സേവന ബിസിനസ് മേഖല വളര്‍ച്ചയിലെന്ന് റിപ്പോര്‍ട്ട്

രാജ്യത്തെ സേവന ബിസിനസ് മേഖല അതിവേഗം വളര്‍ച്ച കൈവരിക്കുന്നതായി റിപ്പോര്‍ട്ട്. നിക്കി/ ഐഎച്ച്എസ് മാര്‍ക്കിറ്റ് സര്‍വീസസ് പര്‍ച്ചേസിങ് മാനേജേഴ്സ് ഇന്‍ഡക്സ് പ്രകാരം ഈ മേഖലയിലെ വളര്‍ച്ച ഫെബ്രുവരിയില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലേക്കെത്തി.

പുതിയ ഓര്‍ഡറുകള്‍ വര്‍ദ്ധിച്ചതും കയറ്റുമതി ശക്തമായതുമാണ് രാജ്യത്തെ സേവന മേഖല ഉയര്‍ന്ന വളര്‍ച്ച കൈവരിക്കാന്‍ കാരണമായത്. ബന്ധപ്പെട്ട സൂചികയായ പിഎംഐ ഫെബ്രുവരിയില്‍ 57.5 ആയി. ജനുവരിയില്‍ 55.5 ആയിരുന്നു. പിഎംഐ ഭാഷയില്‍, 50 മാര്‍ക്ക് പരിധി സങ്കോചത്തില്‍ നിന്ന് വിപുലീകരണത്തെ അടയാളപ്പെടുത്തുന്നു.അതേസമയം പല സൂചകങ്ങളിലും വളര്‍ച്ച ഉണ്ടായിരുന്നിട്ടും, സൃഷ്ടിച്ച തൊഴിലവസരങ്ങളുടെ എണ്ണം മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

2013 ന് ശേഷം കൈവരിക്കുന്ന ഏറ്റവും വലിയ വളര്‍ച്ചയാണ് പിഎംഐയിലേത്. മാന്ദ്യത്തിനിടയിലാണ് സര്‍വീസ് മേഖല റെക്കോര്‍ഡ് വളര്‍ച്ച നേടിയത്. പുതിയ തൊഴില്‍ സാധ്യത ഈ മേഖലയില്‍ വളര്‍ന്നുവരികയും, സേവന മേഖലയിലെ ബിസിനസ് രംഗം കൂടുതല്‍ വളര്‍ച്ചയിലേക്കെത്തുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.പര്‍ച്ചേസിങ് മാനേജേഴ്സ് ഇന്‍ഡക്സ് 50 ന് താഴെയാണെങ്കില്‍ സേവന മേഖല തളര്‍ച്ചയിലാണെന്നും, 50 ന് മുകളിലാണെങ്കില്‍ വളര്‍ച്ചയിലാണെന്നുമാണ് സൂചന.

ജനുവരി മാസത്തില്‍ രാജ്യത്തെ മാനുഫാക്ചറിംഗ് മേഖലയിലെ വളര്‍ച്ച പിഎംഐ സൂചികയില്‍ ഉയര്‍ന്ന നിരക്കിലേക്കെത്തിയിരുന്നു. മാനുഫാക്ചറിംഗ് മേഖലാ പിഎംഐ സൂചിക ഡിസംബറില്‍ 53.7 ഉം, ജനുവരിയില്‍ 56.3 ആണ് രേഖപ്പെടുത്തിയത്. രാജ്യത്തെ സര്‍വീസ് മേഖലയിലെയും, മാനുഫാക്ചറിംഗ് മേഖലയിലെയും വളര്‍ച്ചയിലൂടെ മികച്ച നേട്ടം കൊയ്യാന്‍ സാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
ഉത്പ്പാദന, സേവന മേഖലയുടെ വളര്‍ച്ചയാണ് രാജ്യത്തെ സേവന മേഖയ്ക്ക് കരുത്തെന്നാണ് പൊതുവെ വിലയിരുത്തല്‍.

എന്നാല്‍ സേവന മേഖലയുടെ വളര്‍ച്ചയുടെ കാര്യത്തില്‍ ചില സംശയങ്ങളും നിലനില്‍ക്കുന്നുണ്ട്. ഈ മേഖലയിലെ വളര്‍ച്ചയില്‍ സ്ഥിരതയില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.കൊറോണ വൈറസ് വ്യാപനത്തിന്റെ തിരിച്ചടി ഈ മാസങ്ങളില്‍ സേവന മേഖലയെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ വ്യക്തത വരണമെങ്കില്‍ സമയമെടുക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it