിറ്റി ബാങ്കിന്റെ ഇന്ത്യയിലെ ഉപഭോക്തൃ ബിസിനസ്സ് ഏറ്റെടുക്കുകയും ചെയ്തു.

ഇന്ത്യയിലെ ലയന- ഏറ്റെടുക്കല്‍ ഇടപാടുകള്‍ 2022-ല്‍ റെക്കോര്‍ഡ് ഇടപാടുകള്‍ക്ക് സാക്ഷ്യം വഹിക്കുകയും വരും വര്‍ഷങ്ങളില്‍ ഇത് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ്, ജെഎം ഫിനാന്‍ഷ്യല്‍ എംഡിയും സിഇഒയുമായ സോണിയ ദാസ്ഗുപ്ത പറഞ്ഞു. ഏറ്റെടുക്കലുകള്‍ മാത്രം പരിഗണിക്കുമ്പോള്‍ 2021-ല്‍ രേഖപ്പെടുത്തിയ 3.8 ബില്യണ്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 2022-ല്‍ ഇടപാടിന്റെ വലുപ്പം 2.8 ബില്യണ്‍ ഡോളറായി കുറഞ്ഞു. 2021 ലെ 541 ഇടപാടുകളെ അപേക്ഷിച്ച് 2022-ല്‍ 634 ഇടപാടുകള്‍ ഉണ്ടായിരുന്നു.

Related Articles

Next Story

Videos

Share it